കണ്ണൂരിന്റെ സ്വപ്നസാഫല്യത്തിന് ഇനി മിനിട്ടുകള്‍ മാത്രം... മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്ന് അബൂദബിയിലേക്കുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം ഫ്‌ലാഗ്ഓഫ് ചെയ്യുന്നതോടെ നാലുപതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമമാകും

കണ്ണൂരിന്റെ സ്വപ്നസാഫല്യത്തിന് ഇനി മിനിട്ടുകള്‍ മാത്രം. കണ്ണൂര്‍ അന്തര്‍ദ്ദേശീയ വിമാനത്താവളം ഇന്ന് പ്രവര്‍ത്തനമാരംഭിക്കുന്നു. ഇന്ന് രാവിലെ 9.55ന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്ന് അബൂദബിയിലേക്കുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം ഫ്‌ലാഗ്ഓഫ് ചെയ്യുന്നതോടെ നാലുപതിറ്റാണ്ടിന്റെ കാത്തിരിപ്പിനാണ് വിരാമമാകുന്നത്. ഉദ്ഘാടനത്തിനായി മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും സിവില്‍ ഏവിയേഷന്‍ ഉന്നത ഉദ്യോഗസ്ഥരും സംസ്ഥാന മന്ത്രിമാരും ശനിയാഴ്ച കണ്ണൂരിലെത്തി. യാത്രാവിമാനങ്ങളുള്‍പ്പെടെ 24 ആഗമനനിര്‍മഗന ചാര്‍ട്ടുകളാണ് ഞായറാഴ്ചത്തെ വ്യോമഗതാഗത ഷെഡ്യൂളിലുള്ളത്. ഉദ്ഘാടന ദിവസംതന്നെ ഇത്ര സജീവമായ വ്യോമഗതാഗത ചാനല്‍ പ്രവര്‍ത്തനസജ്ജമാവുന്നത് അപൂര്‍വമാണെന്ന് എയര്‍ ട്രാഫിക് സര്‍വിസ് ചുമതലയുള്ള എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ വൃത്തങ്ങള്‍ വിശദീകരിച്ചു.
കണ്ണൂരിന്റെ ആകാശസ്വപ്നം പൂവണിയുന്നത് നേരില്‍ക്കാണാന്‍ രണ്ട് ലക്ഷത്തിലേറെ പേരെ പ്രതീക്ഷിച്ചുകൊണ്ടുള്ള അതിവിപുലമായ സംവിധാനങ്ങളാണ് മൂര്‍ഖന്‍പറമ്പില്‍ ഒരുക്കിയത്. കനത്ത ജാഗ്രതയും ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുറപ്പെടല്‍ സമയം തെറ്റാതിരിക്കാന്‍ പുലര്‍ച്ച നാലുമണിക്കുതന്നെ ചെക്ക് ഇന്‍ കൗണ്ടര്‍ പ്രവര്‍ത്തിപ്പിക്കുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ അറിയിച്ചു. പുലര്‍ച്ച വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്ക് പ്രാതല്‍ ഉള്‍പ്പെടെയുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അബൂദബി വിമാനം പറന്നശേഷം ഡല്‍ഹിയില്‍ നിന്നുള്ള ഗോ എയറിന്റെ കണ്ണൂരിലേക്കുള്ള ആദ്യ ആഭ്യന്തര വിമാനം 11.30ഓടെ എത്തും. തുടര്‍ന്ന് ബംഗളൂരുവില്‍ നിന്നുള്ള യാത്രാവിമാനം 12.20ന് ഇറങ്ങും.
ഇത് മൂന്നുമണിക്ക് തിരുവനന്തപുരം പ്രത്യേക സര്‍വിസായി പുറപ്പെടും. ഒരുമണിക്ക് ബംഗളൂരുവിലേക്കുള്ള ആദ്യവിമാനം പറക്കും. അത് 4.10ന് തിരിച്ചെത്തും. പിന്നീട് 5.20ന് ആദ്യത്തെ ഹൈദരാബാദ് സര്‍വിസ്. തിരിച്ച് 9.20ന് ഹൈദരാബാദില്‍നിന്നുള്ള വിമാനമെത്തും. ഏഴുമണിക്ക് അബൂദബിയില്‍ നിന്നുള്ള വിമാനമെത്തും. 9.05ന് റിയാദിലേക്കുള്ള ആദ്യ വിമാനം പുറപ്പെടും. അബൂദബിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസും കേന്ദ്രമന്ത്രിയുമായി ഹെലികോപ്ടറും ശനിയാഴ്ച വൈകീട്ടോടെ വിമാനത്താവളത്തിലിറങ്ങി. ചീഫ് സതേണ്‍ എയര്‍ കമാന്‍ഡന്റ് ഉള്‍പ്പെടെയുള്ള വ്യോമയാന മന്ത്രാലയവുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരുടെ മൂന്ന് ഹെലികോപ്ടറുകളും രണ്ട് ചെറുവിമാനങ്ങളും രാവിലെ ഇറങ്ങും. ഏഴിമല നാവിക അക്കാദമിയുമായി ബന്ധപ്പെട്ട രണ്ട് ഹെലികോപ്ടറുകളും വന്നിറങ്ങും.
https://www.facebook.com/Malayalivartha






















