ലോക്‌സഭാ സ്ഥാനാര്‍ത്ഥി നിര്‍ണയവും സീറ്റ് ചര്‍ച്ചയും ആരംഭിക്കും മുമ്പേ കോണ്‍ഗ്രസില്‍ കല്ലുകടി തുടങ്ങി, എവിടെച്ചെന്ന് അവസാനിക്കുമെന്ന് ഹൈക്കമാന്‍ഡിന് പോലും പിടിയില്ല, ഉമ്മന്‍ചാണ്ടി മത്സരിക്കണമെന്ന് സുധീരന്‍, അക്കാര്യം തീരുമാനിച്ചിട്ടില്ലെന്ന് ചെന്നിത്തല

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രാരംഭ ചര്‍ച്ചകള്‍ തുടങ്ങും മുമ്പേ കോണ്‍ഗ്രസില്‍ തമ്മിലടി തുടങ്ങി... കെ.പി.പി.സി പ്രസിഡന്റും പ്രതിപക്ഷനേതാവും വ്യത്യസ്തമായ നിലപാടുകളാണ് ഇക്കാര്യത്തില്‍ സ്വീകരിക്കുന്നത്. സീറ്റ് സംബന്ധിച്ച് ഏകദേശ ധാരണയായെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കിയെങ്കിലും പ്രാരംഭ ചര്‍ച്ചകള്‍ പോലും തുടങ്ങിയിട്ടില്ലെന്നും ഉമ്മന്‍ചാണ്ടിയെ മത്സരിപ്പിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
കെ.പി.സി.സി പ്രസിഡന്റിന് അദ്ദേഹത്തിന്റെ അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ടെന്നും പറഞ്ഞു. തന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് പാര്‍ട്ടിയില്‍ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടിയും വ്യക്തമാക്കി. അങ്ങനെ തുടക്കത്തിലേ കല്ലുകടി തുടങ്ങി. എവിടെച്ചെന്ന് അവസാനിക്കുമെന്ന് ഹൈക്കമാന്‍ഡിന് പോലും പിടിയില്ല. കോണ്‍ഗ്രസ് വലിയ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തുമെന്നും കേരളത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം ആരംഭിച്ചിട്ടില്ലെന്നും സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍വാസ്‌നിക്കും അറിയിച്ചു.
താന്‍ മത്സരിക്കാനില്ലെന്നും ഉമ്മന്‍ചാണ്ടി മത്സരിക്കുന്നതിനോട് എതിര്‍പ്പില്ലെന്നും മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ പറഞ്ഞു. എന്നാല്‍ സിറ്റിംഗ് എം.എല്‍.എമാരായ അടൂര്‍പ്രകാശ്, ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍ എന്നിവരെ മത്സരിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്നും പരമാവധി പുതുമുഖങ്ങള്‍ക്ക് അവസരങ്ങള്‍ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. താന്‍ മത്സരിക്കാനില്ലെന്നും വര്‍ക്കിംഗ് പ്രസിഡന്റ്മാര്‍ മത്സരിക്കട്ടെ എന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞതിനെ മാത്രമാണ് എല്ലാവരും സ്വാഗതം ചെയ്തത്. മുല്ലപ്പള്ളിയുടെ പിന്‍മാറ്റം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നും അതിന് മുമ്പ് ഉമ്മന്‍ചാണ്ടിയെ കെട്ടുകെട്ടിക്കാനാണ് ലോകസഭയിലേക്ക് അദ്ദേഹം മത്സരിക്കണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെടുന്നതെന്നും എ ഗ്രൂപ്പ് വിലയിരുത്തുന്നു.
ഉമ്മന്‍ചാണ്ടിയെ കേരള രാഷ്ട്രീയത്തില്‍ നിന്ന് അകറ്റിനിര്‍ത്താനുള്ള നീക്കത്തിനെതിരെ എ ഗ്രൂപ്പ് നേതാവും യു.ഡി.എഫ് കണ്‍വീനറുമായ ബെന്നിബഹാന്‍ രംഗത്തെത്തി. ഉമ്മന്‍ചാണ്ടി കേരളത്തില്‍ നിന്ന് മാറി നിന്നാല്‍ ഗ്രൂപ്പിലുള്ള മറ്റുള്ളവരുടെ നില പരുങ്ങലിലാവും. കാരണം കെ.പി.സി.സിയെ ഗ്രൂപ്പ് മുക്തമാക്കാനാണ് രാഹുല്‍ഗാന്ധി ആലോചിക്കുന്നത്. അതിന്റെ ഭാഗമായണ് ഐ, എ ഗ്രൂപ്പ് നോമിനികളെ വെട്ടിനിരത്തി കൊടിക്കുന്നില്‍, കെ.സുധാകരന്‍, കെ.മുരളീധരന്‍, മുല്ലപ്പള്ളി എന്നിവരെ നേതൃത്വത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവന്നത്. എ ഗ്രൂപ്പ് നേതാവ് ചെന്നിത്തല പ്രതിപക്ഷനേതാവായതിനാലാണ് ഉമ്മന്‍ചാണ്ടി ഗ്രൂപ്പിലെ ശക്തനായ ബെന്നിബഹാനെ യു.ഡി.എഫ് കണ്‍വീനറാക്കിയത്.
പ്രതിപക്ഷനേതാവെന്ന നിലയില്‍ ചെന്നിത്തല തികച്ചും പരാജയമാണ്. ശബരിമല സമരവും സര്‍ക്കാരിനെതിരെയുള്ള പ്രക്ഷോഭങ്ങളും ശക്തിപ്പെടുത്തുന്നതില്‍ പ്രതിപക്ഷനേതാവ് വിജയിച്ചില്ലെന്ന് പ്രവര്‍ത്തകര്‍ക്കിടയിലും ആക്ഷേപമുണ്ട്. അതിനാല്‍ എ.ഐ.സി.സിയുടെ സംഘടനാ ചുമതലയുള്ള കെ.സി വേണുഗോപാലിന്റെ കയ്യിലാണ് ചെന്നിത്തല ഉള്‍പ്പെടെയുള്ള പല നേതാക്കളുടെയും ചരട്. എ.കെ ആന്റണിയാകട്ടെ ഉമ്മന്‍ചാണ്ടിയെ വെട്ടിനിരത്താന്‍ കാത്തിരിക്കുകയാണ്. ലോക്‌സഭാ സീറ്റ് വിഭജനത്തിലും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും കെ.സി വേണുഗോപാലിന്റെ തീരുമാനം നിര്‍ണായകമാകും.
https://www.facebook.com/Malayalivartha






















