കോൺഗ്രസിലേക്ക് ക്ഷണിച്ചവർ അവരുടെ സ്ഥാനം സുരക്ഷിതമാണോയെന്ന് ആദ്യം പരിശോധിക്കണം; കെ.മുരളീധരൻ എംഎൽഎയുടെ കോൺഗ്രസ് ക്ഷണത്തിന് മറുപടിയുമായി എ.പത്മകുമാർ

കോൺഗ്രസിലേക്കുള്ള കെ.മുരളീധരൻ എംഎൽഎയുടെ ക്ഷണം നിരസിച്ച് ദേവസ്വം ബോർഡ് പ്രസിഡന് എ.പത്മകുമാർ.കോൺഗ്രസിലേക്ക് തന്നെ ക്ഷണിച്ച കെ.മുരളീധരൻ എംഎൽഎയെ പത്മകുമാർ കണക്കിന് പരിഹസിക്കുകയും ചെയ്തു. പിടിച്ചകൊടി പുതച്ച് മരിക്കണം എന്നാഗ്രഹിക്കുന്നവരാണ് തങ്ങളെന്നു പറഞ്ഞ പത്മകുമാർ തന്നെ ക്ഷണിച്ചവർ കോൺഗ്രസിൽ അവരുടെ സ്ഥാനം സുരക്ഷിതമാണോയെന്ന് ആദ്യം പരിശോധിക്കണമെന്നും ഓർമിപ്പിച്ചു.
മുന്നണിയും പാർട്ടിയും മാറുന്നതിനേക്കുറിച്ച് നിരന്തരം ആലോചിക്കുന്നവരാണ് തന്നെ പാർട്ടിയിലേക്ക് ക്ഷണിച്ചതെന്നും അദ്ദേഹം പരിഹസിച്ചു. രാമൻ നായരെ പോലും സംരക്ഷിക്കാൻ കോൺഗ്രസിനായില്ലല്ലോയെന്നും പത്മകുമാർ കൂട്ടിച്ചേർത്തു.
യുഡിഎഫിന്റെ ഏകദിന ഉപവാസ വേദിയിൽ വെച്ചായിരുന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിനെ കെ. മുരളീധരൻ എംഎൽഎ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്തത്. പത്മകുമാർ കോണ്‍ഗ്രസിലേക്ക് വന്നാൽ ഉൾക്കൊള്ളാൻ തയാറാണെന്ന് മുരളീധരൻ പറഞ്ഞു.
ഇനിയും സിപിഎമ്മിൽ തുടർന്നാൽ പത്മകുമാറിന് രക്ഷയുണ്ടാകില്ല. ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ ഭയന്നാണ് പത്മകുമാർ കഴിയുന്നത്. ഇന്നോ നാളെയോ അദ്ദേഹത്തിന് സിപിഎം വിടേണ്ടിവരുമെന്നും മുരളീധരൻ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha


























