പ്രദേശവാസികളുടെ പ്രതിഷേധം ശക്തം... വല്ലാര്‍പാടം കണ്ടെയ്‌നര്‍ റോഡില്‍ ഇന്നു മുതല്‍ നടത്താനിരുന്ന ടോള്‍ പിരിവ് നീട്ടിവച്ചതായി അധികൃതര്‍

വല്ലാര്‍പാടം കണ്ടെയ്‌നര്‍ റോഡില്‍ ഇന്നു മുതല്‍ നടത്താനിരുന്ന ടോള്‍ പിരിവ് നീട്ടിവച്ചതായി അധികൃതര്‍. പ്രദേശവാസികളുടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് തീരുമാനം. എന്നാല്‍, രേഖാമൂലം ഉറപ്പുലഭിക്കാതെ സമരത്തില്‍നിന്ന് പിന്മാറില്ലെന്ന് നാട്ടുകാര്‍ അറിയിച്ചു. ഇന്ന് രാവിലെ എട്ട് മുതല്‍ റോഡില്‍ ടോള്‍ പിരിവ് ആരംഭിക്കാനായിരുന്നു നേരത്തേയെടുത്ത തീരുമാനം. വിവരമറിഞ്ഞ് രാവിലെ മുതല്‍ക്കേ സംരക്ഷണ സമിതിയുടെയും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതൃത്വത്തില്‍ നൂറുകണക്കിനുപേര്‍ സ്ഥലത്ത് തടിച്ചുകൂടി പ്രതിഷേധിക്കുകയായിരുന്നു.
സര്‍വീസ് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കാതെ ടോള്‍ പിരിവ് നടത്താന്‍ അനുവദിക്കില്ലെന്നും പ്രദേശവാസികള്‍ക്ക് ടോള്‍ നിരക്കില്‍ ഇളവും വേണമെന്നായിരുന്നു നാട്ടുകാരുടെ പ്രധാന ആവശ്യം. സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്ത് രാവിലെ മുതല്‍ വന്‍ പോലീസ് സന്നാഹവും നിലയുറപ്പിച്ചിരുന്നു. പ്രതിഷേധക്കാരുടെ എണ്ണം വര്‍ധിച്ചതോടെ പിന്നീട് പോലീസ് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുമായി ചര്‍ച്ചനടത്തി ടോള്‍ പിരിവ് കണ്ടെയ്‌നര്‍ വാഹനങ്ങള്‍ക്കു മാത്രമാക്കാമെന്ന് അറിയിച്ചെങ്കിലും അംഗീകരിക്കാനാവില്ലെന്നായിരുന്നു പ്രദേശവാസികളുടെ നിലപാട്.
പിന്നീട് ടോള്‍ പിരിവ് താത്ക്കാലികമായി നിര്‍ത്തിവക്കാമെന്ന അറിയിപ്പ് ലഭിച്ചതായി പോലീസിന്റെ ഭാഗത്തുനിന്ന് നാട്ടുകാരെ അറിയിച്ചെങ്കിലും രേഖാമൂലം ഉറപ്പ് നല്‍കണമെന്ന നിലപാടില്‍ പ്രതിഷേധക്കാര്‍ ഉറച്ചുനിന്നു. ദേശീയപാത അതോറിറ്റി അധികൃതര്‍ ആദ്യ സമയങ്ങളില്‍ സ്ഥലത്തെത്താത്തിലും പ്രതിഷേധം കനത്തു. അധികൃതര്‍ നേരിട്ടെത്തി ചര്‍ച്ച നടത്തി കാര്യങ്ങള്‍ വ്യക്തമാക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.
https://www.facebook.com/Malayalivartha
























