യുവതികളുടെ വേഷം ധരിച്ചെത്തുന്നത് ആശയക്കുഴപ്പത്തിനിടയാക്കും; ആചാരങ്ങളെ തള്ളിക്കളഞ്ഞുകൊണ്ടോ ലംഘിച്ചുകൊണ്ടോ മുന്നോട്ടുപോകാന്‍ അനുവദിക്കില്ല; ട്രാന്‍സ്ജെന്‍ഡേഴ്സിന് ശബരിമലയിൽ ദര്‍ശനം നടത്തുന്നതില്‍ തടസമില്ലെന്ന് തന്ത്രിയും പന്തളം കൊട്ടാരവും

ശബരിമലയില്‍ ട്രാന്‍സ്ജെന്‍ഡേഴ്സിന് ദര്‍ശനം നടത്തുന്നതില്‍ തടസമില്ലെന്ന് ശബരിമല തന്ത്രി തന്ത്രി കണ്ഠരര് രാജീവര്. മറ്റ് ആചാരങ്ങള്‍ പാലിച്ചുകൊണ്ട് ട്രാന്‍സ് ജെന്‍ഡേഴ്സിന് ദര്‍ശനം നടത്തമാമെന്ന് തന്ത്രി വ്യക്തമാക്കിയതായി ദി ഹിന്ദു ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.
ശബരിമലയിൽ ട്രാന്‍സ്ജെന്‍ഡേഴ്സ് ദർശനം നടത്തുന്നതിൽ പന്തളം കൊട്ടാരവും സമാനമായ നിലപാടാണ് സ്വീകരിച്ചത്. ഇക്കാര്യത്തില്‍ തടസമില്ലെന്ന് പന്തളം കൊട്ടാരം നിര്‍വാക കമ്മിറ്റി സെക്രട്ടറി കെപി നാരായണ വര്‍മ്മ വ്യക്തമാക്കിയതായും ദി ഹിന്ദു ദിനപത്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാൽ ട്രാന്‍സ്ജെന്‍ഡേഴ്സ് യുവതികളുടെ വേഷം ധരിച്ചെത്തുന്നത് ആശയക്കുഴപ്പത്തിനിടയാക്കുമെന്ന് നാരായണ വര്‍മ്മ വ്യക്തമാക്കി.
സുഗമമായ മണ്ഡല ഉത്സവകാലം ശബരിമലയില്‍ ഉണ്ടാകണമെന്നാണ് പന്തളം കൊട്ടാരത്തിന്‍റെ ആവശ്യം. അവിടത്തെ ആചാരങ്ങളെ തള്ളിക്കളഞ്ഞുകൊണ്ടോ ലംഘിച്ചുകൊണ്ടോ മുന്നോട്ടുപോകാന്‍ പന്തളം കൊട്ടാരം അനുവദിക്കില്ല. കഴിഞ്ഞ ദിവസം ട്രാന്‍സ്ജെന്‍ഡേഴ്സിനെ എരുമേലിയില്‍ തടഞ്ഞത് പൊലീസിന്‍റെ സമയോജിത നടപടിയാണ്. യുവതികളുടെ വേഷത്തില്‍ എത്തിയാണ് അവരെ തടയാന്‍ കാരണം. അത് അനാവശ്യ പ്രശ്നങ്ങള്‍ക്ക് ഇടയാക്കും. ശബരിമലയില്‍ അത്തരം പ്രശ്നങ്ങളുണ്ടാകാതിരിക്കാനാണ് പൊലീസ് ശ്രമിച്ചത്. ശബരിമലയിലെ ആചാരങ്ങളും അനുഷ്ടാനങ്ങളും സംരക്ഷിക്കേണ്ട ചുമതല തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനുണ്ടെന്നും വര്‍മ്മ പറഞ്ഞതായി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.
അവന്തിക, അനന്യ, തൃപ‌്തി, രഞ‌്ജുമോൾ എന്നിവരാണ‌് ഞായറാഴ‌്ച പുലർച്ചെ ഇരുമുടിക്കെട്ടും കറുത്ത വേഷവുമണിഞ്ഞ് ശബരിമല ദർശനത്തിനായി എത്തിയത്. സ്ത്രീ വേഷത്തിൽ ശബരിമലയിലേക്ക് പോകുന്നത് പ്രശ്നങ്ങൾക്കിടയാക്കുമെന്ന് പൊലീസ് അറിയിക്കുകയായിരുന്നു. വേഷം മാറാൻ ഇവർ തയാറാകാതിരുന്നതിനെ തുടർന്ന് തിരിച്ചയക്കുകയായിരുന്നു. വ്രതമെടുത്ത‌് കെട്ടുനിറച്ചാണ‌് വരുന്നതെന്നും ശബരിമലക്ക‌് പോകണമെന്നും ഇവർ ശഠിച്ചെങ്കിലും പൊലീസ‌് ഇവരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി.
തുടർന്ന് ഹൈക്കോടതി നിയമിച്ച നിരീക്ഷണ സമിതിയുടെ ഉപദേശം തേടിയശേഷം ശബരിമല ദർശനം നടത്തുമെന്ന‌് ട്രാൻസ‌്ജെൻഡേഴ‌്സ‌് വ്യക്തമാക്കി. എരുമേലിയിലെത്തിയ സംഘത്തെ ക്രമസമാധാന പ്രശ‌്നം സൃഷ്ടിക്കുന്നതിനാൽ പൊലീസ‌് പിന്തിരിപ്പിച്ചിരുന്നു.
എസ‌്പി ഹരിശങ്കറുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ നിരീക്ഷണ സമിതിയുടെ ഉപദേശം തേടിയ ശേഷം മാത്രം പോയാൽ മതിയെന്ന‌് തീരുമാനിച്ചതായി ഇവർ മാധ്യമങ്ങളോട‌് പറഞ്ഞു. അംഗങ്ങളെ നേരിൽകാണുമെന്നും ഇവർ അറിയിച്ചു. അനന്യ ഒഴികെയുള്ള മൂന്നുപേർ മുമ്പ‌് ശബരിമലയിൽ പോയിട്ടുണ്ടെന്ന‌് ഇവർ പറഞ്ഞു. ശബരിമലയിൽ എല്ലാ ഭക്തർക്കും സുരക്ഷയൊരുക്കാൻ പൊലീസ‌് സജ്ജമാണെന്ന‌് എസ‌്പി ഹരിശങ്കർ അറിയിച്ചു. ട്രാൻസ‌്ജെൻഡേഴ‌്സിന‌് ശബരിമല ദർശനത്തിന‌് നിരീക്ഷണ സമിതി അനുമതി നൽകിയാൽ പൊലീസ‌് സുരക്ഷയൊരുക്കും. കാഞ്ഞിരപ്പള്ളി ഡിവൈഎസ‌്പി പി മധുസൂദനനും ചില പൊലീസുകാരും അപമര്യാദയായി പെരുമാറിയെന്ന പരാതി അന്വേഷിക്കുമെന്നും എസ‌്പി അറിയിച്ചു.
അതേസമയം ശബരിമലയിലും പരിസരങ്ങളിലും പ്രഖ്യാപിച്ച നിരോധനാജ്ഞ രണ്ട് ദിവസത്തേക്ക് കൂടി നീട്ടി. സംഘപരിവാറിന്റെ നാമജപ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. യുവതീ പ്രവേശനമുണ്ടാകുമെന്ന പ്രഖ്യാപനമുള്ളതിനാല്‍ പൊലീസ് അതീവ ജാഗ്രതയിലാണ്. ഇന്നലെ വൈകീട്ട് ആറ് മണി വരെ 59,337 തീര്‍ത്ഥാടകര്‍ മലചവിട്ടി.
സീസണ്‍ തുടങ്ങിയപ്പോള്‍ മുതല്‍ തന്നെ നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു. പിന്നീട് അഞ്ച് തവണകളിലായി നീട്ടി. സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധവും നിരോധനാജ്ഞ ലംഘന സമരവും തുടരുന്ന സാഹചര്യത്തില്‍ 144 നീട്ടണമെന്നതാണ് പൊലീസിന്റെ ആവശ്യം. ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി അംഗം സന്നിധാനത്ത് തുടര്‍ന്ന്, സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. 23ന് യുവതികള്‍ മലചവിട്ടാന്‍ എത്തുമെന്ന പ്രചാരണമുള്ളതിനാല്‍ പൊലിസ് അതീവ ജാഗ്രതയിലാണ്. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന മനിതി എന്ന സംഘടനയുടെ നേതൃത്വത്തിലാണ് യുവതികള്‍ എത്തുക എന്നാണ് വിവരം. സുരക്ഷ ആവശ്യപ്പെട്ട് ഇവര്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയിട്ടുണ്ട്.
ഇന്നലെ മുതല്‍ നിലയ്ക്കലില്‍ പൊലീസ് പരിശോധന ആരംഭിച്ചിട്ടുണ്ട്. എല്ലാ ബസുകളിലും പൊലിസ് പരിശോധിച്ചാണ് പമ്പയിലേയ്ക്ക് വിടുന്നത്. മലചവിട്ടാന്‍ ആരെങ്കിലും എത്തിയാല്‍ അവരെ നിലയ്ക്കലില്‍ തന്നെ ഇറക്കി, കാര്യങ്ങള്‍ ബോധ്യപ്പെടുത്തി തിരിച്ച് അയക്കുകയാണ് പൊലീസിന്റെ ലക്ഷ്യം. നിലവില്‍, സമാധാനപരമായാണ് തീര്‍ത്ഥാടനകാലം മുന്നോട്ടുപോകുന്നത്.
https://www.facebook.com/Malayalivartha
























