കെ.എം മാണി അഴിക്കുന്തോറും ഊരാക്കുരുക്കായി മാറുകയാണ് കോട്ടയത്തെ ലോക്‌സഭാ സീറ്റ്, ഉമ്മന്‍ചാണ്ടിയെ കോട്ടയത്ത് മത്സരിപ്പിക്കണമെന്ന് കോണ്‍ഗ്രസുകാര്‍ മുറവിളികൂട്ടിയപ്പോഴേ പറ്റില്ലെന്ന് പറഞ്ഞ് തടിയൂരിയെങ്കിലും സീറ്റിനായി പി.ജെ. ജോസഫ് രംഗത്തെത്തി

കെ.എം മാണി അഴിക്കുന്തോറും ഊരാക്കുരുക്കായി മാറുകയാണ് കോട്ടയത്തെ ലോക്‌സഭാ സീറ്റ്. ഉമ്മന്‍ചാണ്ടിയെ കോട്ടയത്ത് മത്സരിപ്പിക്കണമെന്ന് കോണ്‍ഗ്രസുകാര്‍ മുറവിളികൂട്ടിയപ്പോഴേ പറ്റില്ലെന്നും ഇടുക്കി സീറ്റ് കൂടി തങ്ങള്‍ക്ക് വേണമെന്നും ജോസ് കെ.മാണി തിരിച്ചടിക്കുകയും മത്സരിക്കാനില്ലെന്നും സീറ്റ് കേരളാ കോണ്‍ഗ്രസിന്റേതാണെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയതോടെ കേരളാ കോണ്‍ഗ്രസിന് ആശ്വാസമായിരുന്നു. എന്നാല്‍ അതോടെ പാളയത്തില്‍ പടപ്പുറപ്പാട് തുടങ്ങി. രാജ്യസഭാ സീറ്റ് ജോസ് കെ.മാണിക്ക് നല്‍കിയതിനാല്‍ കോട്ടയം സീറ്റിനായി പി.ജെ. ജോസഫ് മുന്നോട്ട് വന്നിരിക്കുകയാണ്. ഇടുക്കി സീറ്റി ജോസ് കെ.മാണി ചോദിച്ചത് ജോസഫിന് വേണ്ടിയായിരുന്നു. അത് നല്‍കില്ലെന്ന് യു.ഡി.എഫ് ചെയര്‍മാന്‍ ആദ്യമേ വ്യക്തമാക്കിയിരുന്നു.
കോട്ടയം സീറ്റിനായി കേരളാ കോണ്‍ഗ്രസിലെ മുന്‍ എംഎല്‍എമാരും യുവനേതാക്കളും പാര്‍ട്ടിയുമായി ബന്ധമുള്ള മുന്‍ ജഡ്ജിയും അടക്കം നിരവധിപേര്‍ കോട്ടും തുന്നി രംഗത്തുണ്ട്. അതിനാല്‍ ആരെ മത്സരിപ്പിക്കും എന്നത് ഏകാകൂടമായി മാറിയിരിക്കുകയാണ്. അതിനിടെ ജോസ് കെ. മാണിയുടെ ഭാര്യ നിഷയെ കോട്ടയത്ത് സ്ഥാനാര്‍ത്ഥിയാക്കിയേക്കുമെന്ന അഭ്യൂഹങ്ങള്‍ പരന്നു. അത് അവര്‍ നിഷേധിക്കുകയും ചെയ്തു. പ്രിന്‍സ് ലൂക്കോസ്, സജി മഞ്ഞക്കടമ്പന്‍ തുടങ്ങിയ യുവനേതാക്കള്‍ കോട്ടയം സീറ്റിനായി വട്ടമിട്ട് പറക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. സഭാനേതൃത്വങ്ങളുമായി ഏറ്റവും അടുപ്പമുള്ള നേതാവാണ് പ്രിന്‍സ് ലൂക്കോസ്. ഇവരെ വെട്ടി മകനെ മത്സരിപ്പിക്കാനാണ് ജോസഫ് ശ്രമിക്കുന്നത്.
അതേസമയം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് തന്നെ മത്സരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. കാരണം എം.പിയായി ജയിച്ച് കാലാവധി തീരും മുമ്പ് രാജ്യസഭയിലേക്ക് ജോസ്. കെ മാണി പോയി ജനങ്ങളെ വഞ്ചിക്കുകയായിരുന്നെന്ന് സി.പി.എം ആരോപിക്കുന്നു. അത്തരത്തിലുള്ള പ്രചരണങ്ങളും അവര്‍ തുടങ്ങിയിട്ടുണ്ട്. അതിനെ മറികടക്കാന്‍ പറ്റിയ നേതാവായിരിക്കണം കോട്ടയത്ത് മത്സരിക്കേണ്ടതെന്നാണ് വിലയിരുത്തല്‍.
കടുത്തുരുത്തി എം.എല്‍.എയായ മോന്‍സ് ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ചിലര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ പി.ജെ. ജോസഫിന്റെ വലംകയ്യായ മോന്‍സിനെ മാണിഗ്രൂപ്പിലുള്ളവര്‍ക്ക് താല്‍പര്യമില്ല. മോന്‍സ് ജയിച്ചാല്‍ ജോസഫ് വിഭാഗത്തിന് ആധിപത്യം കൂടും. അതൊഴിവാക്കാന്‍ സി.എഫ് തോമസിനെ പോലെയുള്ള മുതിര്‍ന്ന നേതാവിനെ മത്സരിപ്പിക്കണമെന്നാണ് ആവശ്യം.
തോമസ് ചാഴിക്കാടന്റെയും സ്റ്റീഫന്‍ ജോര്‍ജിന്റെയും പേരുകള്‍ പരിഗണനയിലുണ്ട്. കോട്ടയം ഉമ്മന്‍ചാണ്ടിക്ക് നല്‍കി ഇടുക്കി വാങ്ങിയാല്‍ ജോസഫിന് ഏറ വേരോട്ടമുള്ളിടത്ത് അവര്‍ക്ക് മുതല്‍ക്കൂട്ടാവുമെന്ന് മാണിക്കറിയാം. അതിനാല്‍ ആരെ മത്സരിപ്പിക്കണം എന്നത് വലിയ വെല്ലുവിളിയാണ്. യു.ഡി.എഫില്‍ ഉണ്ടാകാന്‍ പോകുന്ന സീറ്റ് തമ്മിലടിയേക്കാള്‍ വലിയ അലമ്പ് കേരളാ കോണ്‍ഗ്രസില്‍ ഉണ്ടായേക്കാമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. എന്നാല്‍ പാര്‍ട്ടിക്കും നേതൃത്വത്തിനും സര്‍വ്വസമ്മതനായ ഒരാളെ കളത്തിലിറക്കാനാണ് കെ.എം മാണിയും ജോസ് കെ.മാണിയും ആലോചിക്കുന്നത്. അവസാന റൗണ്ടില്‍ എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം.
https://www.facebook.com/Malayalivartha
























