കളിയിലും ചില കാര്യങ്ങളുണ്ട്; ആ 13 പേര്‍ പന്തടിച്ചുകയറ്റിയത് ആശുപത്രിക്കുള്ളിലേക്ക്; ഹോക്കി സ്റ്റിക് സ്‌റ്റെതസ്‌കോപ്പായ മാന്ത്രികകഥ ഇങ്ങനെ

കൊല്ലം: ഹോക്കിയും എം.ബി.ബി.എസും തമ്മിലെന്ത് ബന്ധം? ഉത്തരം നല്‍കാന്‍ ഇതാ ഇവിടെ 13 പേര്‍ റെഡിയായി നില്‍ക്കുന്നു. ഹോക്കി സ്റ്റിക് കൈയിലിട്ടുതിരിച്ച് ഗ്രൗണ്ടില്‍ പാഞ്ഞുനടന്ന് ഗോള്‍വലയത്തിലേക്ക് വെടിയുണ്ടകള്‍ പായിച്ച ആ 13 പേരും ഇന്ന് കേള്‍ക്കുന്നത് ജീവന്റെ ഹൃദയസ്പ്ന്ദനങ്ങളാണ്. കഥ ഇത്രയുമാണ്, ഹോക്കി കളിച്ചുനടന്നവര്‍ ഡോക്ടര്‍മാരായ നാള്‍വഴികളെക്കുറിച്ചാണ് ഈ പറയുന്നത്.
ഹോക്കി സ്റ്റിക്ക് പിടിച്ച കൈകളില്‍ പില്‍ക്കാലം സമ്മാനിച്ചത് സ്റ്റെതസ്‌കോപ്പായിരുന്നു. ഹോക്കി കളിച്ചുനടന്നവര്‍ക്ക് സ്റ്റെത്ത് കയ്യിലെടുക്കാനുള്ള വഴി തുറന്നത് ഹോക്കി തന്നെ. ദേശീയ വനിതാ ജൂനിയര്‍, സീനിയര്‍ ഹോക്കി മത്സരങ്ങളില്‍ കേരളത്തിനു വിജയങ്ങള്‍ സമ്മാനിച്ച 13 പേര്‍ പിന്നീട് വിജയം നേടിയത് ആതുരശുശ്രൂഷ രംഗത്ത്. ഹോക്കി കളിയുടെ മികവില്‍ സ്‌പോര്‍ട്‌സ് ക്വോട്ടയിലൂടെ എംബിബിഎസ് പ്രവേശനം നേടിയവരാണ് ഈ വനിതകളെല്ലാം. 1972ല്‍ കേരളം ആദ്യമായി ദേശീയ ജൂനിയര്‍ ഹോക്കിയില്‍ കിരീടം നേടിയതു മുതല്‍ 1976 വരെയുള്ളവരാണ് 13 പേരിലേറെയും. 1973ല്‍ വനിതാ ജൂനിയര്‍ ഹോക്കിയില്‍ വെങ്കലം കൊണ്ടു തൃപ്തിപ്പെട്ട കേരളം, 1974 മുതല്‍ 1976 വരെ ചാംപ്യന്മാരായി ഹാട്രിക് തികച്ചു. 1978ല്‍ ആദ്യമായി കേരളത്തില്‍ ജൂനിയര്‍ ചാംപ്യന്‍ഷിപ്പ് നടന്നപ്പോള്‍ റണ്ണേഴ്‌സ് അപ്പുമായി. പിന്നീടിന്നു വരെ കിരീടം കേരളത്തെ തേടിയെത്തിയില്ല.
ഡോക്ടര്‍മാരായി മാറിയ 13 പേരില്‍ ഡോ. ജി.സുധ (1972), ഡോ. റെയ്ച്ചല്‍ വര്‍ഗീസ് (1973), ഡോ. ഷേര്‍ളി ജയിംസ് (1976) എന്നിവര്‍ അക്കാലത്ത് ടീം ക്യാപ്റ്റന്മാരായിരുന്നു. ഹോക്കി താരം കൂടിയായിരുന്ന മുന്‍ മന്ത്രി ബാബു ദിവാകരന്റെ ഭാര്യയായ ഡോ. സുധ ഇപ്പോള്‍ തിരുവനന്തപുരത്താണ്. സുധയുടെ ഭര്‍തൃസഹോദരി അനിത ദിവാകരന്‍ 1974 മുതല്‍ 1976 വരെ ടീം അംഗമായിരുന്നു.കേരള സീനിയര്‍ ടീമിലും കളിച്ച ഡോ. റെയ്ച്ചല്‍ വര്‍ഗീസ് ബ്രിട്ടനില്‍ ഗൈനക്കോളജിസ്റ്റാണ്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് എംബിബിഎസ് നേടിയ ഡോ. ഷേര്‍ളി ജെയിംസ് 1974ലും 1975ലും ടീമിലുണ്ടായിരുന്നു. ബംഗളൂരൂവില്‍ ബാപ്റ്റിസ്റ്റ് ഹോസ്പിറ്റലില്‍ അസോഷ്യേറ്റ് കണ്‍സല്‍റ്റന്റാണ്. കേരളത്തില്‍ നിന്ന് ഇന്ത്യന്‍ ഹോക്കി ടീമില്‍ ആദ്യം ഇടംപിടിച്ച ചന്ദ്രിക തങ്കച്ചി ഡോക്ടറായി ഇപ്പോള്‍ ബ്രിട്ടനില്‍ ജോലി ചെയ്യുന്നുണ്ട്. 1969 -71 വരെ ജൂനിയറിലും 1972 വരെ സീനിയറിലും തുടര്‍ന്ന് ഇന്ത്യന്‍ ടീമിലും കളിച്ച ഡോ.സഫിയ പിന്നീട് കേരള വനിത ഹോക്കി അസോസിയേഷന്റെ വൈസ് പ്രസിഡന്റും തിരുവനന്തപുരത്തു 1989ല്‍ നടന്ന ദേശീയ ഹോക്കി ടൂര്‍ണമമെന്റിന്റെ ഓര്‍ഗനൈസിങ് സെക്രട്ടറിയുമായിരുന്നു.
1974ലെ ടീമിലെ ടോപ് സ്‌കോററും ബെസ്റ്റ് പ്ലെയറുമായിരുന്നു ഇപ്പോള്‍ കൊല്ലത്തു സേവനം ചെയ്യുന്ന ഡോ.കെ.രമണി. കേരള ഹോക്കി വൈസ് പ്രസിഡന്റ് കൂടിയാണു രമണി. 1972ലെ ടീമിലുണ്ടായിരുന്ന പന്തളത്തെ ഡോ.ബി.ബീന, യുഎസിലുള്ള ഡോ. ഷീല മസ്‌ക്രീന്‍, 76ലെ ടീം വൈസ് ക്യാപ്റ്റനായിരുന്ന ബഹ്‌റൈനിലുള്ള ഡോ.നിര്‍മല, 72 മുതല്‍ 75 വരെ ടീമിലുണ്ടായിരുന്ന എറണാകുളത്തെ ഡോ. ഗ്രേസി ജോര്‍ജ്, 1975ലെ ടീം അഗമായിരുന്ന യുഎസിലുള്ള ഡോ.ലത, 1975ലെയും 1976ലെയും ടീമിലുണ്ടായിരുന്ന തൃശൂരിലെ ഡോ. ജൂലി ജേക്കബ് എന്നിവരാണു മറ്റുള്ളവര്‍. 1974ലും 1975ലും ടീമിലുണ്ടായിരുന്ന ഡോ.സുമ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. ഇവര്‍ ഉള്‍പ്പെടെ ഒട്ടേറെ പഴയ വനിതാ ഹോക്കി താരങ്ങള്‍ ഫെബ്രുവരി 9നു കൊല്ലത്തു നടക്കുന്ന സംഗമത്തില്‍ പങ്കെടുക്കാനെത്തും. ആശ്രാമം ഹോക്കി സ്റ്റേഡിയത്തില്‍ ആരംഭിച്ച ദേശീയ വനിതാ ജൂനിയര്‍ ഹോക്കി ചാംപ്യന്‍ഷിപ്പിനോടനുബന്ധിച്ചാണു സംഗമം സംഘടിപ്പിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha
























