തലനാരിഴയ്ക്ക് മരണത്തില്‍ നിന്നും രക്ഷപ്പെട്ട വിദ്യാര്‍ത്ഥി സ്‌കൂള്‍ കലോത്സവത്തില്‍ തന്റെ വേദനകള്‍ മറന്ന് നിറഞ്ഞാടി എ ഗ്രേഡ് സ്വന്തമാക്കി

തലനാരിഴയ്ക്ക് മരണത്തില്‍ നിന്നും രക്ഷപ്പെട്ട ഗായത്രി മോഹിനിയാട്ടത്തില്‍ എ ഗ്രേഡ് സ്വന്തമാക്കിയപ്പോള്‍, അത് പുതുജീവിതത്തിലെ ഏറ്റവും മധുരമുള്ള ആദ്യത്തെ അനുഭവമായി. സ്‌കൂള്‍ കലോത്സവത്തില്‍ തന്റെ അവസാന വേദിയായ ആലപ്പുഴ കലോത്സവത്തില്‍ പങ്കെടുക്കാനാവുമെന്ന് ആശുപത്രിക്കിടക്കയില്‍ വിശ്രമിക്കവേ ചിന്തിക്കാനേ കഴിഞ്ഞില്ല. ഒടുവില്‍ ദൈവാനുഗ്രഹത്താല്‍ വേദിയിലെത്താന്‍ ഗായത്രിയ്ക്കു കഴിഞ്ഞു.
തൃശൂര്‍ ജി.എച്ച്.എസ്.എസ് വിദ്യാര്‍ത്ഥിനിയായ പഴയന്നൂര്‍കാരി ഗായത്രി, കഴിഞ്ഞ ചൊവ്വാഴ്ച സ്‌കൂളില്‍ നിന്ന് മൂന്നാറിലേക്കുള്ള വിനോദയാത്ര കഴിഞ്ഞ് തിരികെ വരുന്നതിനിടെ കല്ലാറില്‍ വച്ചാണ് സഹപാഠികള്‍ക്കൊപ്പം അപകടത്തില്‍പ്പെട്ടത്. 20 അടി താഴ്ചയിലേക്ക് ബസ് മറിഞ്ഞു. അദ്ധ്യാപകരും ഗായത്രി ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ആശുപത്രി വാസം കഴിഞ്ഞ് ഒരു ദിവസം മാത്രമാണ് വേദന കടിച്ചമര്‍ത്തിയിട്ടാണെങ്കിലും പ്രാക്ടീസ് ചെയ്യാന്‍ ഗായത്രിക്കു കഴിഞ്ഞത്. ഇന്നലെ സ്‌റ്റേജില്‍ നിറഞ്ഞാടുമ്പോള്‍ സ്റ്റിച്ചുകളുടെയും ബാന്‍ഡ് എയ്ഡുകളുടെയും ബഹളമായിരുന്നു ശരീരത്തില്‍.
നന്നായി പ്രാക്ടീസ് ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും ശരീരവേദന അനുവദിച്ചിരുന്നില്ല. കഴുത്തിന് നല്ല വേദനയുണ്ടായിരുന്നു. മുഖത്ത് ഭാവങ്ങള്‍ തെളിയാന്‍ ഏറെ ബുദ്ധിമുട്ടി. ഇന്ന് കുച്ചിപ്പുടിയിലും ഗായത്രി മത്സരിക്കുന്നുണ്ട്. കലയെ സ്‌നേഹിക്കുന്ന ഏവരുടെയും സ്വപ്നവേദിയായ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ അവസാന അവസരം നഷ്ടമാവാതിരിക്കാനാണ് ഗായത്രി വേദനയെല്ലാം സഹിച്ച് ആലപ്പുഴയിലെ വേദിയിലെത്തിയത്.
L
https://www.facebook.com/Malayalivartha

























