ചരിത്രവും ഐതിഹ്യവും കെട്ടുപിണഞ്ഞ, അതിലുപരി തലമുറകളായി പകര്‍ന്നുപോരുന്ന വിശ്വാസവും അകളങ്കമായ ഭക്തിയും ആണ് ശബരിമല സന്നിധാനം.ആചാരങ്ങളും അനുഷ്ഠാനങ്ങളും ആ വിശ്വാസത്തിനു മികവേറ്റുന്നു .

കുട്ടികളില്ലാത്ത ദുഃഖം ഏറെ അലട്ടിയിരുന്നു പന്തളരാജനെ . ഒരിക്കൽ നായാട്ടിനായി പമ്പാതീരത്ത് എത്തിയപ്പോൾ ഒരു കുഞ്ഞിന്റെ കരച്ചിൽ . ശിവവിഷ്ണുമായ'യില്‍ പിറന്ന ഹരിഹരപുത്രനായിരുന്നു ആ കുഞ്ഞ് . കഴുത്തിൽ ഒരു മണികെട്ടി കൊടുത്തതിനുശേഷം അദൃശ്യരൂപത്തിൽ ശ്രീ പരമേശ്വരൻ കുഞ്ഞിന് കാവൽ നിന്നിരുന്നു.
ആ കുഞ്ഞിനെ വാരിയെടുത്ത് വാത്സല്യം കൊടുത്ത് അരുമയായി പന്തളരാജൻ വളർത്തി. കഴുത്തിൽ മണികെട്ടിയ കുഞ്ഞിനെ മണികണ്ഠൻ എന്ന് വിളിച്ചു.
വിദ്യയിലും ആയോധനകലയിലും പ്രാവീണ്യം നേടി. നാട്ടിലെ കളരികളിൽ അഭ്യസിച്ചു വില്ലാളി വീരനും യോദ്ധാവുമായി. ഏവരുടെയും ആരാധനാപാത്രമായി .ജനങ്ങൾ ആരാധനാപൂർവ്വം അയ്യപ്പൻ എന്ന് വിളിച്ചു .
ഇതിനിടെ മഹാറാണിക്ക് ഒരു ആണ്‍കുഞ്ഞ് പിറന്നു. രാജരാജന്‍ എന്ന് കുഞ്ഞിനു പേരിട്ടു. മണികണ്ഠനും രാജരാജനും കൊട്ടാരത്തില്‍ ഒരു പോലെ വളര്‍ന്നു. മൂത്തമകന്‍ എന്ന നിലയില്‍ മണികണ്ഠനെ യുവരാജാവായി അഭിഷേകം ചെയ്യാൻ രാജാവ് തീരുമാനിച്ചു.
എന്നാൽ അയ്യപ്പനെ യുവരാജാവാക്കുന്നതിൽ കൊട്ടാരം മന്ത്രിക്ക് എതിർപ്പായിരുന്നു. കാരണം മന്ത്രിയുടെ കുതന്ത്രങ്ങൾ അയ്യപ്പന് മുന്നിൽ വിലപ്പോകില്ലെന്നു മന്ത്രിക്ക് അറിയാം. അയ്യപ്പനെ എങ്ങനെയെങ്കിലും വകവരുത്തുക എന്നതായിരുന്നു മന്ത്രിയുടെ ലക്ഷ്യം. ഇതിനായി ദുഷ്ചിന്തകള്‍ പറഞ്ഞു കൊടുത്ത് റാണിയെ വശത്താക്കി. സ്വന്തം മകൻ യുവരാജാവാകാണമെന്നു ഏതൊരു അമ്മയെയും പോലെ റാണിയും ആഗ്രഹിച്ചു . മണികണ്ഠനെ ഇല്ലാതാക്കാനുള്ള തന്ത്രങ്ങള്‍ പിന്നെ അവര്‍ കൂട്ടായി ചിന്തിച്ചു. അവസാനം മണികണ്ഠനെ കാട്ടിലേക്ക് പറഞ്ഞയച്ചാൽ മൃഗങ്ങൾ കൊന്നു തിന്നുമെന്നു അവർ തീരുമാനിച്ചു
ഇതിനായി റാണി രോഗം നടിച്ചു കിടന്നു. കൊട്ടാര വൈദ്യന്മാരെ മന്ത്രി പാട്ടിലാക്കി. കൊട്ടാരം വൈദ്യൻ രാജാവിനോട് പറഞ്ഞു.. റാണിയുടെ രോഗം അതികഠിനമാണ്. ഇതിന് ഒരേ ഒരു മരുന്നേയുള്ളു.... അതിനു പുലിപ്പാല്‍ വേണം.
പുലിപ്പാല്‍ കൊണ്ടുവരുന്നവര്‍ക്ക് പകുതി രാജ്യം നല്‍കാമെന്ന് രാജാവ് വിളംബരം ചെയ്‌തെങ്കിലും പന്തളം രാജ്യത്ത് ആരും ഇതിനു മുന്നോട്ടുവന്നില്ല. അപ്പോഴാണ് മണികണ്ഠൻ വിവരമറിഞ്ഞു എത്തുന്നത്. മന്ത്രി ഒരുക്കിയ ചതിയാണിതെന്നു മനസ്സിലാക്കിയെങ്കിലും മണികണ്ഠൻ പുലിപ്പാലിനായി കാട്ടിൽ പോകാൻ തയ്യാറായി.
കാട്ടിലേക്ക് സൈന്യ സന്നാഹങ്ങളോടെ പോകാൻ രാജാവ് പറഞ്ഞെങ്കിലും മണികണ്ഠൻ സമ്മതിച്ചില്ല. പകരം തനിക്കു ഭക്ഷണത്തിനുള്ള ഇരുമുടി കെട്ടും ആയാണ് മണികണ്ഠൻ പുറപ്പെട്ടത്
പുലിപ്പാൽ തേടിപ്പോയ മണികണ്ഠനെ ഉഗ്രരൂപിണിയായി എത്തിയ മഹിഷി ആക്രമിച്ചു. ശിവനും വിഷ്ണുവിനും ചേർന്നുണ്ടായ ശിശുവില്‍നിന്നല്ലാതെ തനിക്കു മരണം സംഭവിക്കാന്‍ പാടില്ല, മാത്രമല്ല ആ ശിശു 12 വര്‍ഷം മനുഷ്യദാസനായി കഴിയുകയും വേണം'' എന്ന വരം മഹിഷി നേടിയിരുന്നു. മഹിഷിയെ വധിക്കാനായി ജന്മമെടുത്തവനാണല്ലോ അയ്യപ്പൻ. അയ്യപ്പൻ മഹിഷിയെ വധിച്ചു .എരുമ കൊല്ലി' എന്ന ആ സ്ഥലത്താണത്രെ ഇന്നത്തെ എരുമേലി. മഹിഷി കൊല്ലപ്പെട്ട ആഹ്ലാദത്തില്‍ നാട്ടുകാര്‍ തുള്ളിച്ചാടി അയ്യപ്പനെ എതിരേറ്റതിന്റെ ഓര്‍മ പുതുക്കാനാണ് ഇന്നും എരുമേലി പേട്ടതുള്ളല്‍നടന്നുവരുന്നത് .
പുലിപ്പാൽ കറന്നെടുക്കാനായി പുലിപ്പുറത്തു എഴുന്നള്ളിവന്ന മണികണ്ഠനെ യുവരാജാവായി വാഴിക്കാൻ തുനിഞ്ഞ പിതാവിനെ അദ്ദേഹം തടഞ്ഞു.മഹിഷാസുരവധം എന്ന തന്റെ അവതാരോദ്ദേശം തീർന്ന തിനാൽ തിരിച്ചുപോകാൻ സമയമായിരിക്കുകയാണ്. അതിനായി അനുവാദം തരണം എന്ന് അഭ്യർത്ഥിച്ചു.
ഹൃദയവേദനയോടെ പാണ്ഡ്യരാജൻ അതംഗീകരിച്ചു. ശബരിമലയിലെ ശാസ്താക്ഷേത്രത്തിലേക്ക് നടന്ന മണികണ്ഠനെ പന്തളരാജാവും പരിവാരങ്ങളും അനുഗമിച്ചു. ക്ഷേത്രത്തിലെത്തിയ അയ്യപ്പൻ ശാസ്താവിൽ വിലയം കൊണ്ടു . ഐതിഹ്യകഥകള്‍ ഏറെ ഉണ്ടെങ്കിലും ശബരിമലയെ സംബന്ധിച്ചു ഏറെപ്പേര്‍ വിശ്വസിച്ചുപോരുന്നത് ഈ കഥയാണ് .
മനുഷ്യനായി പിറന്നു വീരകൃത്യംകൊണ്ട് ചരിത്രപുരുഷനായും കാലപ്പഴക്കംകൊണ്ട് അവതാരപുരുഷനായും സ്ഥാനം പിടിച്ച തിളക്കമാര്‍ന്ന അയ്യപ്പകഥയാണ് വേറൊന്ന് .
പന്തളത്തുദാസന്‍ എന്നറിയപ്പെട്ടിരുന്ന അയ്യപ്പന്‍ രാജാവിന്റെ മുഖ്യ സേനാനിയായിരുന്നു.. കാട്ടില്‍നിന്നും ലഭിച്ച മണികണ്ഠനെ വില്ലാളിവീരനായി വളര്‍ത്തി,ആയോധനകലകൾ പഠിപ്പിച്ചു. പന്തളം രാജ്യം ആക്രമിക്കാന്‍ വന്ന വാവര്‍ അയ്യപ്പനുമായി ഏറ്റുമുട്ടി പരാജയപ്പെടുകയും പിന്നീട് അയ്യപ്പന്റെ ഉറ്റ സുഹൃത്താവുകയും ചെയ്തു.വാവരുടെ പള്ളിയില്‍ ദര്‍ശനം നടത്തിയ ശേഷം മാത്രമേ അയ്യപ്പഭക്തന്മാര്‍ പതിനെട്ടാം പടി ചവിട്ടാവൂ എന്നൊരു വിശ്വാസമുണ്ട്.വാവരായിരുന്നത് ബാബര്‍ തന്നെയായിരുന്നു എന്നും ചിലര്‍ വാദിക്കുന്നുണ്ട് .
പന്തളം രാജകുടുംബത്തിന്റെ പരദേവതയായിരുന്നു ശാസ്താവ്. ശബരിമല ആരാധനാകേന്ദവും. പരസ്പരം മല്ലടിച്ചിരുന്ന നാട്ടുരാജാക്കന്മാരെ മറവപ്പടയും മറുപുറം നാട്ടുരാജാക്കന്മാരും ചേര്‍ന്നു കീഴപ്പെടുത്തിവന്ന കാലം.
മറവപ്പട തകർത്ത ശബരിമല പുനരുദ്ധരിക്കാനും എരുമേലിക്കപ്പുറത്തായി കോട്ടകെട്ടി പാര്‍ത്തിരുന്ന ശത്രുക്കളെ നശിപ്പിക്കാനുമായി എല്ലാവരും അയ്യപ്പൻറെ നേതൃത്വത്തിൽ യുദ്ധസന്നദ്ധരായി ശബരിമലയ്ക്കു തിരിച്ചു.യുദ്ധസാമഗ്രികളും ആഹാരസാധനങ്ങളും തോളിലേറ്റിയാണ് പോയത്.എരുമേലിയിലെത്തി പടയൊരുക്കം നടത്തി.
അന്ന് ഇരുമുടിയില്‍ ആഹാരസാധനങ്ങള്‍ ശേഖരിച്ച് ആയുധപാണിയായി പോയതിന്റെ ഓര്‍മയ്ക്കാണ് എരുമേലിയില്‍ പേട്ട തുള്ളി തീര്‍ഥാടകര്‍ ശബരിമലയ്ക്കു പോകുന്നത്. ആദ്യം പേട്ടതുള്ളുന്ന അമ്പലപ്പുഴക്കാര്‍ എരുമേലി കൊച്ചമ്പലത്തില്‍നിന്നും ഇറങ്ങി വാവരു പള്ളിയില്‍ കയറിയശേഷം പോകുമ്പോള്‍ രണ്ടാമതു പേട്ടതുള്ളുന്ന ആലങ്ങാട്ടുകാര്‍ മുസ്‌ലിം പള്ളിയില്‍ കയറാറില്ല. ആദ്യ സംഘത്തോടൊപ്പം വാവര്‍ ശബരിമലയ്ക്കുപോയെന്ന വിശ്വാസമാണിതിനു പിന്നില്‍.
യുദ്ധംചെയ്തു മുന്നേറിയ സംഘം മറവപ്പടത്തലവനായ ഉദയനെ കൊന്ന്, ഇഞ്ചിപ്പാറക്കോട്ട കടന്നു. നേരത്തെ കൈയില്‍ കരുതിയിരുന്ന കല്ലിട്ടു കിടങ്ങ് നികത്തിയാണ് കോട്ട കടന്നത്. (ഇന്നും തീര്‍ഥാടകര്‍ അവിടെ കല്ലിടുന്ന പതിവുണ്ട്). എല്ലാവരും അവസാനം പമ്പയില്‍ ഒത്തുകൂടി സദ്യ നടത്തി, യുദ്ധത്തില്‍ മരിച്ചവര്‍ക്കു ബലിക്രിയ ചെയ്തു, ഇന്നും ശബരിമലയിലെത്തുന്നവർ പതിവ് തുടരുന്നു.
തുടര്‍ന്നു നീലിമല കയറി ശബരിമലയിലേക്കു പുറപ്പെട്ട അയ്യപ്പനും സംഘവും ശബരിപീഠത്തിലെത്തി. ആദിവാസി സമുദായത്തിൽ പെട്ട മഹാതപസ്വിനിയായിരുന്ന ശബരി ശ്രീരാമഭഗവാന്റെ വരവും കാത്ത് തപസ്സനുഷ്ഠിച്ച സ്ഥലമാണിത് . ധര്‍മശാസ്താവിന്റെ ക്ഷേത്രപരിസരത്തേക്കുള്ള പ്രവേശനകവാടത്തില്‍ ആയുധമുപേക്ഷിക്കാൻ അയ്യപ്പൻ പറഞ്ഞു. ഇതാണ് ശരംകുത്തി.
മറവപ്പട നശിപ്പിച്ച ശാസ്താ ക്ഷേത്രം അയ്യപ്പനും സംഘവും പുനരുദ്ധരിച്ചു. മകരസംക്രമദിനത്തിലെ പുണ്യമുഹൂര്‍ത്തത്തില്‍ യഥാവിധി വിഗ്രഹം പ്രതിഷ്ഠിച്ചു. പിന്നെ അയ്യപ്പനെ ആരും കണ്ടില്ല.. ആ ശാസ്താ വിഗ്രഹത്തിൽ സ്വയം വിലയം ചെയ്തു. ശ്രീധർമ്മശാസ്താവും അയ്യപ്പസ്വാമിയും ഒരാൾ തന്നെയാണെന്നാണ് പരക്കെയുള്ള വിശ്വാസം. എന്നാൽ ഒരേ ഈശ്വരാംശത്തിൽ കുടികൊള്ളുന്ന രണ്ട് ഭിന്ന തേജസ്സുകളാണ് അവർ.
ശാസ്താവിന്റെ അവതാരമെന്നതിനേക്കാള്‍, ശാസ്താവില്‍ വിലയംപ്രാപിച്ച ബ്രഹ്മചര്യനിഷ്ഠനായ ഒരു യോദ്ധാവാണ് അയ്യപ്പന്‍ എന്ന കഥയ്ക്കാണ് സാംഗത്യം ഏറെ. ശബരിമലയിലല്ലാതെ മറ്റൊരു ശാസ്താക്ഷേത്രത്തിലും ഇപ്രകാരമുള്ള ആചാരരീതികളില്ല. അതുപോലെ വാവര്‍, കറുപ്പസ്വാമി, കടുത്ത, മാളികപ്പുറത്തമ്മ തുടങ്ങിയവരെ ആരാധിക്കുന്ന പതിവുമില്ല.
നിത്യബ്രഹ്മചാരിയായിരുന്ന അയ്യപ്പന്‍ ശബരിമലയില്‍ കുടികൊള്ളുന്നത് ചിന്മുദ്രാങ്കിത യോഗ സമാധിപ്പൊരുളായിട്ടാണ്. ശാസ്താവിന് 'പൂര്‍ണ' എന്നും 'പുഷ്‌കില' എന്നും രണ്ടു ഭാര്യമാരുണ്ട് എന്നാല്‍ ശബരിമല അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണ്. ശബരിമല അയ്യപ്പന്‍ ശാസ്താവില്‍നിന്നും വ്യത്യസ്തഭാവങ്ങളുള്ള ആരാധനാമൂര്‍ത്തിയാണെന്നു വിശ്വസിക്കപ്പെടുന്നു . കുളത്തൂപ്പുഴയിൽ ബാലകനായും ആര്യങ്കാവിൽ യുവാവായും അച്ചൻകോവിലിൽ ഗൃഹസ്ഥാശ്രമിയായി പത്നിമാരോടൊപ്പവുമാണ് ധർമ്മ ശാസ്താവിനെ ദർശിക്കുന്നത്. എന്നാൽ ശബരിമലയിൽ അയ്യപ്പതേജസ്സ് ലയിച്ചു ചേർന്നതിനാൽ അയ്യപ്പസങ്കല്പ്പത്തിലാണ് പൂജകളും ആചാരങ്ങളും.
ചരിത്രവും ഐതിഹ്യവും കെട്ടുപിണഞ്ഞ, അതിലുപരി തലമുറകളായി പകര്‍ന്നുപോരുന്ന വിശ്വാസവും അകളങ്കമായ ഭക്തിയും ആണ് ശബരിമല സന്നിധാനം.ആചാരങ്ങളും അനുഷ്ഠാനങ്ങളും ആ വിശ്വാസത്തിനു മികവേറ്റുന്നു .
https://www.facebook.com/Malayalivartha