ആദ്യം വാരിപ്പുണരുക ,പിന്നെ തള്ളിപ്പറയുക, അതാണ് മഞ്ജു; വനിതാ മതിലിനെ ആദ്യം പിന്തുണച്ചും പിന്നീട് നിലപാട് മാറ്റിയും രംഗത്ത് വന്ന മഞ്ജു വാര്യറിനെതിരെ സിന്ധു ജോയ്

വനിതാ മതിലിനെ ആദ്യം പിന്തുണച്ചും പിന്നീട് നിലപാട് മാറ്റിയും രംഗത്ത് വന്ന മഞ്ജു വാര്യറിനെതിരെ സിന്ധു ജോയ്. കേരളം കൈവരിച്ച സാമൂഹ്യ പരിഷ്‌കരണ നേട്ടങ്ങൾ മുന്നോട്ട‌് കൊണ്ടുപോകുന്നതിനും നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും സ്ത്രീ പുരുഷ സമത്വം ഉയർത്തിപ്പിടിക്കുന്നതിനുമുള്ള ലക്ഷ്യത്തോടെ ജനുവരി ഒന്നിന് സംസ്ഥാനത്ത് കാസർകോട‌് മുതൽ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന വനിതാ മതിലിന് പിന്തുണയുമായി നടി മഞ്ജു വാര്യര്‍ മുന്നോട്ട് വന്നിരുന്നു. വനിതാ മതിന്‍റെ പേജിലാണ് മഞ്ജുവിന്‍റെ പിന്തുണ അറിയിച്ചുകൊണ്ടുള്ള വീഡിയോ പോസ്റ്റ് ചെയ്തത്. ''നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കണം. സ്ത്രീ പുരുഷ സമത്വം അനിവാര്യം. മുന്നോട്ട് പോകട്ടേ കേരളം. ഞാന്‍ വനിതാ മതിലിനൊപ്പം'' എന്നും മഞ്ജു വാര്യര്‍ വീഡിയോയില്‍ പറഞ്ഞു. എന്നാല്‍ പിന്നാലെ വനിതാ മതിലിന്റെ പിന്നിലൊരു രാഷ്ട്രീയത്തിന്റെ നിറമുണ്ടെന്ന് പറഞ്ഞുകൊണ്ട് പിന്തുണ പിന്‍വലിക്കുകയായിരുന്നു താരം. തുടർന്ന് നടിയുടെ നിലപാട് മാറ്റത്തെ വിമര്‍ശിച്ചുകൊണ്ടാണ് എസ്എഫ്‌ഐ മുന്‍ നേതാവ് സിന്ധു ജോയ് രംഗത്തെത്തിയത്.
സിന്ധു ജോയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങെന:
വനിതാമതിലിന് മഞ്ജുവാര്യർ 'ഒടി'വെക്കുന്പോൾ
----------------------------------------------------------------------------------
മലയാളിയുടെ 'പെണ്ണത്ത'ത്തിന്റെ പ്രതീകമായി കുറേനാളായി വാഴ്‌ത്തപ്പെടുന്നുണ്ട് മഞ്ജു വാര്യർ; പ്രത്യേകിച്ചും അവരുടെ രണ്ടാംവരവിനുശേഷം! 'വിമൻ ഇൻ സിനിമ കളക്ടീവ്' എന്ന പെൺകൂട്ടായ്‌മയുടെ പിറവി തന്നെ പടിയിറങ്ങിപ്പോന്ന മഞ്ജുവിനൊരു പ്രതിരോധമതിൽ പണിയാനായിരുന്നു എന്നതാണ് സത്യം. നടി ആക്രമിക്കപ്പെട്ട സംഭവം അതിനൊരു 'വഴിമരുന്ന്' ആയെന്നുമാത്രം. നാൽപതാം വയസിലും നിലപാടുകളൊന്നുമില്ലാത്ത മഞ്ജു ആ മതിലും പൊളിച്ചു; പുറത്തുവന്ന് ഭള്ളുപറഞ്ഞത് അതിലേറെ കഷ്ടം. മഞ്ജുവിനെ പ്രതിരോധിക്കാനിറങ്ങിയ കഴിവുള്ളൊരു നടി ആ ഉദ്യമത്തിൽ ബലിയാടായി; പാർവതി. മഞ്ജുവിനേക്കാൾ ഒരുപാട് ഉയരങ്ങളിൽ എത്തേണ്ടിയിരുന്ന ഒരു പ്രതിഭ. സിനിമയിലെ ആങ്ങളമാരുടെ സംഘടനയുടെ ഒരുകാതം അകലെയാണ് അവൾ ഇപ്പോൾ; അവസരങ്ങളും നന്നേ കുറവ്.
'വനിതാ മതിൽ' ആണ് ഈ പെണ്ണൊരുത്തി ഇപ്പോൾ തള്ളിപ്പറയുന്ന സംഭവം.
'ആദ്യം വാരിപ്പുണരുക, പിന്നെ തള്ളിപ്പറയുക', അതാണ് മഞ്ജുവിന്റെ സ്വഭാവം. മഞ്ജുവിന്റെ ഒരു വീഡിയോ യൂട്യൂബിൽ കിടന്ന് കറങ്ങുന്നുണ്ട് : "നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കണം. സ്ത്രീ-പുരുഷ സമത്വം അനിവാര്യം. മുന്നോട്ട് പോകട്ടെ കേരളം. ഞാൻ വനിതാ മതിലിനൊപ്പം." ഇതായിരുന്നു ആഹ്വാനം!.
നേരം ഇരുട്ടിവെളുത്തപ്പോൾ ആയമ്മ നിലപാട് മാറ്റി ഫേസ്ബുക്കിൽ കുറിപ്പിറക്കി: "സ്ത്രീകള്‍ക്കുവേണ്ടിയുള്ള ഒരു സര്‍ക്കാര്‍ ദൗത്യം എന്ന ധാരണയിലാണ് വനിതാമതില്‍ എന്ന പരിപാടിക്ക് പിന്തുണ പ്രഖ്യാപിച്ചത്. പക്ഷേ അതിന് ഇതിനകം ഒരു രാഷ്ട്രീയ നിറം വന്നുചേര്‍ന്നത് ഞാന്‍ അറിഞ്ഞിരുന്നില്ല....പാര്‍ട്ടികളുടെ പേരില്‍ രാഷ്ട്രീയനിറമുള്ള പരിപാടികളില്‍നിന്ന് അകന്നുനില്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ആ നിലപാടാണ് വനിതാമതിലിന്റെ കാര്യത്തിലുമുള്ളതെന്ന് വ്യക്തമാക്കട്ടെ."
അസലൊരു രാഷ്ട്രീയം ഈ നിലപാട് മാറ്റത്തിനു പിന്നിലുണ്ട്, ദേശീയതലത്തിൽ വാഗ്ദാനം ചെയ്യപ്പെടുന്ന ആദരവുകൾ, അംഗീകാരങ്ങൾ, അതിന്റെ ആരവങ്ങൾ. ഇതിനെ വേണമെങ്കിൽ അവസരവാദമെന്നും വിളിക്കാം.
വനിതാമതിലിനുമുണ്ട് രാഷ്ട്രീയം. അത് വെറും ചെങ്കൊടിയുടെ മാത്രം രാഷ്ട്രീയമാണെന്ന് ഞാൻ കരുതുന്നില്ല. അത് പ്രതിരോധത്തിന്റെ രാഷ്ട്രീയമാണ്, നവോത്ഥാനത്തിന്റെ രാഷ്ട്രീയമാണ്; ഒപ്പം ഫാഷിസത്തിനെതിരായ പോരാട്ടമാണ്.
കേരളത്തിന്റെ നവോത്ഥാനമുന്നേറ്റങ്ങളെ 'ഒടി'വെക്കാൻ ശ്രമിക്കരുത്, അത് ആരായാലും... എന്നായിരുന്നു ഫേസ്ബുക് പോസ്റ്റ്.
ജനുവരി ഒന്നിന് സംസ്ഥാനത്ത് കാസർകോട‌് മുതൽ തിരുവനന്തപുരം വരെയാണ് വനിതാ മതിൽ സംഘടിപ്പിക്കുന്നത്. എന്നാൽ, ജില്ലാതല സംഘാടക സമിതി യോഗത്തിൽ പങ്കെടുത്ത സംഘടനകൾ സംഘാടന തലത്തിൽ നടത്തിയിട്ടുള്ള ഒരുക്കങ്ങളും ക്രമീകരണങ്ങളും സംബന്ധിച്ച് ചർച്ച നടത്തി. ഈ ചർച്ചയിലാണ് സംഘടനകൾ സ്വന്തം നിലയിൽ ജില്ലയിൽനിന്നും പങ്കെടുപ്പിക്കുന്നതിന് ലക്ഷ്യമിട്ട പ്രവർത്തകരുടെ എണ്ണം വ്യക്തമാക്കിയത്. ഇതുപ്രകാരം ജില്ലയിൽനിന്നും 45,000 സ്ത്രീകളെ വനിതാ മതിലിൽ പങ്കെടുപ്പിക്കുന്നതിന് യോഗത്തിൽ തീരുമാനമെടുത്തു. കാസർകോട‌് മുതൽ തിരുവനന്തപുരം വരെ 620 കിലോമീറ്റർ നീളത്തിൽ തീർക്കുന്ന വനിതാമതിലിൽ എറണാകുളം ജില്ലയിൽ കറുകുറ്റി- അരൂർ ദേശീയപാത സെഗ്‌മെന്റിൽ ആലുവ ഭാഗത്താണ് ജില്ലയിൽനിന്നുള്ളസ‌്ത്രീകൾ വനിതാ മതിലിൽ പങ്കാളികളാകുന്നത്.
https://www.facebook.com/Malayalivartha
























