മാധ്യമപ്രവർത്തകർക്ക് നേരെ അസഭ്യവർഷവും കല്ലേറും ! ; കുറ്റക്കാർക്കെതിരെ കർശനമായ നടപടി സ്വീകരിക്കും; ആക്രമണങ്ങൾ അന്വേഷിക്കാൻ എല്ലാ ജില്ലകളിലും പ്രത്യേക സംഘങ്ങൾ രൂപീകരിക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്റ

മാധ്യമ പ്രവർത്തകർക്കെതിരായ ആക്രമണങ്ങൾ അന്വേഷിക്കാൻ എല്ലാ ജില്ലകളിലും പ്രത്യേക സംഘങ്ങൾ രൂപീകരിക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്റ. ഇതിന് ജില്ലാ പൊലീസ് മേധാവികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ആക്രമണങ്ങൾ വളരെ ഗൗരവത്തോടെ കണക്കാക്കി നടപടിയെടുക്കും. ആക്രമണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെങ്കിൽ അക്കാര്യവും വിശദമായി അന്വേഷിക്കും. ആക്രമണവുമായി ബന്ധപ്പെട്ട് എല്ലാ വിവരങ്ങളും ശേഖരിക്കാൻ ഇന്റലിജൻസ് വിഭാഗത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്നും ഡി.ജി.പി അറിയിച്ചു. ഇന്നും ഇന്നലെയും സംസ്ഥാനത്ത് നടന്ന പ്രതിഷേധങ്ങൾക്കിടെ സ്ത്രീകൾ അടക്കമുള്ള മാദ്ധ്യമ പ്രവർത്തകർക്ക് നേരെ വ്യാപക ആക്രമണങ്ങളാണ് അരങ്ങേറിയത്. ഇന്ന് തിരുവനന്തപുരത്ത് ബി.ജെ.പി പ്രവർത്തകരുടെ മാർച്ചിനിടെയും മാദ്ധ്യമങ്ങൾക്ക് നേരെ വ്യാപകമായി ആക്രമണം നടന്നു.
ഇതിന് പിന്നാലെ തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന പ്രസിഡന്‍റ് പി എസ് ശ്രീധരൻ പിള്ളയുടെയും കോഴിക്കോട് കെ സുരേന്ദ്രന്‍റെയും വാർത്താസമ്മേളനം മാധ്യമ പ്രവർത്തകർ ബഹിഷ്കരിച്ചു. കെപി ശശികലയുടെ വാർത്താ സമ്മേളനം കോട്ടയം പ്രസ് ക്ലബ്ബിൽ നടത്താൻ അനുവദിക്കില്ലെന്ന് മാധ്യമ പ്രവർത്തകർ അറിയിച്ചു.
ഹര്‍ത്താല്‍ അക്രമം റിപ്പോർട്ട് ചെയ്യാനെത്തുന്ന മാധ്യമ പ്രവര്‍ത്തകരെ വളഞ്ഞിട്ട് അസഭ്യം പറയുന്നതും കല്ലെറിഞ്ഞ് ഓടിക്കുന്നതും അംഗീകരിക്കാനാകില്ലെന്നും അതിനാല്‍ ഹർത്താലിന് ആഹ്വാനം ചെയ്തവർ ഇന്ന് വിളിച്ചു ചേർക്കുന്ന പത്രസമ്മേളനങ്ങൾ ബഹിഷ്കരിക്കുമെന്നും കേരള പത്രപ്രവർത്തക യൂണിയൻ കോഴിക്കോട് യൂണിറ്റ് അറിയിച്ചു. മറ്റ് ജില്ലകളിലും ബഹിഷ്കരണ നടപടി സ്വീകരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha



























