ആരുമറിയാതെ ബൈക്കുമായി അര്‍ദ്ധരാത്രി കറങ്ങാനിറങ്ങിയ പതിനാലുകാരന് ദാരുണാന്ത്യം

ആരുമറിയാതെ അദ്ധ്യാപകന്റെ ബൈക്കുമായി അര്‍ദ്ധരാത്രി കറങ്ങാനിറങ്ങിയ 14കാരനായ അറബിക് കോളേജ് വിദ്യാര്‍ത്ഥി മരിച്ചു. കൂടെയുണ്ടായിരുന്ന 15കാരന് പരിക്കേറ്റു. മംഗലപുരം മേല്‍തോന്നയ്ക്കല്‍ പാട്ടത്തിന്‍ ദേശത്ത് പൊയ്കയില്‍ പള്ളിക്ക് സമീപം നിഖമത്ത് മന്‍സിലില്‍ സാബു ജസീനബീവി ദമ്പതികളുടെ മകന്‍ സഹല്‍സാബുവാണ് മരിച്ചത്. കരുനാഗപ്പള്ളി പനയന്നാര്‍കാവ് സ്വദേശി ഹസനാണ് പരിക്കേറ്റത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ഇന്നലെ പുലര്‍ച്ചെ ഒരുമണിയോടെ ശാസ്തവട്ടത്തെ റോഡരുകിലെ പോസ്റ്റിലിടിച്ചാണ് അപകടം.
ശബ്ദം കേട്ടെത്തിയ സമീപവാസികള്‍ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും സഹലിനെ രക്ഷിക്കാനായില്ല. മുടപുരത്തെ അറബിക് കോളേജില്‍ താമസിച്ച് പഠിക്കുന്ന ഇവര്‍ കോളേജ് അധികൃതര്‍ അറിയാതെയാണ് അവിടെയുണ്ടായിരുന്ന ബൈക്കില്‍ കറങ്ങാനിറങ്ങിയത്. സഹല്‍ തോന്നയ്ക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്‌ളാസ് വിദ്യാര്‍ത്ഥിയാണ്. പിതാവ് വിദേശത്താണ്. സഹോദരി സാഹിറ തോന്നയ്ക്കല്‍ ബ്‌ളുമൗണ്ട് പബ്‌ളിക് സ്‌കൂളിലെ നാലാംക്‌ളാസ് വിദ്യാര്‍ത്ഥിനി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം പൊയ്കയില്‍ മുസ്‌ളിം ജമാഅത്തില്‍ കബറടക്കി.
"
https://www.facebook.com/Malayalivartha
























