നിക്ഷേപ തട്ടിപ്പ് കേസിൽ ബെല്ലാരി രാജ അറസ്റ്റിൽ ;12 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ്

കൈക്കൂലി കേസുമായി ബന്ധപ്പെട്ട് ബിജെപി നേതാവും കര്‍ണാടകയിലെ മുന്‍ ബിജെപി മന്ത്രിയും ഖനി രാജാവുമായ ഗാലി ജനാർദനറെഡ്ഡി അറസ്റ്റില്‍. 12 മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ജനാര്‍ദ്ദന റെഡ്ഡിയുടെ അറസ്റ്റ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്. ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിന് വിളിപ്പിക്കുമെന്നായതോടെ കാണാതായ ജനാര്‍ദ്ദന്‍ റെഡ്ഡി മൂന്ന് ദിവസത്തിന് ശേഷം പൊലീസിന് മുന്നില്‍ ഹാജരായത്. ആംബിഡന്റ് ഗ്രൂപ്പുമായി ബന്ധപ്പെട്ട കൈക്കൂലി കേസിലാണ് അറസ്റ്റ്.
നേരത്തെ ഞായറാഴ്ച അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചെങ്കിലും റെഡ്ഡി മുങ്ങുകയായിരുന്നു.
കേസിൽനിന്ന് ആംബിഡന്റ് കമ്പനിയെ ഒഴിവാക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ ജനാർദന റെഡ്ഡി 21 കോടി രൂപ കമ്പനിയുടമ സയിദ് അഹമ്മദ് ഫരീദിനോട് ആവശ്യപ്പെട്ടെന്നും ഇതിൽ രണ്ടുകോടി പണമായും 18 കോടി രൂപയുടെ 57 കിലോ സ്വർണം നൽകിയെന്നുമാണ് മൊഴി.
എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥന് കൈക്കൂലിയായി ഒരു കോടി നല്‍കിയതിനും അന്വേഷണസംഘത്തിന് തെളിവ് ലഭിച്ചിട്ടുണ്ട്.
നിക്ഷേപത്തട്ടിപ്പ് കേസില്‍ ആംബിഡന്റ് കമ്പനിയുടമ സയിദ് അഹമ്മദ് ഫരീദിനെ ചോദ്യംചെയ്തപ്പോഴാണ് ജനാര്‍ദനറെഡ്ഡി കേസില്‍ നിന്ന് ഊരിപ്പോരാന്‍ സഹായിക്കാമെന്ന് പറഞ്ഞ് കോടികള്‍ കൈപ്പറ്റിയ വിവരം പുറത്തുവന്നത്.
കഴിഞ്ഞ ശനിയാഴ്ചയാണ് ചോദ്യം ചെയ്യലിനായി റെഡ്ഡി ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരായത്. അഡീഷണൽ സിറ്റി പോലീസ് കമ്മിഷണർ അലോക് കുമാർ, ഡെപ്യൂട്ടി കമ്മിഷണർ സി.പി. ഗിരീഷ്, അസിസ്റ്റന്റ് കമ്മിഷണർ വെങ്കിടേശ് പ്രസന്ന എന്നിവർ ചേർന്നാണ് മണിക്കൂറുകളോളം ചോദ്യംചെയ്തത്. ഇത് വീഡിയോയിൽ പകർത്തിയിട്ടുണ്ട്.
ബിജെപി മന്ത്രിയായിരുന്ന റെഡ്ഡി മൂന്നുവര്‍ഷം അനധികൃത ഖനനവുമായി ബന്ധപ്പെട്ട കേസില്‍ നേരത്തെ ജയിലിലായിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങി രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ശ്രമിക്കുന്നതിനിടെയാണ് വീണ്ടും അറസ്റ്റിലാകുന്നത്. ഇരുമ്പയിര് ഖനനത്തിലൂടെ രാഷ്ട്രീയത്തിലെത്തിയ ജനാര്‍ദ്ദന്‍ റെഡ്ഡിയെന്ന 49 വയസുകാരന്‍ കര്‍ണാടകയിലെ ശക്തരായ രാഷ്ട്രീയക്കാരില്‍ ഒരാളാണ്.
https://www.facebook.com/Malayalivartha























