കണ്ണന്താനത്തിന്റെ തള്ളിൽ ബി ജെ പിയും വെട്ടിലാകുന്നു... ബിജെപി ആഹ്വാനം ചെയ്ത ഹർത്താലിനെ എതിർത്തുകൊണ്ട് കണ്ണന്താനം രംഗത്തെത്തിയതോടെ വെള്ളംകുടിച്ച് പാർട്ടി

ഒരിടവേളയ്ക്ക് ശേഷം കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം വീണ്ടും വാർത്തകളിൽ നിറയുകയാണ്. ബിജെപി ആഹ്വാനം ചെയ്ത ഹർത്താലിനെഎതിർത്തുകൊണ്ട് കണ്ണന്താനം രംഗത്തെത്തിയത് ബിജെപി നേതാക്കളെ ഒരുപോലെ ആശങ്കയിലാക്കിയിരിക്കുകയാണ്. കണ്ണന്താനം പറയുന്നത് മറുപടി നൽകേണ്ട അവസ്ഥയിലേക്കാണ് ബിജെപിയെ കൊണ്ടെത്തിച്ചിരിക്കുകയാണ്. സംസ്ഥാന ബിജെപി നേതൃത്വത്തിന്റെ അറിവോ സമ്മതമോ കൂടാതെയാണ് അൽഫോൻസ് കണ്ണന്താനത്തെ കേന്ദ്രമന്ത്രിയാക്കിയത്. മോഡി നേരിട്ട് നടത്തിയ നിയമനം ആയതുകൊണ്ടാണ് ഉയർന്ന വന്ന പ്രതിഷേധം കെട്ടടങ്ങിയത്. എന്നാൽ ലോകസഭാ തെരഞ്ഞെടുപ്പ് അടുക്കുന്ന വേളയിൽ ബിജെപിയെ വെട്ടിലാകുന്ന തരത്തിലുള്ള കണ്ണന്താനത്തിന്റെ തള്ളുകൾ ഏറെ അസ്വസ്ഥമാക്കുന്നുണ്ട്.
അതേസമയം ഇപ്പോൾ അനാവശ്യ ഹർത്താലുകൾക്കെതിരെ കേരളത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ ഹർത്താലുകൾക്ക് ന്യായീകരണമില്ലെന്ന പ്രതികരണവുമായി കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം രംഗത്തെത്തിയിരിക്കുകയാണ്. ബി.ജെ.പിയെന്നല്ല ആര് നടത്തിയാലും ഹർത്താലിന് ന്യായീകരണമില്ല. ജനങ്ങളെ ബുദ്ധിമുട്ടിച്ചാകരുത് ഹർത്താലുകൾ. ഹർത്താൽ ടൂറിസത്തെയും ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വിനോദ സഞ്ചാരം അടക്കമുള്ള കേരളത്തിന്റെ സാമ്പത്തിക മേഖലകളെ ഹർത്താൽ കാര്യമായി ബാധിക്കുന്നുണ്ട്. ക്രിയാത്മകമായി മുന്നോട്ടു പോകുന്ന സമൂഹത്തിന് ചേർന്ന പ്രതിഷേധ മാർഗമല്ല ഹർത്താലുകൾ. ജനാധിപത്യത്തിൽ പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും പക്ഷേ അതു ജനങ്ങളെ ബുദ്ധിമുട്ടിച്ചു കൊണ്ടാകരുതെന്നും അൽഫോൺസ് കണ്ണന്താനം വ്യക്തമാക്കി.
കഴിഞ്ഞ ദിവസത്തെ ഹർത്താലിനിടയിൽ 2,000 വിദേശ ടൂറിസ്റ്റുകളാണ് കേരളത്തിലെത്തിയത്. ഹർത്താൽ നടത്തുമ്പോൾ ടൂറിസത്തെ മാത്രം എങ്ങനെയാണ് ഒഴിവാക്കുക. എങ്ങനെ അവർക്ക് പുറത്തിറങ്ങാനും യാത്ര ചെയ്യാനും ഷോപ്പിംഗ് നടത്താനും കഴിയുകയെന്നും മന്ത്രി ചോദിച്ചു. ഭാവി തലമുറയ്ക്ക് ജോലിയും വരുമാനവും ഉണ്ടാകുന്ന സാഹചര്യം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി തന്നെ ആഹ്വനം ചെയ്ത ഹാർത്തലിനെ തിരിച്ചടിയ്ക്കുന്നതുപോലെ ആയിരുന്നു കണ്ണന്താനത്തിന്റെ വാക്കുകൾ.
കണ്ണന്താനം എന്നാണ് പേരെങ്കിലും തള്ളന്താനം എന്നാണ് വിളിപേര് തന്നെ. കാരണം തള്ള് ഇത്തിരി കൂടുതലാണ്. പക്ഷേ പറഞ്ഞിട്ടെന്താ. തള്ളി തള്ളി കേന്ദ്ര മന്ത്രിസഭയില്‍ വരെ എത്തിയില്ലേ. തള്ളിക്കയറുന്നു എന്ന പേര് പാവം കുമ്മനത്തിനും. കേരളത്തിന് മന്ത്രിസഭയില്‍ ഒരു പ്രതിനിധിയെ കിട്ടിയാല്‍ അത് താനായിരിക്കുമെന്ന് കുമ്മനവും വി മുരളീധരനും സുരേഷ് ഗോപിയുമൊക്കെ വിചാരിച്ചിരുന്നു. പക്ഷേ, ചരിത്രത്തിലാദ്യമായി കുമ്മനത്തെയും കുമ്മനടിച്ചാണ് കണ്ണന്താനം മന്ത്രിസഭയില്‍ കയറിക്കൂടിയത്. അങ്ങനെ ,സംസ്ഥാനത്തിന് സ്വന്തമായി ഒരു കേന്ദ്രമന്ത്രിയെക്കിട്ടിയതും സംസ്ഥാനത്തെ ബിജെപിക്കാര്‍ ഏതാണ്ട് ദുഖാചരണത്തിലായിപ്പോയി. പക്ഷെ കണ്ണന്താനത്തിന്റെ ഈ തള്ളുകളിൽ വെട്ടിലാവുന്നത് പാർട്ടി തന്നെയാണ്. കേന്ദ്രമന്ത്രി ആയശേഷം അദ്ദേഹത്തിന്റെ ഫസ്റ്റ് തള്ള് പാർട്ടിയുടെ നെഞ്ചത്ത് തന്നെയായിരുന്നു. അതായത് സ്ഥാനം ഏറ്റെടുത്തതും കണ്ണന്താനത്തിന്റെ സ്വഭാവം മാറിത്തുടങ്ങിയെന്ന് പറയാം. ബീഫില്‍ തൊട്ടായിരുന്നു തുടക്കം. ബീഫൊക്കെ തിന്നാന്‍ ഒരു കുഴപ്പവുമില്ലെന്ന് പറഞ്ഞായിരുന്നു തുടക്കം. മോദിയെ കണ്ട് ഭരണം തുടങ്ങിയപ്പോഴല്ലേ കുഴപ്പവും തുടങ്ങിയത്. കണ്ണന്താനവും സംഘിയാകാന്‍ തുടങ്ങി. അവസാനം ബീഫ് വേണ്ട വിദേശികള്‍ സ്വന്തം നാട്ടീന്ന് കഴിച്ചിട്ട് വന്നാ മതിയെന്നു വരെ പറഞ്ഞു. മുഖം രക്ഷിക്കാൻ ശ്രമിച്ചു.
അതിന് പിന്നാലെയാണ് വിവാദമായ ഇന്ത്യാ ഗേറ്റ് ശുചീകരണയജ്ഞത്തിന് പുറകെ സെന്‍ട്രല്‍ ഡല്‍ഹിയിലെ ജന്‍പഥ് മാര്‍ക്കറ്റിലെ വെറ്റിലക്കറ പറ്റിയ ചുവരുകള്‍ വൃത്തിയാക്കി കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം എത്തിയത്. വെറും കൈ കൊണ്ട് ചുവരില്‍ സോപ്പുപൊടി തേച്ച് പിടിപ്പിച്ച് ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കിയ കണ്ണന്താനം ആദ്യം സ്വയം അഭിനന്ദിച്ചു. പിന്നീട് കൂടെ നില്‍ക്കുന്നവരില്‍ നിന്ന് കയ്യടി ചോദിച്ചു വാങ്ങുകയും ചെയ്തു.
അതിന് പിന്നാലെയാണ് കേരളത്തിൽ പ്രളയ സമയത്ത് ദുരിതാശ്വാസ ക്യാംപില്‍ സന്ദർശത്തിനായി എത്തിയത്. ചങ്ങനാശ്ശേരി എസ് ബി ഹൈസ്കൂളില്‍ ക്യാമ്പില്‍ കിടന്നുറങ്ങാന്‍ തീരുമാനിച്ചു' എന്ന അടിക്കുറിപ്പോടെ, അല്‍ഫോണ്‍സ് കണ്ണന്താനം ചങ്ങനാശ്ശേരി എസ്ബി ഹൈസ്കൂളിലെ ക്യാമ്പില്‍ വെറും നിലത്ത് തുണിവിരിച്ച് കിടന്നുറങ്ങുന്ന ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചത്. ചെങ്ങന്നൂര്‍, മാവേലിക്കര എന്നിവിടങ്ങളിലെ വിവിധ ക്യാമ്പുകള്‍ സന്ദര്‍ശിക്കുന്ന വികാര നിര്‍ഭരമായ ചിത്രങ്ങള്‍ക്കൊടുവിലാണ് അല്‍ഫോണ്‍സ് കണ്ണന്താനം, അദ്ദേഹം ഉറങ്ങുന്നതിന്‍റെ ചിത്രം പ്രസിദ്ധീകരിച്ചത്. ഇതോടെ ട്രോളന്മാര്‍ കണ്ണന്താനത്തിന്‍റെ പേജില്‍ പൊങ്കാല ഇടുകയായിരുന്നു. ഉറങ്ങിക്കിടക്കുന്ന ആള്‍ ഏങ്ങനെ സ്വന്തം ചിത്രങ്ങളെടുത്ത് സ്വന്തം അക്കൗണ്ടില്‍ പ്രസിദ്ധപ്പെടുത്തും എന്നതായിരുന്നു എല്ലാവരുടെയും പ്രധാന സംശയം. ഉറങ്ങുന്നതിന്റെ ചിത്രം വ്യാപകമായ രീതിയില്‍ പരിഹസിക്കപ്പെട്ടതോടെ വിശദീകരണവുമായി കണ്ണന്താനം തന്നെ നേരിട്ടെത്തി. കേരളത്തിലെ പ്രളയ ബാധിത മേഖലകൾ സന്ദർശിക്കുകയുണ്ടായി. ദുരിതബാധിതർക്ക് ഒപ്പം ഏറെ സമയം ചെലവിടാനും അവരുടെ ദുഖത്തിൽ അവരെ ആശ്വസിപ്പിക്കുവാനും സാധിച്ചു. രാത്രി ക്യാമ്പിലാണ് കഴിച്ചുകൂട്ടിയത്. ആ അവസരത്തിൽ എൻറെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന എൻറെ പേഴ്സണൽ സ്റ്റാഫ് ആണ് ഞാൻ ഉറങ്ങുന്ന ഫോട്ടോ പോസ്റ്റ് ചെയ്തത്''. എന്നാണ് കേന്ദ്രമന്ത്രി ഉറങ്ങുന്ന പോസ്റ്റിന് വിശദീകരണം നൽകിയത്.
ശബരിമല വിഷയം കേരളത്തിൽ അലയടിച്ചപ്പോഴും ശബരിമല സന്ദർശനത്തിനായി കണ്ണന്താനം എത്തിയിരുന്നു. നിലയ്ക്കലിലെത്തിയ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം ഭക്തർക്കായി നിർമിച്ച ശുചിമുറി പരിശോധിച്ചു. ഒരു സൗകര്യവും ഇല്ലാത്ത നിലവാരമില്ലാത്ത ശുചിമുറികൾ എങ്ങനെ ഉപയോഗിക്കുമെന്ന് അധികൃതരോട് ക്ഷോഭിച്ചു. അതിനിടയിലും കണ്ണന്താനത്തിന്റെ തള്ളെത്തി 36 വര്‍ഷം മുമ്പ് 32 മിനിട്ടുകൊണ്ട് ശബരിമല കയറിയിട്ടുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്. അതും സബ് കളക്ടറായിരിക്കേ. അതേസമയം കണ്ണന്താനം പറയുന്നത് മറുപടി നൽകേണ്ട അവസ്ഥയിലേക്കാണ് ബിജെപിയെ കൊണ്ടെത്തിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha
























