കെഎസ്ആര്‍ടിസി കണ്ടക്ടര്‍ പിരിച്ചുവിടല്‍.... സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ മുടങ്ങി...

3861 താല്‍ക്കാലിക കണ്ടക്ടര്‍മാരെ ഹൈക്കോടതി വിധിയെത്തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി ഇന്നലെ പിരിച്ചുവിട്ടു. ഇതോടെ സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ മുടങ്ങിയിരിക്കുകയാണ്. രാവിലെ എട്ടു മണി വരെയുള്ള ഇരുന്നൂറോളം സര്‍വീസുകളാണ് മുടങ്ങിയത്. തിരുവനന്തപുരത്ത് വിവിധ ഡിപ്പോകളില്‍ നിന്നായി മുപ്പതോളം സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ടൗണ്‍ ടു ടൗണ്‍ സര്‍വീസുകളാണ് ഇതിലേറെയും. എന്നാല്‍ ദീര്‍ഘദൂര സര്‍വീസുകള്‍ മുടക്കം കൂടാതെ നടത്താന്‍ കെ.എസ്.ആര്‍.ടി.സി എം.ഡി ടോമിന്‍ തച്ചങ്കരി നിര്‍ദേശിച്ചിട്ടുണ്ട്.
കണ്ടക്ടര്‍മാരില്ലാത്തതോടെ മലബാര്‍ മേഖലയിലെ സര്‍വീസിനെയാണ് കാര്യമായി ബാധിച്ചത്. വയനാട്ടില്‍ ഒട്ടേറെ സര്‍വീസുകളാണ് നിര്‍ത്തിവച്ചിരിക്കുന്നത്. വയനാട്ടിലെ എം പാനല്‍ കണ്ടക്ടര്‍മാരില്‍ 281 പേരെയാണ് പിരിച്ചുവിട്ടിരിക്കുന്നത്.
കൊച്ചിയില്‍ പുലര്‍ച്ചെ മുതല്‍ ഓടേണ്ട 62 ല്‍ 24 ഓളം സര്‍വീസുകള്‍ മുടങ്ങി. തിരുകൊച്ചി സര്‍വീസുകളേയും ജനറല്‍ സര്‍വീസുകളേയുമാണ് ജീവനക്കാരില്ലാത്തത് ബാധിച്ചിരിക്കുന്നത്. കാസര്‍ഗോടും കോഴിക്കോടും 15 വീതവും മലപ്പുറത്ത് 10 ഉം പെരിന്തല്‍മണ്ണയില്‍ അഞ്ചും കണ്ണൂരില്‍ എട്ടും വയനാട്ടില്‍ 26 ഉം സര്‍വീസുകളാണ് മുടങ്ങിയിരിക്കുന്നത്.
അതേസമയം എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടത് സംബന്ധിച്ച് കെ.എസ്.ആര്‍.ടി.സി ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. 4071 എംപാനല്‍ കണ്ടക്ടര്‍മാരെയാണ് പിരിച്ചുവിട്ടത്. പി.എസ്.സി റാങ്ക് ലിസ്റ്റില്‍ നിന്നുള്ള നിയമനത്തിന് നടപടികള്‍ ആരംഭിച്ചെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എം പാനല്‍ ജീവനക്കാരെ പിരിച്ചുവിടണമെന്ന് ഹൈകോടതി കര്‍ശന നിര്‍ദേശം നല്‍കിയ സാഹചര്യത്തിലാണ് നടപടി.
https://www.facebook.com/Malayalivartha
























