ശബരിമല വിഷയത്തിൽ ആചാര സംരക്ഷണവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന് നൂറ് കോടിയോളം ഹിന്ദുക്കളുടെയും സിഖുകളുടെയും പിന്തുണയുണ്ട്; പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സുപ്രീംകോടതിക്ക് മുൻപാകെ ഫ്ളക്സ് ബോർഡുകൾ

ശബരിമലയില്‍ വിഷയത്തിൽ പ്രതിഷേധങ്ങളെ അനുകൂലിച്ചുകൊണ്ട് സുപ്രീം കോടതിക്ക് മുൻപാകെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍. ശബരിമലയിലെ ആചാര അനുഷ്ടാനങ്ങൾ സംരക്ഷിക്കണമെന്ന് സേവ് ശബരിമല എന്നെഴുതിയ ഫ്‌ളക്‌സാണ് സുപ്രീം കോടതിക്ക് മുന്നില്‍ സ്ഥാപിച്ചിരിക്കുന്നത് .
കേരളത്തിലെ ശബരിമല ക്ഷേത്രത്തിലെ ആചാര സംരക്ഷണവുമായി ബന്ധപ്പെട്ട സമരത്തിന് നൂറ് കോടിയോളം ഹിന്ദുക്കളുടെയും സിഖുകളുടെയും പിന്തുണയുണ്ടെന്ന് ഫ്‌ളക്‌സ് ബോര്‍ഡില്‍ അവകാശപ്പെടുന്നു. പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ന് വൈകുന്നേരം 4 :30 നു ഡൽഹിയിൽ ഭരണഘടനാ ക്ലബ്ബിലെ ഡെപ്യൂട്ടി സ്പീക്കർ ഹാളിൽ വെച്ച് പ്രക്ഷോഭം നടത്തുമെന്നും ഫ്‌ളക്‌സില്‍ പറയുന്നു.
ഇതിനുപുറമെ ബി.ജെ.പി ഡൽഹി ഘടകം വക്താവ് തജിന്ദർ പാല്‍ സിങ് ബഗ്ഗയുടെ പേരും നമ്പറും ഫ്ളക്സ് ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് ഇതുവരെ ബി.ജെ.പിയുടെ ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല.
അതേസമയം , ഇതാണോ പോസ്റ്റര്‍ പതിക്കേണ്ട യഥാര്‍ഥ സ്ഥലം എന്ന ചോദ്യവുമായി തജിന്ദർ ഫ്‌ളക്‌സ് ബോര്‍ഡിന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ചു . സുപ്രീംകോടതിയിലേക്ക് വഴികാണിക്കുന്ന ബോര്‍ഡിന് സമീപമാണ് പ്രതിഷേധ സൂചകമായി ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. ഇതിനു സമാനമായ ഫ്‌ളക്‌സ് കേരളാ ഹൗസിന് മുന്നിലും സ്ഥാപിച്ചിട്ടുണ്ട്.
പൊതുവെ അതീവ സുരക്ഷാ മേഖലയായ സുപ്രീംകോടതി മന്ദിരമടക്കമുള്ള സ്ഥലങ്ങളിൽ ഇത്തരം ഫ്‌ളക്‌സ് ബോര്‍ഡുകളോ മറ്റ് പരസ്യ ബോര്‍ഡുകളോ സ്ഥാപിക്കാന്‍ അനുമതി ലഭിക്കാറില്ല.ഈ സാഹചര്യത്തിലാണ് ഫ്ളക്സ്ബോർഡുകൾ സുപ്രീംകോടതിക്ക് മുൻപാകെ സ്ഥാപിച്ചിരിക്കുന്നത്.നവംബർ 13നാണ് ശബരിമല വിഷയത്തത്തിൽ സുപ്രിംകോടതി പുനപരിശോധനാ ഹര്‍ജിയും റിട്ട് ഹര്‍ജികളും പരിശോധിക്കുന്നത്.
നേരത്തെ ശബരിമല തീര്‍ത്ഥാടനത്തില്‍ അനുമതി തേടി പൊലീസ് പോര്‍ട്ടലില്‍ 10 നും 50 നും ഇടയില്‍ പ്രായമുള്ള 569 യുവതികള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ കേരളത്തില്‍ നിന്നും ഇതര സംസ്ഥാനങ്ങില്‍ നിന്നുള്ളവരും ഉള്‍പ്പെടും. കൂടുതല്‍ പേര്‍ ഇനിയും ബുക്ക് ചെയ്യുമെന്നാണ് കരുതുന്നതെന്ന് പൊലീസ് അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha
























