ബി.ജെ.പി, ആര്‍.എസ്.എസിനെതിരെയുള്ള പിണറായി സര്‍ക്കാരിന്റെ പോരാട്ടത്തിനെ പരിഹസിച്ച് കെ.എം. ഷാജഹാന്‍

കുണ്ടമണ്‍കടവില്‍ സ്വാമി സന്ദീപാനന്ദഗിരിയുടെ അക്രമത്തിന് പിന്നില്‍ ബി.ജെ.പിയും ആര്‍.എസ്.എസുമാണെന്ന് ആരോപിക്കുന്നവര്‍ സമാനമായ മുന്‍ കേസുകളില്‍ ഉള്‍പ്പെട്ട പ്രതികളെ പിടിക്കാനായോ എന്ന് ചോദിച്ച് കെ.എം. ഷാജഹാന്‍.
കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ തലശ്ശേരിയില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസംഗിക്കുന്ന പൊതുയോഗത്തിന് നേരേ നാടന്‍ ബോംബേറ് നടന്നിരുന്നു. ഈ സംഭവത്തില്‍ ആറ് പ്രതികളെ തിരിച്ചറിഞ്ഞെന്നും അവര്‍ ബി.ജെ.പി പ്രവര്‍ത്തകരാണെന്നും നിയമസഭയില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ബോംബേറ് നടന്നിട്ട് 22 മാസം കഴിഞ്ഞിട്ടും ഇത് വരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
ഇതിന് സമാനമാണ് കഴിഞ്ഞ വര്‍ഷം ജൂണില്‍ കോഴിക്കോട്ടെ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസായ സി.എച്ച്. കണാരന്‍ മന്ദിരത്തിനെതിരെ ബോംബേറുണ്ടായത്. അന്നത്തെ സംഭവത്തില്‍ ജില്ലാ സെക്രട്ടറി മോഹനന്‍ മാസ്റ്ററെ വധിക്കാന്‍ ആര്‍.എസ്.എസ് നടത്തിയ ഹീനമായ ആക്രമണമാണ് നടന്നതെന്ന് സി.പി.എം വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഈ ആക്രമണ കേസിലും ഒരൊറ്റ പ്രതിയെ പോലും ഇത് വരെ പിടികൂടിയിട്ടില്ലെന്നും കെ.എം. ഷാജഹാന്‍ ചൂണ്ടിക്കാട്ടുന്നു.
കുണ്ടമണ്‍കടവിലെ സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനെതിരെ ആക്രമണം കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയാണ് നടന്നത് സന്ദീപാനന്ദഗിരിയെ ഇല്ലായ്മ ചെയ്യാനുള്ള ബി.ജെ.പി ആര്‍.എസ്.എസ് ശ്രമമായിരുന്നു ആക്രമണം എന്നായിരുന്നു പിണറായി വിജയനും സി.പി.എമ്മും ആരോപിച്ചിരുന്നത്. എന്നാല്‍ ആക്രമണം നടന്നുകഴിഞ്ഞിട്ട് ഇത് വരെ പ്രതികളെ ആരെയും പിടിക്കാനായിട്ടില്ല. ബി.ജെ.പി ആര്‍.എസ്.എസിനെതിരെയുള്ള പിണറായി സര്‍ക്കാരിന്റെ ശക്തമായ പോരാട്ടം ഇത് പോലെ അതിശക്തമായി ഭാവിയിലും തുടരും എന്ന് നമുക്ക് പ്രത്യാശിക്കാം എന്ന് കെ.എം. ഷാജഹാന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹസിക്കുന്നു.
https://www.facebook.com/Malayalivartha
























