സ്കൂൾ കലോത്സവ വേദിയിൽ വിധി കർത്താവിനെതിരെ പാർട്ടി പ്രവർത്തകർ; കവിതാമോഷണ വിവാദം ഉയർത്തിക്കാട്ടി പ്രതിഷേധമറിയിച്ച് ദീപ നിഷാന്തിന്റെ കോലം കത്തിച്ചു

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ദീപ നിഷാന്ത് വിധി കര്‍ത്താവായിയെത്തിയതിനെത്തുടർന്ന് നിരവധി പേർ പ്രതിഷേധമറിയിച്ച് രംഗത്തെത്തിയിരുന്നു. കവിതാമോഷണ വിവാദം ഉയർത്തിക്കാട്ടി അധ്യാപികയും എഴുത്തുകാരിയുമായ ദീപ മൂല്യ നിർണയത്തിന് ഉചിതമല്ലെന്നറിയിച്ചുള്ള പ്രതിഷേധങ്ങൾ കലോത്സവ വേദികളെ ഇളക്കി മറിച്ചിരുന്നു. അതിനിടയിൽ ദീപ നിഷാന്തിനെ വിധി കർത്താവായി എത്തിച്ചതിൽ പ്രതിഷേധമറിയിച്ച് ബിജെപി യുവ മോർച്ച പ്രവർത്തകർ ദീപയുടെ കോലം കത്തിച്ചു.
എന്നാൽ കവിതാമോഷണം വിവാദം ഉയരും മുന്‍പായിരുന്നു അധ്യാപികയും എഴുത്തുകാരിയും എന്ന നിലയില്‍ ദീപ നിശാന്തിനെ വിധി കര്‍ത്താവായി ക്ഷണിച്ചതെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. ദീപ നിശാന്തിനെ വിധിനിര്‍ണയത്തില്‍ നിന്ന് മാറ്റിയിട്ടില്ലെന്നും അവര്‍ക്ക് സ്വമേധയ വേണമെങ്കില്‍ മാറിനില്‍ക്കാം എന്നാണ് സംഘാടക സമിതി നേരത്തെ അറിയിച്ചത്.
ദീപാ നിശാന്ത് എത്തിയതിനെതിരെ പ്രതിപക്ഷ, യുവജന, വിദ്യാർത്ഥി സംഘടനകളും പ്രതിഷേധിച്ചിരുന്നു. ആദ്യം എബിവിപി പ്രവർത്തകരാണ് ദീപയ്ക്കെതിരെ പ്രതിഷേധവുമായി എത്തിയത്. തുടർന്ന് യൂത്ത് കോൺഗ്രസ്, കെഎസ്‍യു വനിതാ പ്രവർത്തകരും ദീപയ്ക്കെതിരെ പ്രതിഷേധവുമായി കലോത്സവ വേദിയിലേക്ക് എത്തുകയായിരുന്നു.
മൂല്യ നിർണയത്തിന്റെ വേദിയായ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹാളിന് മുന്നിലായിരുന്നു പ്രതിഷേധ പ്രകടനം. സംഭവവുമായി ബന്ധപ്പെട്ട് ഒൻപത് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ദീപാ നിശാന്തിനെ വിധി കർത്താവാക്കിയതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. ഡിപിഐയെ വിളിച്ച് പ്രതിഷേധം അറിയിച്ചു എന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം പ്രതിഷേധം അനാവശ്യമെന്നായിരുന്നു ദീപാ നിശാന്തിന്‍റെ പ്രതികരണം. സംസ്ഥാന സ്കൂൾ കലോത്സവത്തില്‍ വിധികർത്താവായി വന്നത് അധ്യാപിക എന്ന നിലയിൽ ആണെന്ന് ദീപാ നിശാന്ത് പ്രതികരിച്ചു. കവിത വിവാദവുമായി ഇതിനെ കൂട്ടികുഴയ്ക്കേണ്ട കാര്യമില്ലെന്നും ദീപാ നിശാന്ത് പറഞ്ഞു.
https://www.facebook.com/Malayalivartha






















