കന്നിവോട്ടര്‍മാരെ പോളിംഗ് ബൂത്തില്‍ ഹല്‍വ നല്‍കി സ്വീകരിക്കും

ഇത്തവണ കന്നിവോട്ടര്‍മാരെ പോളിംഗ് ബൂത്തുകളില്‍ മധുരം നല്‍കി സ്വീകരിക്കും. കന്നിവോട്ടര്‍മാരുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനും അവരെ ജനാധിപത്യ പ്രക്രിയയിലേക്ക് ആവേശത്തോടെ സ്വാഗതം ചെയ്യുന്നതിനുമായി 'വോട്ട് സ്വീറ്റന്‍ഡ് കേരള' എന്ന പ്രത്യേക കാമ്പയിന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പ്രഖ്യാപിച്ചു. തിരഞ്ഞെടുക്കപ്പെട്ട പോളിംഗ് ബൂത്തുകളില്‍ വോട്ട് രേഖപ്പെടുത്താനെത്തുന്ന കന്നിവോട്ടര്‍മാര്‍ക്ക് പ്രത്യേകമായി ബ്രാന്‍ഡ് ചെയ്ത 'ഫുള്‍വഹല്‍വ' പാക്കറ്റുകളാണ് സമ്മാനമായി നല്‍കുക.
യുവതലമുറയെ വോട്ടിംഗ് ബൂത്തുകളിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വേറിട്ട നീക്കം. വോട്ട് രേഖപ്പെടുത്തുന്നതിനൊപ്പം ആ നിമിഷം അവിസ്മരണീയമാക്കാന്‍ ഈ മധുര വിതരണം സഹായിക്കുമെന്ന് അധികൃതര്‍ കരുതുന്നു. ഓരോ ജില്ലയിലെയും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ നിശ്ചയിക്കുന്ന പ്രത്യേക ബൂത്തുകളിലായിരിക്കും ഹല്‍വ വിതരണം നടക്കുക. ഇതിനായി ഓരോ ഡി.ഇ.ഒ ഓഫീസിലും 200 ഹല്‍വ പാക്കറ്റുകള്‍ വീതം വിതരണത്തിനായി എത്തിക്കും.
വോട്ടിംഗ് നടപടികള്‍ക്ക് യാതൊരു വിധ തടസ്സവും ഉണ്ടാകാത്ത രീതിയിലാണ് വിതരണം ക്രമീകരിച്ചിരിക്കുന്നത്. ബൂത്ത് ലെവല്‍ ഓഫീസര്‍മാരോ വോളന്റിയര്‍മാരോ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ച് 'കന്നിവോട്ടര്‍' ആണെന്ന് ഉറപ്പുവരുത്തിയ ശേഷമായിരിക്കും ഹല്‍വ നല്‍കുക. തിരക്ക് ഒഴിവാക്കാനും സുഗമമായ വിതരണത്തിനുമായി അധിക വോളന്റിയര്‍മാരുടെ സേവനവും ഇത്തവണ ബൂത്തുകളില്‍ ലഭ്യമാക്കും.
ഈ പദ്ധതിയെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിനായി ഹല്‍വ വിതരണത്തിന്റെ ചിത്രങ്ങളും വീഡിയോകളും ചിത്രീകരിക്കാന്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇവ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴി പ്രചരിപ്പിക്കും. വോട്ട് ചെയ്യുന്നത് കേവലം ഒരു കടമ മാത്രമല്ല, മധുരമുള്ള ഒരു അനുഭവം കൂടിയാണെന്ന് വരുംതലമുറയെ ബോധ്യപ്പെടുത്തുകയാണ് ഈ കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
https://www.facebook.com/Malayalivartha























