ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ സോണിയാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും മകള്‍ പ്രിയങ്കാ ഗാന്ധി സംഘടനാ രംഗത്തേക്ക് വരുന്നു...

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ സോണിയാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും മകള്‍ പ്രിയങ്കാ ഗാന്ധി സംഘടനാ രംഗത്തേക്ക് വരുന്നു. യു.പിയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി പ്രിയങ്കയെ നിയമിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വരാണസിയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഖൊരക്പൂരും ഉള്‍പ്പെടെയുള്ള കിഴക്കന്‍ മേഖലയുടെ ചുമതലയാണ് പ്രിയങ്കാ ഗാന്ധിക്ക്. കോണ്‍ഗ്രസിന്റെ കോട്ടയായിരുന്ന ഉത്തര്‍പ്രദേശില്‍ ഇപ്പോഴവരുടെ സ്ഥിതി ദുര്‍ബലമാണ്. എസ്.പിയും ബി.എസ്.പിയും കൈകോര്‍ത്താണ് അവിടെ മത്സരിക്കുന്നത്. കോണ്‍ഗ്രസുമായി അവര്‍ അടുക്കുന്നില്ല. കോണ്‍ഗ്രസിന്റെ പരമ്പരാഗത മണ്ഡലമായ റായ്ബറേലിയും അമേഠിയും പ്രിയങ്കയുടെ കീഴിലാണ് വരുന്നത്.
കിഴക്കന്‍ യു.പിയിലെ സ്ഥാനാര്‍ത്ഥിത്വവും പ്രചരണവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രിയങ്കയായിരിക്കും ഇനി തീരുമാനിക്കുക. പ്രിയങ്ക പാര്‍ട്ടി നേതൃത്വത്തിലേക്ക് വരണമെന്ന് മുമ്പും ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ നെഹ്‌റു കുടുംബത്തില്‍ നിന്ന് രണ്ട് പേര്‍ അധികാരസ്ഥാനത്തില്‍ വേണ്ട നിലപാടിലായിരുന്നു സോണിയാഗാന്ധി. 2004ലെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് രാഹുല്‍ഗാന്ധി മത്സരിക്കുമെന്ന് എ.ഐ.സി.സി സെക്രട്ടറി അംബികാ സോണി പ്രഖ്യാപിച്ചത്. അന്ന് യു.പി.എ സര്‍ക്കാര്‍ വലിയ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്നു. 2009ലും അധികാരം നിലനിര്‍ത്തി. എന്നാല്‍ 2014ല്‍ 44 സീറ്റിലേക്ക് കോണ്‍ഗ്രസ് ചുരുങ്ങി. 2019ല്‍ അധികാരം തിരിച്ച്പിടിക്കണമെന്ന പരിശ്രമത്തിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും നേതാക്കളും.
നെഹ്‌റു കുടുംബത്തില്‍ നിന്ന് ഇന്ദിരാഗാന്ധി രാഷ്ട്രീയത്തില്‍ ഇറങ്ങിയപ്പോഴുണ്ടായ ഓളം കൊണ്ടുവരാന്‍ ചെറുമകളായ പ്രിയങ്കയ്ക്ക് കഴിയുമെന്നാണ് നേതൃ്വം വിലയിരുത്തുന്നത്. ഇന്ദിരാഗാന്ധിയുടെ അതേ രൂപവും ഭാവവുമുള്ള പ്രിയങ്കയ്ക്ക് പ്രവര്‍ത്തകരുടെ ഇടയിലും പൊതുസമൂഹത്തിലും വലിയ സ്വാധീനം ചെലുത്താനാകുമെന്നാണ് വിശ്വാസം. അതേസമയം പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയുടെ ബിസിനസിലെ വ്യവസായ ഇടപാടുകളും ഭൂമി തിരിമറിയും മറ്റും ബി.ജെ.പി പ്രചാരണ വിഷയമാക്കാന്‍ സാധ്യതയുണ്ട്. ആ അപകടം കോണ്‍ഗ്രസ് എങ്ങനെ മറികടക്കുമെന്നത് വലിയ വെല്ലുവിളിയാണ്. അമിത്ഷായുടെ മകനും അദാനിയും റിലയന്‍സുമായും മോദിക്കുള്ള ബന്ധങ്ങളും കോണ്‍ഗ്രസ് തുറന്ന് കാട്ടി പ്രതിരോധം തീര്‍ത്തേക്കും.
പൊതുവേ കോണ്‍ഗ്രസ് ദുര്‍ബലമായ ഉത്തര്‍പ്രദേശ് തിരിച്ച് പിടിക്കുക എന്ന ലക്ഷ്യം കോണ്‍ഗ്രസ് മുന്നോട്ട് വെച്ചിരിക്കുന്നത്. അതിനായി പ്രിയങ്കയ്ക്ക് പുറമേ ജ്യോതിരാദിത്യ സിന്ധ്യയ്ക്കും സംഘടനാ ചുമതല നല്‍കി. പശ്ചിമ യു.പിയുടെ ചുമതലയാണ് ജ്യോതിരാദിത്യ സിന്ധ്യയ്ക്ക്. കര്‍ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ വീഴ്ത്താന്‍ ബി.ജെ.പി നടത്തിയ ഓപ്പറേഷന്‍ താരമ പൊളിച്ചടുക്കിയ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന് സംഘടനാ ചുമതലയും നല്‍കി. അങ്ങനെ സമഗ്രമായ അഴിച്ചുപണിയാണ് എ.ഐ.സി.സി തെരഞ്ഞെടുപ്പിന് മുമ്പ് നടത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha


























