കവിതാ മോഷണ വിവാദം കലോത്സവ വേദിയിലും കെട്ടടങ്ങുന്നില്ല; ദീപ നിശാന്ത് വിധി കര്‍ത്താവായ ഉപന്യാസ മത്സരത്തിന്‍റെ മൂല്യനിർണയം വീണ്ടും നടത്തിയേക്കും

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ദീപ നിശാന്ത് വിധി കര്‍ത്താവായതിനെത്തുടർന്നുള്ള പ്രതിഷേധത്തെത്തുടര്‍ന്ന് വീണ്ടും മൂല്യനിർണയം നടത്തിയേക്കുമെന്ന് സൂചന. പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ.വി.മോഹൻകുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ദീപയ്ക്കെതിരേ ആരെങ്കിലും പരാതി നൽകിയാൽ ഉപന്യാസ മത്സരത്തിന്‍റെ വിധി നിർണയം വീണ്ടും നടത്താൻ തയാറാണ്. എന്നാൽ രേഖാമൂലം ആരും പരാതിയുമായി വിദ്യാഭ്യാസ വകുപ്പിനെ ഇതുവരെ സമീപിച്ചിട്ടില്ലെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടർ വ്യക്തമാക്കി. അതേസമയം, ദീപാ നിശാന്തിനെതിരെ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് കെ എസ് യു.
എന്നാൽ കവിതാമോഷണം വിവാദം ഉയരും മുന്‍പായിരുന്നു അധ്യാപികയും എഴുത്തുകാരിയും എന്ന നിലയില്‍ ദീപ നിശാന്തിനെ വിധി കര്‍ത്താവായി ക്ഷണിച്ചതെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. ദീപ നിശാന്തിനെ വിധിനിര്‍ണയത്തില്‍ നിന്ന് മാറ്റിയിട്ടില്ലെന്നും അവര്‍ക്ക് സ്വമേധയ വേണമെങ്കില്‍ മാറിനില്‍ക്കാം എന്നാണ് സംഘാടക സമിതി നേരത്തെ അറിയിച്ചത്.
മലയാളം ഉപന്യാസ മത്സരത്തിന് വിധികർത്താവായി ദീപാ നിശാന്ത് എത്തിയതിനെതിരെ പ്രതിപക്ഷ, യുവജന, വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധിച്ചിരുന്നു. ആദ്യം എബിവിപി പ്രവർത്തകരാണ് ദീപയ്ക്കെതിരെ പ്രതിഷേധവുമായി എത്തിയത്. തുടർന്ന് യൂത്ത് കോൺഗ്രസ്, കെഎസ്‍യു വനിതാ പ്രവർത്തകരും ദീപയ്ക്കെതിരെ പ്രതിഷേധവുമായി കലോത്സവ വേദിയിലേക്ക് എത്തുകയായിരുന്നു. മൂല്യ നിർണയത്തിന്റെ വേദിയായ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹാളിന് മുന്നിലായിരുന്നു പ്രതിഷേധ പ്രകടനം. സംഭവവുമായി ബന്ധപ്പെട്ട് ഒൻപത് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ദീപാ നിശാന്തിനെ വിധി കർത്താവാക്കിയതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. ഡിപിഐയെ വിളിച്ച് പ്രതിഷേധം അറിയിച്ചു എന്നും ചെന്നിത്തല പറഞ്ഞു.
എന്നാൽ പ്രതിഷേധം അനാവശ്യമെന്നായിരുന്നു ദീപാ നിശാന്തിന്‍റെ പ്രതികരണം. സംസ്ഥാന സ്കൂൾ കലോത്സവത്തില്‍ വിധികർത്താവായി വന്നത് അധ്യാപിക എന്ന നിലയിൽ ആണെന്ന് ദീപാ നിശാന്ത് പ്രതികരിച്ചു. കവിത വിവാദവുമായി ഇതിനെ കൂട്ടികുഴയ്ക്കേണ്ട കാര്യമില്ലെന്നും ദീപാ നിശാന്ത് പറഞ്ഞു.
https://www.facebook.com/Malayalivartha






















