ആന്ധ്രയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയാണെങ്കിലും ഉമ്മന്‍ചാണ്ടിക്ക് കേരള രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ താല്‍പര്യമില്ല, എം.എല്‍.എ ആയിട്ട് അന്‍പത് വര്‍ഷം പിന്നിടാന്‍ പോവുകയാണ് പുല്‍പ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ്

ആന്ധ്രയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയാണെങ്കിലും ഉമ്മന്‍ചാണ്ടിക്ക് കേരള രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ താല്‍പര്യമില്ലെന്ന് അദ്ദേഹം സൂചന നല്‍കി. പ്രത്യേകിച്ച് എം.എല്‍.എ ആയിട്ട് അന്‍പത് വര്‍ഷം പിന്നിടാന്‍ പോകുന്ന സാഹചര്യത്തില്‍. എംഎല്‍എമാര്‍ മത്സരിക്കേണ്ടെന്നാണു ധാരണയെന്ന് ബാംഗ്ലൂരുവില്‍ ഒരു ചാനലിനോട് അദ്ദേഹം പറഞ്ഞു. കേരളത്തിലെ നേതാക്കളുമായി സംസാരിച്ച ശേഷം കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാമെന്നും പറഞ്ഞു. എന്നാല്‍ പല എം.എല്‍.എമാരെയും മത്സരിപ്പിക്കേണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതിനാല്‍ എം.എല്‍.എമാരായ അടൂര്‍ പ്രകാശ്, ഷാഫി പറമ്പില്‍ തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥികളായേക്കും. അടൂര്‍പ്രകാശ് ആറ്റിങ്ങലിലും ഷാഫി പാലക്കാട്ടുമായിരിക്കും മത്സരിക്കുക.
കോട്ടയം ലോക്‌സഭാ സീറ്റ് വിട്ട് കൊടുക്കില്ലെന്ന് കേരളാ കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ ആ സീറ്റ് കേരളാ കോണ്‍ഗ്രസിനുള്ളതാണെന്നും അതില്‍ മാറ്റമില്ലെന്നും ഉമ്മന്‍ചാണ്ടി ചാനലിനോട് വ്യക്തമാക്കി. അതേസമയം ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ ഉമ്മന്‍ചാണ്ടി മത്സരിക്കുമെന്നാണ് എ ഗ്രൂപ്പ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. സംസ്ഥാന കോണ്‍ഗ്രസില്‍ തന്നെ നിലയുറച്ച് അടുത്തതവണ മുഖ്യമന്ത്രിയാവുകയാണ് ഉമ്മന്‍ചാണ്ടിയുടെ ലക്ഷ്യം. അതിനുള്ള സാഹചര്യങ്ങള്‍ കേരളത്തിലുണ്ട്. പ്രതിപക്ഷനേതാവെന്ന നിലയില്‍ രമേശ് ചെന്നിത്തല വലിയ പരാജയമാണ്. ഇക്കാര്യം പാര്‍ട്ടിയില്‍ ഗ്രൂപ്പ് ഭേദമന്യേ സമ്മതിക്കുന്നുണ്ട്. മാത്രമല്ല 2011ല്‍ രമേശ് മത്സരിച്ചപ്പോള്‍ അദ്ദേഹം മുഖ്യമന്ത്രിയാകുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. അതോടെ ന്യൂനപക്ഷങ്ങള്‍ പാര്‍ട്ടിയില്‍ നിന്നകന്നു. അങ്ങനെയാണ് യു.ഡി.എഫിന് ഭൂരിപക്ഷം കുറഞ്ഞത്.
ആ ഒരു സാഹചര്യം വീണ്ടും ഉണ്ടായാല്‍ പിണറായി വിജയന്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന് ഉറപ്പാണ്. കാരണം 2011ല്‍ വി.എസ് വീണ്ടും അധികാരത്തില്‍ വന്നേനെ, സി.പി.എം തന്നെ പല സീറ്റിലും മനപ്പൂര്‍വം തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു. എന്നാല്‍ 2021ല്‍ അതുണ്ടായേക്കില്ല.
കോണ്‍ഗ്രസുമായി അകന്ന് നില്‍ക്കുന്ന ന്യൂനപക്ഷങ്ങളെ തിരികെ കൊണ്ടുവരാന്‍ ഉമ്മന്‍ചാണ്ടി മത്സരിക്കണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഉമ്മന്‍ചാണ്ടി മല്‍സരിക്കണമെന്നാണ് പാര്‍ട്ടിയുടെ ആഗ്രഹമെന്നും ഏതു സീറ്റും അദ്ദേഹത്തിന് നല്‍കാന്‍ തയാറാണെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.
സീറ്റ് വിട്ട് നല്‍കാന്‍ തയ്യാറല്ലെന്ന് കേരളാ കോണ്‍ഗ്രസ് വ്യക്തമാക്കിയെങ്കിലും ഉമ്മന്‍ചാണ്ടിക്ക് വേണ്ടി എന്തിനും അവര്‍ തയ്യാറായേക്കും. കാരണം കേരളാ കോണ്‍ഗ്രസിനെ മുന്നണിയില്‍ തിരികെ കൊണ്ടുവന്നതും രാജ്യസഭാ സീറ്റ് നല്‍കിയതും ഉമ്മന്‍ചാണ്ടിയുടെ തന്ത്രമാണ്. കാലാവധി കഴിയും മുമ്പ് കോട്ടയം എം.പിയായിരുന്ന ജോസ് കെ.മാണി രാജിവച്ച് രാജ്യസഭയില്‍ പോയതിനെതിരെ ഇടതുപക്ഷം നടത്തുന്ന പ്രചാരണങ്ങളെ മറികടക്കാന്‍ ഉമ്മന്‍ചാണ്ടിയെ പോലെ ഒരാള്‍ക്കേ കഴിയൂ എന്നാണ് കെ.പി.സി.സിയുടെ വിലയിരുത്തല്‍. ഇപ്പോഴത്തെ കെ.പി.സി.സി നേതൃത്വം ഗ്രൂപ്പുകള്‍ക്ക് അതീതമാണ്. അതിനാല്‍ ഗ്രൂപ്പുകളെ ശക്തമാക്കി വീണ്ടും നേതൃപദവിയിലെത്താന്‍ ഉമ്മന്‍ചാണ്ടിയും രമേശും ശ്രമിക്കുന്നുണ്ട്. അതിനിടയില്‍ ഇന്ദ്രപ്രസ്ഥത്തിലേക്ക് ചുവട് മാറ്റിയാല്‍ കേരള രാഷ്ട്രീയത്തിലുള്ള പ്രധാന്യം കുറയുമെന്ന് ഉമ്മന്‍ചാണ്ടിക്കറിയാം.
https://www.facebook.com/Malayalivartha
























