കോണ്‍ഗ്രസ് മാത്രം വിചാരിച്ചാല്‍ പ്രധാനമന്ത്രി സ്ഥാനത്തുനിന്നും മോദിയെ താഴെയിറക്കാനാകില്ല; എന്നാല്‍ ബി.ജെ.പിയ്‌ക്കെതിരായ സഖ്യത്തിന് നേതൃത്വം നല്‍കേണ്ടത് കോണ്‍ഗ്രസാണ് ; എ.കെ ആന്റണി

കോണ്‍ഗ്രസ് മാത്രം വിചാരിച്ചാല്‍ പ്രധാനമന്ത്രി സ്ഥാനത്തുനിന്നും മോദിയെ താഴെയിറക്കാനാകില്ലെന്ന് മുതിര്‍ന്ന കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ ആന്റണി. എന്നാല്‍ ബി.ജെ.പിയ്‌ക്കെതിരായ സഖ്യത്തിന് നേതൃത്വം നല്‍കേണ്ടത് കോണ്‍ഗ്രസാണെന്നും ആന്റണി പറഞ്ഞു. ഇന്ദിരാഭവനിൽ കെ.പി.സി.സി ജനറൽബോഡി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പഴയ രാഹുലല്ല. കോണ്‍ഗ്രസിന് നഷ്ടപ്പെട്ട ബഹുജന പിന്തുണ നേടിയെടുക്കാന്‍ കഴിയുമെന്നും ആന്റണി പറഞ്ഞു. തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട സ്ഥാനാർത്ഥികളെ അവസാനഘട്ടത്തിൽ മുകളിലുള്ള ഏതാനും പേർ കൂടിയിരുന്ന് തീരുമാനിക്കുന്ന രീതി ഇത്തവണ ഉണ്ടാകില്ലെന്ന് എ.കെ. ആന്റണി വ്യക്തമാക്കി. ഫെബ്രുവരി അവസാനത്തോടെ തന്നെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട സ്ഥാനാർത്ഥികളെയെല്ലാം പാർട്ടി തീരുമാനിക്കും. സ്ഥാനാർത്ഥിചർച്ച ഉടൻ ആരംഭിക്കണമെന്ന് എല്ലാ സംസ്ഥാനഘടകങ്ങൾക്കും പാർട്ടി നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്. കാലം ആഗ്രഹിക്കുന്ന മാറ്റങ്ങൾ പാർട്ടിയിലുണ്ടാവണമെന്ന നിലപാടുള്ളയാളാണ് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധി എന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ്സിന്റെ ബഹുജനാടിത്തറ ശക്തിപ്പെടുത്തുകയാണ് പ്രധാനം. കഴിഞ്ഞ തവണ പരമ്പരാഗതമായി പിന്തുണച്ചുപോന്ന ചില വിഭാഗങ്ങൾ തെറ്റിദ്ധാരണ മൂലം അകന്ന് പോയിട്ടുണ്ട്. അവരുടെ തെറ്റിദ്ധാരണ മാറ്റി തിരിച്ചുകൊണ്ടുവരാനാകണം. എന്ത് വിട്ടുവീഴ്ച ചെയ്തും യോജിക്കാവുന്ന എല്ലാവരുമായും യോജിച്ച് മോദി ഭരണത്തിന് അന്ത്യം കുറിക്കുകയാണ് നമ്മുടെ ഒന്നാമത്തെ ലക്ഷ്യം. കോൺഗ്രസ് ഒറ്റയ്ക്ക് വിചാരിച്ചാൽ ഈ ഭരണം അവസാനിപ്പിക്കാനാവില്ല. പക്ഷേ ഈ പോരാട്ടത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് തന്നെയാണ് നിർണ്ണായകശക്തി. കോൺഗ്രസ് മുന്നിൽ നിന്ന് നയിക്കാതെ മോദിഭരണം അവസാനിപ്പിക്കാനാവില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി പോലും ഭയപ്പെടുന്ന എതിരാളി ഇന്ന് രാഹുൽഗാന്ധി മാത്രമാണ്. കോൺഗ്രസിനെ പതിവായി വിമർശിക്കുന്ന മാഗസിൻ പോലും 2019ലെ മാൻ ഒഫ് ദ ഇയർ ആയി തിരഞ്ഞെടുത്തിരിക്കുന്നത് രാഹുൽ ഗാന്ധിയെ ആണ്. ആവശ്യമുള്ള സംസ്ഥാനങ്ങളിൽ സഹകരിക്കാവുന്ന കക്ഷികളുമായി ചേർന്ന് കോൺഗ്രസ് തിരഞ്ഞെടുപ്പ് ധാരണയുണ്ടാക്കും.
കുരുക്ഷേത്രയുദ്ധത്തിന്റെ വർഷമാണിത്. ഇന്ത്യയുടെ ജനാധിപത്യത്തിന്റെയും ബഹുസ്വരതയുടെയും അടിസ്ഥാനമൂല്യങ്ങളുടെയും സംരക്ഷണത്തിനായുള്ള യുദ്ധമാണ് നടക്കാൻ പോകുന്നത്. അടുത്ത തവണ കൂടി കൈപ്പിഴ സംഭവിച്ച് രണ്ടാമതൊരിക്കൽ കൂടി ആർ.എസ്.എസ് നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വരികയാണെങ്കിൽ ആദ്യം തകർക്കപ്പെടുന്നത് ലോകത്തിന് മാതൃകയായ നമ്മുടെ ഭരണഘടനയായിരിക്കും. ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങളായ മൗലികാവകാശങ്ങൾ സംരക്ഷിക്കുകയെന്നതാവും ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാന കർത്തവ്യമെന്നും ആന്റണി പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കൾ സംബന്ധിച്ചു.
ശബരിമല പ്രശ്നത്തില്‍ കോണ്‍ഗ്രസ് നിലപാടാണ് ശരിയെന്നും ഇത് ജനങ്ങളിലേക്കെത്തിക്കണമെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു. ബി.ജെ.പിയെ ശക്തിപ്പെടുത്തി ന്യൂനപക്ഷങ്ങള്‍ക്കിടയിലെ ഭീതി വോട്ടാക്കിമാറ്റാനാണ് സിപിഎം ശ്രമിക്കുന്നത്. സ്ഥാനാര്‍ഥികളെ കെട്ടിയിറക്കുന്നെന്ന ആക്ഷേപം ഇക്കുറിയുണ്ടാകില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. തിരഞ്ഞെടുപ്പിന് മുന്നോടിയായി കാസര്‍കോടുമുതല്‍ തിരുവനന്തപുരം വരെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന യാത്ര അടുത്തമാസം മൂന്നിന് തുടങ്ങാനും തീരുമാനമായി.
https://www.facebook.com/Malayalivartha
























