ഉത്തരവാദിത്വമില്ലാത്ത ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തി മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും; ശബരിമല അവലോകന യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയ തച്ചങ്കരിയെ വിമർശിച്ച് കടകംപള്ളി

കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരിക്കെതിരെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ അവലോകന യോഗത്തില്‍ നിന്ന് തച്ചങ്കരി ഇറങ്ങിപ്പോയതിനാണ് വിമര്‍ശനത്തിലേയ്ക്ക് വഴിയൊരുക്കിയത്. മറ്റ് സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് മറുപടി നല്‍കാന്‍ എംഡിയില്ലേയെന്ന് മന്ത്രി ചോദിച്ചു. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍, ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരും ഇറങ്ങിപ്പോയി.
തിരക്കുള്ളവർ യോഗത്തിലേക്ക് വരേണ്ടിയിരുന്നില്ലെന്ന് മന്ത്രി പറഞ്ഞു. ഉത്തരവാദിത്വമില്ലാത്ത ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തി മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. അവലോകന യോഗത്തില്‍ ഓൺലൈൻ ബുക്കിംഗുമായി ബന്ധപ്പെട്ട് ചർച്ച തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് കെഎസ്ആര്‍ടിസി എംഡി കൂടിയായ ടോമിന്‍ ജെ. തച്ചങ്കരി ഇറങ്ങിപ്പോയത്.
യോഗത്തിലേക്ക് നേരത്തെ ദക്ഷിണേന്ത്യന്‍ ദേവസ്വം മന്ത്രിമാരെ ക്ഷണിച്ചിരുന്നെങ്കിലും മന്ത്രിമാരാരും എത്തിയിരുന്നില്ല. ഇതോടെ യോഗത്തില്‍ നിന്ന് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും വിട്ട് നിന്നിരുന്നു.
ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള യുവതികളെ പ്രവേശിപ്പിക്കാമെന്ന സുപ്രീംകോടതി വിധി നടപ്പിലാക്കാനുള്ള ഭരണഘടനാപരമായ ബാധ്യത സര്‍ക്കാരിനുണ്ടെന്നും കോടതി വിധി നടപ്പിലാക്കാന്‍ എല്ലാ സംസ്ഥാനങ്ങളുടെയും സഹകരണം തേടുന്നതായും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ശബരിമല സീസണ്‍ ആരംഭിക്കുന്നതിനു മുന്നോടിയായി ഒരുക്കങ്ങള്‍ വിലയിരുത്താന്‍ വിളിച്ചു ചേര്‍ന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം ശബരിമല ക്ഷേത്രത്തിൽ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധിയില്‍ എതിര്‍പ്പു നിലനില്‍ക്കുന്ന സാഹചര്യത്തിലായിരുന്നു യോഗം. ദർശനത്തിന് എത്തുന്നവർക്ക് ഒരു ആശങ്കയും വേണ്ടന്ന് യോഗത്തില്‍ ഡിജിപി ലോക്നാഥ് ബഹ്റ പറഞ്ഞു.
https://www.facebook.com/Malayalivartha
























