വെഞ്ഞാറമൂട്ടില്‍ സഹോദരനും കാമുകിയുമടക്കം അഞ്ച് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അഫാന്‍ ചികിത്സ കഴിഞ്ഞ് തിരികെ ജയിലിലേക്ക്

വെഞ്ഞാറമൂട്ടില്‍ സഹോദരനും കാമുകിയുമടക്കം അഞ്ച് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അഫാന്‍ ആശുപത്രി വിട്ടു. പൂജപ്പുര ജയിലില്‍ വെച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു രണ്ടര മാസമായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഫെബ്രുവരി 24നാണ് കേരളത്തെ ഞെട്ടിച്ച കൂട്ടക്കൊലപാതകങ്ങള്‍ നടന്നത്.
സഹോദരന്‍ അഹ്സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന, പിതൃ സഹോദരന്‍ ലത്തീഫ്, ഭാര്യ സാജിദ, പിതൃ മാതാവ് സല്‍മ ബീവി എന്നിവരെയാണ് അഫാന്‍ തലക്കടിച്ച് കൊലപ്പെടുത്തിയത്.
കൊലപാതകങ്ങള്‍ക്ക് ശേഷം അഫാന്‍ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. ജൂണ്‍ 25നാണ് അഫാന്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ യു.ടി.ബി ബ്ലോക്കിലെ ശുചിമുറിയില്‍ ജീവനൊടുക്കാനായി ശ്രമിച്ചത്.
ഉണക്കാന്‍ ഇട്ടിരുന്ന മുണ്ട് ഉപയോഗിച്ചാണ് തൂങ്ങിയത്. ഡ്യൂട്ടി ഉദ്യോഗസ്ഥന്‍ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് അഫാന്‍ ശുചിമുറിയില്‍ തൂങ്ങിയത് കണ്ടത്. തുടര്‍ന്നാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
https://www.facebook.com/Malayalivartha