ചുവപ്പ് ഭീകരതയുടെ നിഴല്‍ നീങ്ങിയെന്ന് അമിത്ഷാ

രാജ്യത്തെ മാവോയിസ്റ്റ് ഭീഷണി മാര്‍ച്ച് 31ന് മുന്‍പ് തുടച്ചുനീക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ മാവോയിസ്റ്റ് ഭീഷണി ഒഴിഞ്ഞെന്നും അതിന്റെ അവസാന കോട്ടയായിരുന്ന ഛത്തീസ്ഗഢിലെ ബസ്തര്‍ ഇപ്പോള്‍ വികസനത്തിന്റെ പാതയിലാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
രാജ്യത്തെ മാവോയിസം ഇപ്പോള്‍ വംശനാശത്തിന്റെ വക്കിലാണെന്നു അമിത്ഷാ ലോക്‌സഭയില്‍ പറഞ്ഞു. ബസ്തറില്‍നിന്ന് മാവോയിസം ഏതാണ്ട് പൂര്‍ണമായി തുടച്ചുനീക്കപ്പെട്ടു. ബസ്തറിലെ ഓരോ ഗ്രാമത്തിലും സ്‌കൂള്‍ സ്ഥാപിക്കുന്നതിനായി ക്യാംപയിന്‍ ആരംഭിച്ചു. മേഖലയിലെ ഓരോ ഗ്രാമത്തിലും റേഷന്‍ കടകള്‍ തുറക്കാന്‍ നടപടിയെടുത്തു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളും സ്ഥാപിച്ചു. ജനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡുകളും റേഷന്‍ കാര്‍ഡുകളും നല്‍കിയെന്നും അമിത്ഷാ പറഞ്ഞു.
'ചുവപ്പ് ഭീകരതയുടെ' നിഴല്‍ പതിഞ്ഞതുകൊണ്ടാണ് ബസ്തറിലെ ജനങ്ങള്‍ പിന്നിലാക്കപ്പെട്ടത്. അതുകൊണ്ടാണ് വികസനം അവരിലേക്ക് എത്താതിരുന്നത്. ഇന്ന് ആ നിഴല്‍ നീങ്ങി. മാവോയിസ്റ്റുകള്‍ ആയുധങ്ങള്‍ താഴെ വയ്ക്കണം. അങ്ങനെയുള്ളവരെ പുനരധിവസിപ്പിക്കും. ആയുധം ഉപേക്ഷിക്കുന്നവരുമായി ചര്‍ച്ചയ്ക്ക് തയാറാണ്. അക്രമത്തിന്റെ വഴി തിരഞ്ഞെടുക്കുന്നവര്‍ക്ക് ശക്തമായ ഭാഷയില്‍ മറുപടി നല്‍കുമെന്നും അമിത്ഷാ പറഞ്ഞു.
https://www.facebook.com/Malayalivartha























