പെന്‍ഷന്‍ വാങ്ങാന്‍ ഇങ്ങോട്ട് വരരുത്... അനധികൃതമായി അവധിയെടുത്ത് വിദേശങ്ങളിലും സ്വകാര്യ ആശുപത്രികളിലും വിലസുന്ന 36 മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരെ പിരിച്ചുവിട്ടു; സര്‍ക്കാരിന്റെ ലക്ഷക്കണക്കിന് രൂപ കൊണ്ട് പഠിച്ച ശേഷം പാവപ്പെട്ട ജനങ്ങളെ സേവിക്കാന്‍ താത്പര്യമില്ലാത്തവര്‍ക്ക് പിണറായി വിജയന്‍ പണി കൊടുത്തപ്പോള്‍

പാവങ്ങളുടെ അഭയ കേന്ദ്രമാണ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍. അവിടെയെത്തുന്നവരെ ചികിത്സിക്കാനായി ഡോക്ടര്‍ക്ക് ശമ്പളമായി നല്‍കുന്നത് ലക്ഷത്തിലധികം രൂപയാണ്. എന്നാല്‍ ആ ഡോക്ടര്‍മാര്‍ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി പോകുന്നു. വിദേശങ്ങളില്‍ ജോലിചെയ്ത് സമ്പാദിച്ച് കൂട്ടി. പെന്‍ഷന്‍ വാങ്ങുന്നതിന് മുമ്പ് ജോയിന്‍ ചെയ്യും. ഇതു കാരണം ഡോക്ടര്‍മാരുടെ കുറവും വരുന്നു. അത് നികത്താനും പറ്റുന്നില്ല. കാലാ കാലങ്ങളിലായുള്ള സര്‍ക്കാരുകള്‍ ഡോക്ടര്‍മാരെ പേടിച്ച് മിണ്ടാതിരുന്നു. എന്നാല്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഇത് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. കടുത്ത നടപടി എടുക്കാന്‍ മുഖ്യമന്ത്രി പച്ചക്കൊടി വീശിയതോടെ കാര്യങ്ങള്‍ എളുപ്പമായി.
അനധികൃതമായി അവധിയെടുത്ത് ജോലിക്ക് എത്താത്ത 36 മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരെ സംസ്ഥാന സര്‍ക്കാര്‍ പിരിച്ചുവിട്ടു. സര്‍ക്കാര്‍ മെഡിക്കല്‍, ഡെന്റല്‍ കോളജുകളിലെ ഡോക്ടര്‍മാരാണിത്. അമ്ബതോളം ഡോക്ടര്‍മാര്‍ ജോലിക്കു ഹാജരാകുന്നില്ലെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അന്വേഷണവും നടപടിയും എടുത്തത്.
മെഡിക്കല്‍ കോളജുകളുടെയും ആശുപത്രികളുടെയും പ്രവര്‍ത്തനത്തെ ഈ ഡോക്ടര്‍മാരുടെ അഭാവം കാര്യമായി ബാധിക്കുന്നതായി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണം കണ്ടെത്തി. നടപടികളുടെ ഭാഗമായി നോട്ടിസ് നല്‍കിയിട്ടും പ്രതികരിക്കാതിരുന്ന ഒരു ഡോക്ടറെ കഴിഞ്ഞ ദിവസം തന്നെ പുറത്താക്കിയിരുന്നു.
ഇങ്ങനെ ആരോഗ്യ മേഖലയെ ശുദ്ധി കലശം ചെയ്ത് ജനങ്ങള്‍ക്ക് മികച്ച ചികിത്സ നല്‍കുകയാണ് ആരോഗ്യ വകുപ്പിന്റെ ലക്ഷ്യം. ആര്‍ദ്രത്തിലൂടെ ആരോഗ്യം എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. സംസ്ഥാനത്തെ എല്ലാ ആശുപത്രികളുടെയും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ച് രോഗീ സൗഹൃദ പരിചരണം സാധ്യമാക്കി മികച്ച സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആര്‍ദ്രം പദ്ധതി ആവിഷ്‌കരിച്ചത്. ആരോഗ്യ സ്ഥാപനങ്ങളാകെ നിലവാരമുള്ളതായി മാറുന്നതോടെ സര്‍ക്കാര്‍ വിഭാവനം ചെയ്തിട്ടുള്ള ആരോഗ്യമേഖലയിലെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുവാന്‍ കഴിയും.
സംസ്ഥാനത്തെ ആശുപത്രികള്‍ രോഗീസൗഹൃദമാക്കുന്നതിനും സാധാരണക്കാരുടെ ചികിത്സാചിലവ് ഗണ്യമായി കുറയ്ക്കുന്നതിനും പാവപ്പെട്ടവര്‍ക്ക് സൗജന്യചികിത്സ ഉറപ്പാക്കുന്നതിനും ആശുപത്രിയുടെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. നമ്മുടെ ആരോഗ്യമേഖല ഇന്നോളം കണ്ടിട്ടില്ലാത്ത ഒരു വലിയ ചുവടുമാറ്റം തന്നെയാണ് സൃഷ്ടിക്കുന്നത്.
പൊതുജനാരോഗ്യ സംരക്ഷണത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ആരോഗ്യസംവിധാനത്തിന്റെ പരിപൂര്‍ണ പരിവര്‍ത്തനമാണ് നവകേരള കര്‍മ്മപദ്ധതിയുടെ ഭാഗമായ ആര്‍ദ്രം. തൊഴില്‍നൈപുണ്യവും അര്‍പണബോധവും ഒത്തുചേര്‍ന്ന ജീവനക്കാര്‍ ദ്രുതഗതിയില്‍ പ്രവര്‍ത്തിക്കുന്നതിനാവശ്യമായ ഘടനാസംവിധാനവും നൂതനസാങ്കേതിക വിദ്യയും നിര്‍വഹണ സങ്കേതങ്ങളും പ്രയോഗത്തില്‍ വരുത്തുന്നതിനാണ് ആര്‍ദ്രം മിഷന്‍ മുന്‍തൂക്കം നല്‍കുന്നത്. ആരോഗ്യമേഖലയിലെ ഈ പ്രകടമായ മാറ്റം പൊതുജനങ്ങള്‍ക്ക് ഇപ്പോള്‍തന്നെ നേരിട്ട് മനസിലാക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. പ്രാഥമികതലത്തില്‍ ആര്‍ദ്രം മിഷന്റെ ഭാഗമായി 170 പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി പരിവര്‍ത്തിപ്പിച്ചു. അടിസ്ഥാനസൗകര്യ വികസനത്തിലും ചികിത്സാമാനദണ്ഡങ്ങളിലും മരുന്നുവിതരണത്തിലും തികച്ചും ശാസ്ത്രീയമായ സമീപനമാണ് ഇവിടങ്ങളില്‍ അനുഭവവേദ്യമാകുന്നത്.
ഒരു ആതുരാലയത്തെ സംബന്ധിച്ചിടത്തോളം ഓ പി വിഭാഗത്തിലാണ് പൊതുജനങ്ങള്‍ ഏറെ പ്രയാസമനുഭവിക്കേണ്ടിവരുന്നത്. രോഗികളുടെ തിക്കും തിരക്കും രോഗികളുടെ എണ്ണത്തിനാനുപാതികമായ ഡോക്ടര്‍മാരും മറ്റു ജീവനക്കാരുമില്ലാത്ത അവസ്ഥ ഇതൊക്കെയായിരുന്നു മുന്‍കാലങ്ങളിലെ അനുഭവം. ഈ ഒരു ദാരുണാവസ്ഥയ്ക്ക് അറുതി വന്നിരിക്കുന്നു. തിരക്ക് കുറയ്ക്കുവാന്‍ കഴിയുന്നരീതിയില്‍ അധിക ഓ പി കൗണ്ടറുകള്‍, അഡ്വാന്‍സ് ബുക്കിംഗ് കൗണ്ടര്‍, ആവശ്യമായ ഇരിപ്പിടം, കുടിവെള്ളം, ടോയിലെറ്റ് സൗകര്യം, സൈനേജുകള്‍, ഡിസ്‌പ്ലേ ബോര്‍ഡുകള്‍, ആരോഗ്യബോധവത്കരണ സംവിധാനങ്ങള്‍, രോഗീപരിചരണ സഹായികള്‍, രോഗിക്ക് സ്വകാര്യത ഉറപ്പുവരുത്തുന്ന പരിശോധനാമുറികള്‍, മാര്‍ഗരേഖ അടിസ്ഥാനമാക്കിയ ചികിത്സകള്‍, ആവശ്യത്തിനുള്ള ഡോക്ടര്‍മാരുടേയും മറ്റുപാരാമെഡിക്കല്‍ ജീവനക്കാരുടേയും സേവനം എന്നിങ്ങനെ വിപുലമായ സംവിധാനങ്ങളാണ് ഓരോ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും രോഗികള്‍ക്ക് ലഭ്യമാക്കുന്നത്.
ഇതില്‍ ഏറ്റവും പ്രധാനമാണ് ജീവനക്കാര്ഡ. ഈ സര്‍ക്കാര്‍ അധികരമേറ്റ ശേഷം 4000ലധികം ജീവനക്കാരുടെ തസ്തികകളാണ് സൃഷ്ടിച്ചത്. ലീവെടുത്ത് മുങ്ങുന്ന ഡോക്ടര്‍മാരെ പിരിച്ചുവിട്ടാല്‍ ആ സ്ഥാനത്ത് പുതിയ ഡോക്ടര്‍മാരെ നിയമിക്കാന്‍ സാധിക്കും. ഇതിനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha






















