പൊലീസ് നായ എന്ന പരാമര്‍ശം ജനാധിപത്യപരം; ഒരിക്കലും അത് അവഹേളിക്കുന്ന വാക്കല്ല; ഐ.ജി മനോജ് എബ്രഹാമിനെതിരായ പൊലീസ് നായ പരാമര്‍ശത്തില്‍ വിശദീകരണവുമായി ബി.ജെ.പി വക്താവ് ബി.ഗോപാലകൃഷ്ണന്‍

ഐ.ജി മനോജ് എബ്രഹാമിനെതിരായ പൊലീസ് നായ പരാമര്‍ശത്തില്‍ വിശദീകരണവുമായി ബി.ജെ.പി വക്താവ് ബി.ഗോപാലകൃഷ്‌ണന്‍ രംഗത്ത്. പൊലീസ് നായ എന്ന പരാമര്‍ശം ജനാധിപത്യപരമാണെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഒരിക്കലും അത് അവഹേളിക്കുന്ന വാക്കല്ലെന്നും പ്രയോഗത്തിലൂടെ മനോജ് എബ്രഹാമിന്റെ സമീപനത്തെയാണ് ചൂണ്ടിക്കാട്ടിയതെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.
ശബരിമല യുവതീപ്രവേശ വിഷയത്തില്‍ എറണാകുളം റേഞ്ച് ഐ.ജി ഓഫിസിലേക്ക് ബി.ജെ.പി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് ഗോപാലകൃഷ്ണന്‍ മനോജ് ഏബ്രഹാമിനെ പൊലീസ് നായയെന്ന് വിളിച്ച് അധിക്ഷേപിച്ചത്. ഇതിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പ്രധാനമന്ത്രി ഉള്‍പ്പടെ ബി.ജെ.പി കേന്ദ്ര-സംസ്ഥാന നേതാക്കളെ സി.പി.എം മോശമായ രീതിയില്‍ അവഹേളിച്ചിട്ടുണ്ടെന്നും ഗോപാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. തനിക്കെതിരെ ചുമത്തിയ കേസ് നിലനില്‍ക്കില്ലെന്നും ഗോപാലകൃഷ്ണന്‍ അവകാശപ്പെട്ടു.
മനോജ് എബ്രഹാം അന്തസ്സില്ലാത്ത പൊലീസ് നായയാണെന്നായിരുന്നു ഗോപാലകൃഷ്ണന്റെ പരാമര്‍ശം. ശബരിമലയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത് ഐ ജി മനോജ് എബ്രഹാമാണെന്നും എന്നിട്ട് അത് ഭക്തരുടെ മേല്‍ കെട്ടി വയ്ക്കാന്‍ ശ്രമിച്ചുവെന്നും ഗോപാലകൃഷ്ണന്‍ കുറ്റപ്പെടുത്തിയിരുന്നു.
മനോജ് എബ്രഹാമിനെ വെറുതെ വിടില്ലെന്നായിരുന്നു ഗോപാലകൃഷ്ണന്റെ ഭീഷണി. ഒരു പ്രമോഷന്‍ ലഭിക്കാന്‍ കേന്ദ്ര ട്രിബ്യൂണലില്‍ പോകേണ്ടി വരുമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു. അനധികൃതമായി സംഘം ചേര്‍ന്നതിനും ഗതാഗതം തടസ്സപ്പെടുത്തിയതിനും ബിജെപി ജില്ലാ നേതാക്കളുള്‍പ്പെടെ 200 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഗോപാലകൃഷ്ണനുള്‍പ്പെടെ ഉള്ളവരെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണു പൊലീസ്.
https://www.facebook.com/Malayalivartha
























