ശബരിമല പ്രതിഷേധം കടുക്കവേ എന്‍എസ്എസ് മന്ദിരത്തിനു നേരെ ആക്രമണം, ശക്തമായ പ്രതിഷേധവുമായി എന്‍എസ്എസ് രംഗത്ത്

ശബരിമല പ്രക്ഷോഭത്തില്‍ എന്‍എസ്എസ് കടുത്ത നിലപാട് സ്വീകരിച്ചതിനു പിന്നാലെ എന്‍എസ്എസ് കരയോഗ മന്ദിരത്തിനു നേരെ ആക്രമണം. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പേരില്‍ റീത്തും വച്ചിട്ടുണ്ട്. നേമം മേലാംകോട് എന്‍എസ്എസ് കരയോഗ മന്ദിരത്തിനു നേരെയാണ് ഇന്നലെ രാത്രി ആക്രമണം ഉണ്ടായത്. ശബരിമല വിഷയത്തില്‍ കരയോഗത്തിന്റെ നാമ ജപ യാത്ര നടത്തിയതിന് അടുത്ത ദിവസമാണ് സംഭവം. രാത്രി എത്തിയ ആക്രമികള്‍ മന്ദിരത്തിന്റെ ചില്ലുകള്‍ തകര്‍ക്കുകയും ചട്ടമ്പി സ്വാമി പ്രതിമയ്ക്കു നേരെ കല്ലെറിയുകയും ചെയ്തു. അക്രമകാരികള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് എന്‍എസ്എസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ശബരിമല വിഷയത്തില്‍ സിപിഎം നിലപാടിനെതിരെ രൂക്ഷ വിമര്‍ശനമാണ് എന്‍എസ്എസും ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരും എടുത്തിരുന്നത്. എസ്എന്‍ഡിപിയെ വരുതിയിലാക്കുന്നതില്‍ ഒരു പരിധി വരെ സിപിഎം വിജയിച്ചിരുന്നുവെങ്കിലും എന്‍എസ്എസ് ശക്തമായ നിലപാടില്‍ ഉറച്ചു നിന്നിരുന്നു. എന്നുമാത്രമല്ല സര്‍ക്കാരിന്റെ പൊയ് മുഖം തുറന്നു കാട്ടുകയും ചെയ്തു.
കോടതി വിധിയുടെ ഫലം എന്തായാലും ഭക്തര്‍ക്കൊപ്പം നില്‍ക്കുമെന്നാണ് എന്‍എസ് എസ് അറിയിച്ചത്. ഇതിനു പിന്നാലെ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകുന്ന സമയത്താണ് എന്‍എസ്എസിനുനേരെ ആക്രമണം ഉണ്ടായത്. ഇതോടൊപ്പം എന്‍എസ്എസിന്റെ അനിഷേധ്യ നേതാവായ സുകുമാരന്‍ നായരുടെ പേരില്‍ റീത്ത് വച്ചത് നായര്‍ സമൂഹത്തെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്.
സ്വാമി സന്ദീപാനന്ദഗിരിയുടെ വീടിനു നേരെ കഴിഞ്ഞയാഴ്ച ആക്രമണം ഉണ്ടായിരുന്നു. അന്ന് വീട്ടിലെ കാറുകള്‍ക്കെ നേരെ തീയിടുകയും ഇതു പോലെ റീത്തു വയ്ക്കുകയും ചെയ്തിരുന്നു. ആക്രമണം നടന്നിട്ട് ഒരാഴ്ച ആകുമ്പോഴും പ്രതിയെ പറ്റി യാതൊരു സൂചനയും നല്‍കാന്‍ പോലീസിനായിട്ടില്ല. അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ്. അതേസമയം സ്വാമിയും സിപിഎമ്മും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായാണ് കാര്‍ കത്തിക്കലെന്നാണ് ബിജെപിയുടെ ആരോപണം. സമാന രീതിയില്‍ എന്‍എസ് എസ് കരയോഗങ്ങളെ ആക്രമിച്ചത് വന്‍ പ്രതിഷേധത്തിന് ഇടയാകുമെന്നാണ് കരുതുന്നത്.
https://www.facebook.com/Malayalivartha























