സംഘപരിവാർ പ്രതിഷേധം ഭയന്ന് മുഖ്യമന്ത്രി പൊതു പരിപാടിയുടെ വേദി മാറ്റി; ഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ സര്‍ക്കാര്‍ നിശ്ചയിച്ച പരിപാടിയില്‍ നിന്ന് മുന്നറിയിപ്പില്ലാതെയുള്ള മനംമാറ്റത്തിന് ഖജനാവിൽ നിന്ന് നൽകേണ്ടി വന്നത് ലക്ഷങ്ങൾ

പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ സംഘപരിവാർ പ്രതിഷേധം ഭയന്ന് പൊതു പരിപാടിയുടെ വേദി മാറ്റി. ഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ വമ്പന്‍ ഫീസ് കൊടുത്ത് സര്‍ക്കാര്‍ നിശ്ചയിച്ച പരിപാടിയില്‍ നിന്ന് മുന്നറിയിപ്പില്ലാതെയായിരുന്നു മുഖ്യമന്ത്രിയുടെ പിന്മാറ്റം. അതേസമയം മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് വേദി മാറ്റിയതാണെന്ന ആരോപണവും ഉയരുന്നുണ്ട്.
ശനിയാഴ്ച വൈകിട്ട് റാഫി മാർഗിലുള്ള കോൺസ്റ്റിറ്റിയൂഷൻ ക്ലബ്ബിലാണ് ആദ്യം പരിപാടി തീരുമാനിച്ചിരുന്നത്. ഇതനുസരിച്ചുള്ള ക്ഷണക്കത്ത് പബ്ലിക് റിലേഷൻസ് വകുപ്പ് ഇറക്കുകയും ചെയ്തു. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതിന് ശേഷമായിരുന്നു വേദി മാറ്റിയത്. പ്രഥമ ഗുരുഗോപിനാഥ് ദേശീയ നാട്യപുരസ്‌കാരം മോഹിനിയാട്ടം നർത്തകി ഡോ.കനക് റെലേയ്ക്ക് സമ്മാനിക്കുന്ന പരിപാടിയുടെ വേദിയാണ് മാറ്റിയത്.
എന്നാൽ വേദിമാറ്റിയതിനു പിന്നാലെ വെള്ളിയാഴ്ച രാത്രി തന്നെ തിടുക്കത്തിൽ കേരള ഹൗസിൽ താൽക്കാലിക പന്തൽ നിർമ്മിക്കുകയും ചെയ്തു. കനത്ത വാടകയാണ് കോൺസ്റ്റിറ്റിയൂഷൻ ക്ലബ്ബ് ഈടാക്കുന്നത്. ബുക്ക് ചെയ്യുമ്പോൾത്തന്നെ പണം നൽകണം. അവസാന നിമിഷമാണ് പരിപാടി റദ്ദാക്കിയതെന്നതിനാൽ അടച്ച പണം തിരികെക്കിട്ടില്ല. രണ്ട് ലക്ഷത്തോളം രൂപയാണ് സർക്കാർ ഖജനാവിന് നഷ്ടം. ഇതിന് പുറമെയാണ് കേരള ഹൗസിൽ പന്തൽ ഇടാൻ ചെലവായ തുക. അതേസമയം കോൺഫറൻസ് ഹാൾ ഉണ്ടായിട്ടും പന്തൽ വേണമെന്ന് അധികൃതർ വാശിപിടിക്കുകയായിരുന്നു എന്നാണ് വിവരം.
കല നിശബ്ദമാകുന്നിടത്ത് ഫാസിസം വേരുപിടിക്കുമെന്നും കലാകാരന്മാരുടെ നിതാന്ത ജാഗ്രത ഇക്കാര്യത്തിലുണ്ടാകണമെന്നും ചടങ്ങിൽ മുഖ്യമന്ത്രി പറഞ്ഞു. മൂന്നുലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശിൽപ്പവും പ്രശസ്തി പത്രവും മുഖ്യമന്ത്രി നർത്തകിയ്‌ക്ക് സമ്മാനിച്ചു. സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ.ബാലൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഗുരു ഗോപിനാഥ് നടന ഗ്രാമം വൈസ് ചെയർമാൻ കെ.സി.വിക്രമൻ സ്വാഗതം പറഞ്ഞു.
അതേസമയം ഓംചേരിയുടെ ആക്‌സമികം എന്ന പുസ്തക പ്രകാശനത്തിനും മുഖ്യമന്ത്രി പങ്കെടുക്കേണ്ടതായിരുന്നു. ഭാരതീയ വിദ്യാഭവന്റെ ഹാളിലായിരുന്നു ഇത് നടക്കേണ്ടത്. ഇവിടേക്കും മുഖ്യമന്ത്രി പോയില്ല. കേരള ഹൗസിലെ പന്തലിൽ മൂന്ന് മണിയോടെ ഈ പുസ്തക പ്രകാശനം മുഖ്യമന്ത്രി നിർവ്വഹിച്ചു. അതിന് ശേഷം ഇതേ വേദിയിൽ ഗുരുഗോപിനാഥ് ദേശീയ നാട്യപുരസ്‌കാരവും നൽകി.
ചടങ്ങിൽ പങ്കെടുക്കാൻ നിരവധി പേർ കേരളത്തിൽ നിന്ന് എത്തിയിരുന്നു. ഇവർക്കൊന്നും വ്യക്തമായ അറിയിപ്പ് നൽകിയിരുന്നില്ല. സുരക്ഷാ കാരണങ്ങളാൽ വേദി മാറ്റിയെന്ന അറിയിപ്പാണ് ഇവർക്ക് കിട്ടിയത്. ഉത്തരേന്ത്യയിൽ സംഘപരിവാറിന് വലിയ ശക്തിയുള്ളതുകൊണ്ടു തന്നെ ശബരിമലയിൽ കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് ജയിലിട്ട പിണറായിയ്‌ക്കെതിരെ കേരളത്തിന് പുറത്ത് ബിജെപിക്കാർ പ്രതിഷേധം ഉയർത്തുമെന്ന് ഇന്റലിജൻസ് റിപ്പോർട്ടുണ്ട്. ഈ സാഹചര്യത്തിൽ കേരള ഹൗസിൽ മാത്രമേ ഇനി മുഖ്യമന്ത്രി ഡൽഹിയിൽ പരിപാടികളിൽ പങ്കെടുക്കൂ. ഇവിടെ കേന്ദ്ര പൊലീസിന്റെ അടക്കം മതിയായ സുരക്ഷയുണ്ട്. പുറത്തെ വേദികളിൽ അക്രമിക്കപ്പെടാൻ സാധ്യത ഏറെയാണെന്നാണ് പൊലീസ് റിപ്പോർട്ട്.
മുൻപ് 2016 ൽ ഭോപ്പാലിൽ പൊതുചടങ്ങിൽ പങ്കെടുക്കുന്നതിൽ നിന്ന് പിണറായി വിജയനെ പൊലീസ് തന്നെ തടഞ്ഞിരുന്നു. അന്ന് പൊലീസ് മേധാവി നേരിട്ടെത്തിയാണ് മുഖ്യമന്ത്രിയോട് ഖേദപ്രകടനം നടത്തിയത്. പിന്നീട് അന്നത്തെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പിണറായിയെ നേരിട്ട് ഫോണിൽ വിളിച്ച് ഖേദം അറിയിക്കുകയും ചെയ്തു. സംഭവത്തെ തുടർന്ന് ചീഫ് സെക്രട്ടറിയും ജില്ലാ കളക്ടറും മുഖ്യമന്ത്രിയെ കാണാനെത്തി. സുരക്ഷാ പ്രശ്നത്തെ തുടർന്നാണ് ഭോപ്പാലിൽ മലയാളി സംഘടനകൾ ഒരുക്കിയ സ്വീകരണത്തിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് മധ്യപ്രദേശ് പൊലീസ് പിണറായി വിജയന് മുന്നറിയിപ്പ് നൽകിയത്. ആർഎസ്എസ് പ്രതിഷേധത്തിന് സാധ്യത ചൂണ്ടിക്കാണിച്ചായിരുന്നു മുന്നറിയിപ്പ്.
ഡൽഹിയിലെ ഭരണം ആംആദ്മിക്കാണെങ്കിലും പൊലീസിനെ നിയന്ത്രിക്കുന്നത് ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാരാണ്. അതുകൊണ്ട് തന്നെ ബിജെപിക്കാർ പ്രതിഷേധത്തിന് എത്തിയാൽ മതിയായ സുരക്ഷ കിട്ടില്ലെന്നാണ് വിലയിരുത്തൽ. ബിജെപി ഭരണമുള്ള സംസ്ഥാനങ്ങളിലും കരുതലോടെ മാത്രമേ പിണറായി ഇനി പരിപാടികളിൽ പങ്കെടുക്കൂവെന്നാണ് സൂചന.
https://www.facebook.com/Malayalivartha
























