ശബരിമലയിൽ നിരോധനാജ്ഞ തുടരും; ക്രമസമാധാനം നിലനിർത്താൻ ബുധനാഴ്ച അര്‍ധരാത്രി വരെ നിരോധനാജ്ഞ വീണ്ടും നീട്ടി; ഹൈക്കോടതി വിമർശിച്ചതിനാൽ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയേക്കും

സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ യുവതി പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തെത്തുടർന്ന് ശബരിമലയിൽ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ വീണ്ടും നീട്ടി. ബുധനാഴ്ച അര്‍ധരാത്രി വരെയാണ് നിരോധനാജ്ഞ നീട്ടിയത്. നിലവിലുള്ള നിരോധനാജ്ജ ഇന്ന് അവസാനിക്കാനിരിക്കെ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു കളക്ടറുടെ തീരുമാനം. പമ്പ, സന്നിധാനം, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളിലാണു നിരോധനാജ്ഞയാണ് നീട്ടിയത്.
അതേസമയം മുൻപ് ശബരിമലയിലെ നിരോധനാജ്ഞ ഭക്തർക്ക് തടസ്സമുണ്ടാക്കുന്നതല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. എന്നാൽ ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണു നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ക്രമസമാധാനം നിലനിര്‍ത്താന്‍ നിരോധനാജ്ഞ അനിവാര്യമാണെന്നും കോടതി നിരീക്ഷിച്ചു. അതേസമയം, ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുന്നതിനായി മൂന്നു യുഡിഎഫ് എംഎല്‍എമാരും നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണനും നടത്തുന്ന സമരങ്ങള്‍ തുടരുകയാണ്.
മണ്ഡല-മകരവിളക്ക് കാലത്ത് നട തുറന്നപ്പോൾ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഹൈക്കോടതി രൂക്ഷവിമർശനമുന്നയിക്കുകയും നീക്കണമെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയാണ് നേരത്തേ നിരോധനാജ്ഞ നീട്ടിയത്.
സംഘർഷങ്ങൾ കെട്ടടങ്ങിയതോടെ സന്നിധാനത്ത് മഹാ കാണിക്കയ്ക്ക് മുന്നിലെ പൊലീസ് വടം മാറ്റി. മഹാ കാണിക്കക്ക് മുന്നിലെ വടം നീക്കണമെന്ന ദേവസ്വം ബോർഡിന്‍റെ ആവശ്യമാണ് ഒടുവിൽ പൊലീസ് അംഗീകരിച്ചത്. എന്നാൽ വാവര് നടക്ക് മുന്നിലെ ബാരിക്കേഡ് മാറ്റിയിട്ടില്ല. പമ്പയിലും നിലയ്ക്കലും നിയന്ത്രണങ്ങളിൽ ചില ഇളവുകൾ നൽകിയിട്ടുണ്ട്.
അതിനിടെ ശനിയാഴ്ച നിരോധനാജ്ഞ ലംഘിക്കാനെത്തിയ ബിജെപി സംഘത്തെ നേരത്തെ നിലയ്ക്കലില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.ശിവരാജന്റെ നേതൃത്വത്തിലുള്ള ഒന്‍പതംഗ സംഘത്തെയാണു പോലീസ് അറസ്റ്റ് ചെയ്തു നീക്കിയത്.
അതേസമയം ഇന്ന് സന്നിധാനത്ത് വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. വെള്ളിയാഴ്ച 76000 തീർത്ഥാടകരാണ് മല ചവിട്ടിയത്. അവധി ദിവസങ്ങളായതിനാൽ കൂടുതൽ തീർത്ഥാടകരെത്തുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഈ സീസണിൽ ഏറ്റവുമധികം തീർത്ഥാടകർ വന്നത്. 79190 പേരായിരുന്നു അന്ന് എത്തിയത്.
https://www.facebook.com/Malayalivartha






















