''കിത്താബ് ''നാടകത്തിനെതിരെ കലാപമുയര്‍ത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് ഡിവൈഎഫ്‌ഐ; അവതരിപ്പിക്കാന്‍ സന്നദ്ധമെങ്കില്‍ കിത്താബിനായി വേദിയൊരുക്കുമെന്ന് എസ്‌എഫ്‌ഐ

''കിത്താബ് ''നാടകത്തിനെതിരെ കലാപമുയര്‍ത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് ഡിവൈഎഫ്‌ഐ. മത മൗലികവാദ സംഘടനകള്‍ സ്വതന്ത്രമായ ആവിഷ്‌കാരങ്ങളെ എക്കാലവും എതിര്‍ത്തതാണ് ചരിത്രം. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരെ സംഘപരിവാര്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കു ഊര്‍ജ്ജം പകരാന്‍ മാത്രമേ കിത്താബിനെതിരായ ചില മതസംഘടനകളുടെ നിലപാട് സഹായിക്കൂവെന്നും ഡിവൈഎഫ്‌ഐ തുറന്നടിച്ചു.
ആവിഷ്‌കാര സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുള്ളതാണ്.അത് സെലക്ടീവാകാന്‍ പാടില്ല,''കിത്താബ് ''നാടകം അവതരിപ്പിക്കാനാകാതെ വിതുമ്പുന്ന വിദ്യാര്‍ഥിനികളെ നമ്മള്‍ കണ്ടു. സ്വതന്ത്രമായ ആവിഷ്‌കാരത്തിനുള്ള സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നത് പ്രതിഷേധാര്‍ഹമാണ്. ഡിവൈഎഫ്‌ഐ എക്കാലവും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുവേണ്ടി നിലപാടെടുത്ത സംഘടനയാണ്. ഇത്തരം പിന്തിരിപ്പന്‍ പ്രവണതയ്ക്കെതിരെ സമൂഹം ഒറ്റക്കെട്ടായി രംഗത്ത് വരണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
അതേസമയം അവതരിപ്പിക്കാന്‍ സന്നദ്ധമെങ്കില്‍ കിത്താബിനായി വേദിയൊരുക്കുമെന്ന് എസ്‌എഫ്‌ഐ അറിയിച്ചു. അടച്ചു വെക്കേണ്ടതല്ല, തുറന്ന് സ്വാതന്ത്ര്യത്തിന്റെ വെളിച്ചം പകരേണ്ടത് തന്നെയാണ് കിത്താബ്. കിത്താബിന്റെ ചര്‍ച്ചകള്‍ കോഴിക്കോട് ജില്ല കലോത്സവവേദിയില്‍ നിന്നും തുടങ്ങിയപ്പോള്‍ തന്നെ അര്‍ത്ഥശങ്കയില്ലാതെ കിത്താബിനോട് ഐക്യപ്പെട്ടവരാണ് എസ്‌എഫ്‌ഐ പ്രതികരിച്ചു.
വ്യതിയാനമില്ലാത്ത ആ നിലപാടിനോടൊപ്പം ഒന്നുകൂടി കൂട്ടിചേര്‍ക്കുന്നു. വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കാന്‍ സന്നദ്ധമെങ്കില്‍ കിത്താബിനായി എസ്‌എഫ്‌ഐ വേദിയൊരുക്കും. ഒപ്പം ആവിഷക്കാര സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടങ്ങള്‍ ഇനിയും ഏറ്റെടുക്കുമെന്നും എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിന്‍ ദേവ് പറഞ്ഞു.
https://www.facebook.com/Malayalivartha






















