ഉത്സവത്തോടെ സുരേന്ദ്രന്‍ ഗണപതിയുടെ നടയിലേക്ക്... ജയില്‍മോചിതനാകുന്ന പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ ബിജെപി പ്രവര്‍ത്തകര്‍ സുരേന്ദ്രനെ പഴവങ്ങാടി ഗണപതി അമ്പലത്തിലെത്തിയ്ക്കും; സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലില്‍ ആവേശം വിതറും

ജയില്‍ മോചിതനാകുന്ന സുരേന്ദ്രനെ വീര പരിവേഷത്തോടെയാണ് സ്വീകരിക്കുനന്ത്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ ബിജെപി പ്രവര്‍ത്തകര്‍ സുരേന്ദ്രനെ ആദ്യം പഴവങ്ങാടി ഗണപതി അമ്പലത്തിലെത്തിയ്ക്കും. അതുകഴിഞ്ഞ് സുരേന്ദ്രനെ സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലിലെത്തിക്കും. അതേസമയം, സെക്രട്ടേറിയറ്റ് പടിക്കല്‍ നിരാഹാര സമരം നടത്തുന്ന ബിജെപി ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണനെ ആരോഗ്യ നില വഷളായതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു.
ഇന്ന് പത്ത് മണിയോടെയാണ് സുരേന്ദ്രന്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങുക. തീര്‍ത്ഥാടകയെ ആക്രമിക്കാന്‍ ഗൂഡാലോചന നടത്തിയ കേസില്‍ കര്‍ശന ഉപാധികളോടെ ഇന്നലെയാണ് സുരേന്ദ്രന് ഹൈക്കോടതി ജാമ്യം നല്‍കിയത്. ജാമ്യ വ്യവസ്ഥകളെല്ലാം ഇന്നലെ വൈകീട്ടോടെ റാന്നി കോടതിയില്‍ പൂര്‍ത്തികരിച്ചെങ്കിലും ജാമ്യ ഉത്തരവ് തിരുവനന്തപുരത്തെത്തിയപ്പോള്‍ ഏഴു മണി കഴിഞ്ഞതിനാല്‍ സുരേന്ദ്രന് പുറത്തിറങ്ങാനായില്ല.
20 ദിവസത്തിനുശേഷമാണ് സുരേന്ദ്രന് ജാമ്യം ലഭിക്കുന്നത്. സുരേന്ദ്രന്റെ അറസ്റ്റിനെതിരെ പാര്‍ട്ടി ശക്തമായി പ്രതികരിച്ചില്ലെന്ന് വി.മുരളീധരന്‍ അടക്കമുളളവരുടെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇക്കാരണത്താല്‍ തന്നെ ജയില്‍മോചിതനായെത്തുന്ന സുരേന്ദ്രന് വിവിധ ജില്ലകളില്‍ സ്വീകരണം നല്‍കാനും പാര്‍ട്ടിയില്‍ ആലോചനയുണ്ട്.
അതേസമയം ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എ.എന്‍.രാധാകൃഷ്ണന്‍ നടത്തുന്ന നിരാഹാരം ഇന്ന് ആറാം ദിവസത്തിലേക്ക് കടന്നു. ആരോഗ്യസ്ഥിതി മോശമായതിനാല്‍ രാധാകൃഷ്ണന് പകരം മറ്റൊരാള്‍ സമരം ഏറ്റെടുക്കാനും സാധ്യതയുണ്ട്. ശബരിമല സമരത്തെ സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റിയതിനെ നേരത്തെ വിമര്‍ശിച്ച വി.മുരളീധരന്‍ എംപിയും ഇന്നലെ സമരപന്തലില്‍ എത്തി. ശബരിമല വിഷയം ചൂണ്ടിക്കാട്ടി ഞായറാഴ്ച ക്ലിഫ് ഹൗസിലേക്ക് യുവമോര്‍ച്ച മാര്‍ച്ചും സംഘടിപ്പിക്കുന്നുണ്ട്.
അതിനിടെ കെ.സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷനാക്കണമെന്ന ആവശ്യവുമായി മുരളീധരപക്ഷം വന്നതും ഏറെ ചര്‍ച്ചയായി. ആര്‍എസ്എസ് അനുകൂല നിലപാടിന്റെ കൂടി പശ്ചാത്തലത്തില്‍ ദേശീയ നേതൃത്വത്തെ സമീപിക്കാനാണ് ഇവരുടെ നീക്കം. അമിത്ഷായെ നേരില്‍ കണ്ട് നേതാക്കള്‍ കേരളത്തിലെ സാഹചര്യം അറിയിക്കും. ശ്രീധരന്‍പിള്ളയുടെ വ്യക്തതയില്ലാത്ത നിലപാടുകള്‍ ശബരിമല സമരത്തെ പിന്നോട്ടടിപ്പിച്ചെന്ന വിലയിരുത്തല്‍ ദേശീയ നേതൃത്വത്തിനുമുണ്ടെന്നാണ് സൂചന. ഈ വീഴ്ച്ച സുരേന്ദ്രന് അനുകൂലമാക്കുകയാണ് മുരളീധരപക്ഷത്തിന്റെ ലക്ഷ്യം.
കുമ്മനം രാജശേഖരന്‍ സ്ഥാനമൊഴിഞ്ഞ ഘട്ടത്തില്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് ശക്തമായി പരിഗണിക്കപ്പെട്ട നേതാവായിരുന്നു കെ.സുരേന്ദ്രന്‍. എന്നാല്‍ അന്ന് ആര്‍എസ്എസ് ശക്തമായ എതിര്‍പ്പ് ഉയര്‍ത്തിയതോടെ സുരേന്ദ്രന്റെ സാധ്യതകള്‍ മങ്ങി. എന്നാല്‍ ഇപ്പോള്‍ ശബരിമല അവസരമാക്കണമെന്ന ദേശീയ അധ്യക്ഷന്റെ ആഹ്വാനം ഏറ്റെടുക്കുന്നതില്‍ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മുരളീധരപക്ഷത്തിന്റെ നീക്കം. അനഭിമതനായിരുന്ന സുരേന്ദ്രനോട് ശബരിമല വിഷയത്തിലെ ഇടപെടലോടെ ആര്‍എസ്എസിന്റെ സമീപനവും മാറിയിട്ടുണ്ട്. ആര്‍എസ്എസ് നേതാക്കള്‍ ജയിലിലെത്തി സുരേന്ദ്രന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത് ഇതിന്റെ സൂചനയായാണ് മുരളീധരപക്ഷം വിലയിരുത്തുന്നത്.
അതേ സമയം ശബരിമല വിഷയത്തില്‍ സുരേന്ദ്രന് കിട്ടുന്ന പ്രാധാന്യം ശ്രീധരന്‍പിള്ളയേയും കൃഷ്ണദാസ് പക്ഷത്തേയും അലോസരപ്പെടുത്തുന്നുണ്ട്. ഇതിന് ബദലായാണ് കൃഷ്ണദാസ് പക്ഷക്കാരനായ എഎന്‍ രാധാകൃഷ്ണനെ സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാരമിരുത്തിയതെന്നാണ് സൂചന. ഉന്നയിച്ച ആവശ്യങ്ങളില്‍ 15വരെ തീരുമാനമുണ്ടായില്ലെകില്‍ സമരം ശക്തിപ്പെടുത്താനാണ് തീരുമാനമെന്ന് നേതൃത്വം പറയുമ്പോഴും അടുത്തഘട്ടം എങ്ങനെ മുന്‍പോട്ട് കൊണ്ടുപോകണമെന്നതില്‍ ധാരണയായിട്ടില്ല. മുരളീധരപക്ഷം സമരത്തോട് സഹകരിക്കുന്നുമില്ലെന്ന ആരോപണവുമുണ്ട്.
അതേസമയം വര്‍ദ്ധിത വീര്യത്തോടെയാണ് കെ.സുരേന്ദ്രന്‍ ജയിലിന് പുറത്ത് വരുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള. സുരേന്ദ്രനെ ജയിലിലിട്ടതില്‍ നിയമ നടപടികളുമായി മുന്നോട്ടുപോകും. സര്‍ക്കാര്‍ ചെയ്തത് നിയമലംഘനങ്ങളുടെ ഘോഷയാത്രയാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
നിയമത്തിന്റെ ബാലപാഠം അറിയാവുന്ന ആരും സുരേന്ദ്രന്റ കേസില്‍ ബിജെപി നേതൃത്യത്തിന് വീഴ്ച്ചപറ്റിയെന്ന് പറയില്ല. ബിജെപിയില്‍ ഗ്രൂപ്പ് വഴക്കില്ല. അങ്ങനെയുള്ള പ്രചാരണങ്ങള്‍ മാധ്യമസൃഷ്ടി മാത്രമാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
ശബരിമല വിഷയം സെക്രട്ടേറിയേറ്റിന് മുന്നിലേക്ക് മാറ്റിയ സംസ്ഥാന പ്രസിഡന്റിന്റെ നടപടിക്കെതിരെ ബിജെപിയില്‍ രൂക്ഷമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.
ആര്‍എസ്എസ് കേന്ദ്ര നേതൃത്വം പദ്ധതിയിട്ട സമരം ചര്‍ച്ച ചെയ്യാതെയാണ് ശബരിമലയില്‍ നിന്നും സെക്രട്ടേറിയേറ്റ് നടയിലേക്ക് മാറ്റിയതെന്നും ആത്മാഭിമാനമുള്ള ഒരു ബിജെപി പ്രവര്‍ത്തകനും ഇത് അംഗീകരിക്കില്ലെന്നും നേരത്തെ വി. മുരളീധരന്‍ ആരോപിച്ചിരുന്നു. മാത്രമല്ല, കെ.സുരേന്ദ്രന്റെ അറസ്റ്റിനെതിരെ അഭിഭാഷകന്‍ കൂടിയായ ശ്രീധരന്‍പിള്ള വേണ്ടത്ര ഗൗരവമായി എടുത്തില്ലെന്നും കെ സുരേന്ദ്രനെ ജാമ്യത്തിലിറക്കാന്‍ സംസ്ഥാന പ്രസിഡന്റ് കാര്യമായൊന്നും ചെയ്തില്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു.
"
https://www.facebook.com/Malayalivartha

























