കേരളത്തിൽ മിക്ക ജില്ലകളിലും മഴക്ക് സാധ്യത: പന്തല്ലൂരിൽ മിന്നൽച്ചുഴിയിൽ വൻനാശനഷ്ടം...

കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് രംഗത്ത് വന്നിട്ടുണ്ട്. ഇന്ന് കൊങ്കൺ തീരം, ഗോവ തീരം അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടൽ, അതിനോട് ചേർന്ന തെക്ക് കിഴക്കൻ അറബിക്കടൽ, തെക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന വടക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ, വടക്കൻ ആന്ധ്രാപ്രദേശ് തീരം, തെക്കൻ ഒഡീഷ തീരം അതിനോട് ചേർന്ന കടൽ പ്രദേശങ്ങൾ, തെക്കൻ തമിഴ് നാട് തീരം, വടക്കൻ തമിഴ് നാട് തീരം, ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
ബംഗാൾ ഉൾകടലിന് മുകളിൽ രൂപപ്പെട്ട ന്യൂന മർദ്ദം ശക്തിയാർജ്ജിച്ചതോടെ കേരളത്തിൽ മിക്ക ജില്ലകളിലും മഴക്ക് സാധ്യതയുണ്ടെന്ന് ആണ് മുന്നറിയിപ്പ്. അടുത്ത 2 ദിവസം കൂടി ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ഭീഷണി തുടരും. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അലർട്ട്. നാളെ എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ മഴ ലഭിക്കുമെന്ന സാഹചര്യമുണ്ടെന്നാണ് പ്രവചനം. കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്.
ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാനോ വാഹനങ്ങൾ പാർക്ക് ചെയ്യാനോ പാടില്ലെന്നും ജാഗ്ര പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
പന്തല്ലൂരിൽ മിന്നൽ ചുഴലിയിൽ വൻനാശനഷ്ടം. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ചെറിയ മഴയോട് കൂടി ശക്തമായ കാറ്റ് പന്തല്ലൂരിൽ ആഞ്ഞുവീശിയത്. മെയിൻ റോഡിൽ നിന്നും പന്തല്ലൂർ ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിൽ ഓടിക്കൊണ്ടിരിക്കുകയായിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് ഇലക്ട്രിക് പോസ്റ്റ് വീണു. പന്തല്ലൂർ സ്വദേശി സൈമന്റെ ഓട്ടോറിക്ഷയ്ക്ക് മുകളിലേക്കാണ് ഇലക്ട്രിക് പോസ്റ്റ് വീണത്. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
വിവിധ പറമ്പുകളിലെ നിരവധി മരങ്ങൾ കടപുഴകി വീണു. പെട്ടെന്നുണ്ടായ ശക്തമായ കാറ്റ് അഞ്ചു മിനിറ്റിലധികം നീണ്ടുനിന്നു. ഇതിനിടയിലാണ് നാശനഷ്ടങ്ങൾ ഉണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കില്ല. മേഖലയിൽ വൈദ്യുത ബന്ധം പൂർണമായും താറുമാറായി. ചൊവ്വന്നൂർ പന്തല്ലൂർ റോഡിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. വൈദ്യുതി വകുപ്പ് അധികൃതർ സ്ഥലത്തെത്തിയ വൈദ്യുത ബന്ധം പുനസ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
https://www.facebook.com/Malayalivartha