ലക്‌ഷ്യം സെക്രട്ടേറിയേറ്റും ടെക്നോപാർക്കും പഞ്ചനക്ഷത്ര ഹോട്ടലും... ബോംബ് വയ്ക്കാൻ എത്തിയ 'വ്യാജ' ഭീകരരെ വിഴിഞ്ഞത്തും കഴക്കൂട്ടത്തും വച്ച് പോലീസ് കയ്യോടെ പൊക്കി

കരയിലൂടെ എത്തി പൊലീസിൻറെ കണ്ണ് വെട്ടിച്ച് ടോക്നോപാർക്കിൽ ബോംബുവെക്കാനെത്തിയ ഡമ്മി ഭീകരൻറെ ശ്രമം കഴക്കൂട്ടം പൊലീസ് വിഫലമാക്കി. തീരസംരക്ഷണ സേന ഉദ്യോഗസ്ഥനായ രതീഷ് ആണ് ടെക്നോപാർക്കിൽ കടന്നുകയറാൻ ശ്രമിക്കുന്നതിനിടെ കഴക്കൂട്ടം പൊലീസിൻറെ പിടിയിലായത്. ഇയാൽ കൊച്ചിയിൽ നിന്നും റോഡ് മാർഗ്ഗമാണ് ടെക്നോപാർക്കിൽ ഡമ്മി ബോംബ് വെക്കാനായി എത്തിയത് .
മുനമ്പം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് സ്പെഷ്യൽ ബ്രാഞ്ചിനും പൊലീസിനും സുരക്ഷാവീഴ്ചകൾ ഉണ്ടായതായി വിമർശനം ഉയരുന്നതിനിടെ നടന്ന തീര വേട്ടയിൽ ഡമ്മി ഭീകരർക്ക് സുരക്ഷാവലയം ഭേദിച്ച് പുറത്തുകടക്കാനാവുന്നതിന് മുന്നെ പിടികൂടാനായത് അധികൃതർക്കും ആശ്വാസമായി. മൂംബൈ ഭീകരാക്രമണത്തിനെതുടർന്നാണ് സുരക്ഷാ സേനകളുടെ ജാഗ്രതയും കാര്യക്ഷമതയും വർദ്ദിപ്പിക്കാൻ തീര വേട്ട എന്ന പേരിൽ മോക്ക് ഡ്രിൽ നടത്തിവരുന്നത്. സെക്രട്ടേറിയേറ്റിലും പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലിലും ടെക്നോപാർക്കിലും ബോംബ് വെക്കാൻ എത്തിയവരെയാണ് വിഴിഞ്ഞത്തും കഴക്കൂട്ടത്തും പൊലീസ് പിടികൂടിയത്. തീര സുരക്ഷ ഏജൻസികളുടെ ജാഗ്രതയും കാര്യക്ഷമതയും ഉറപ്പു വരുത്തുന്നതിൻറെ ഭാഗമായി സീ വിജിൽ എന്ന പേരിൽ നടത്തിവരുന്ന മോക്ക് ഡ്രില്ലിലാണ് ഭീകരവേഷധാരികളുടെ കടന്നുകയറ്റ ശ്രമവും അറസ്റ്റും. ഇവരിൽ നിന്ന് അഞ്ച് ഡമ്മി ബോംബുകളും പൊലീസ് കണ്ടെടുത്തു.
ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്താണ് മത്സ്യ തൊഴിലാളികൾ എന്ന വ്യാജേന കോസ്റ്റ് ഗാർഡ് നാവിക് റാം മോഹൻ സിംഗ് , കെ.എ.പി ഒന്നാം ബറ്റാലിയനിലെ പോലീസുകാരായ അനീഷ് കുമാർ, രഞ്ജിത്ത് എന്നിവർ എത്തിയത്. പ്രതീകാത്മക ഭീകരരെ ഫിഷറീസിൻറെ ബോട്ടുകളിൽ കൊല്ലത്ത് നിന്നും കടലിലെത്തിച്ച് മത്സ്യതൊഴിലാളികളുടെ ബോട്ടിൽ കരക്കെത്തിക്കാൻ ശ്രമം നടന്നെങ്കിലും അപരിചിതരായവരെ ബോട്ടിൽ കയറ്റാൻ മത്സ്യതൊഴിലാളികൾ തയാറായില്ല.തുടർന്ന് ഫിഷറീസിൻറെ ബോട്ടിൽ തന്നെ പുലർച്ചെ മൂന്ന് മണിയോടെ വിഴിഞ്ഞത്ത് എത്തിയ മൂന്നംഗ സംഘം തുറമുഖമുൾപ്പെടുന്ന മേഖലയിൽ കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന വിഴിഞ്ഞം തീരദേശ പൊലീസിൻറെ പിടിയിലാവുകയായിരുന്നു.
കടലിൽ കനത്ത ജാഗ്രതയോടെ കാത്തിരുന്ന വിഴിഞ്ഞം തീരദേശ പോലീസ് സി.ഐ ജയചന്ദ്രൻ ,എസ്.ഐ ഷാനിബാസ്, ഷിബു, സാജൻ എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. നേവി,കോസ്റ്റ് ഗാർഡ്, മറൈൻ എൻഫോഴ്സുമെന്റ്, തീരദേശ പോലീസ് , ലോക്കൽ പൊലീസ് എന്നിവരുടെ നേതൃത്വത്തിലാണ് 36 മണിക്കൂർ നീണ്ടു നിന്ന തീരവേട്ട നടന്നത്.
https://www.facebook.com/Malayalivartha
























