അണികളും ആവേശത്തില്‍... തിരുവനന്തപുരത്തു മത്സരിക്കാന്‍ മോഹന്‍ലാലിനു മേല്‍ കനത്ത സമ്മര്‍ദവുമായി ബിജെപി; മോഹന്‍ലാലിനെ ബിജെപി സ്വതന്ത്രനായി നിര്‍ത്തിക്കാന്‍ കേന്ദ്ര നേതൃത്വവും; നരേന്ദ്രമോഡി ഇടപെടുന്നതോടെ എല്ലാം ഒകെയാകുമെന്ന് സംസ്ഥാന നേതൃത്വം

തിരുവനന്തപുരത്തു മത്സരിക്കാന്‍ മോഹന്‍ലാലിനു മേല്‍ കനത്ത സമ്മര്‍ദമാണ് ഉണ്ടാകുന്നത്. ഇതിനായി മോഹന്‍ലാലുമായി ഏറ്റവും അടുപ്പമുള്ളവരെകൊണ്ട് സമ്മര്‍ദം ചെലുത്തിക്കാനാണ് ശ്രമിക്കുന്നത്. ഇതിലും വീണില്ലെങ്കില്‍ നരേന്ദ്രമോഡിയെ കൊണ്ട് മോഹന്‍ലാലിനെ വിളിപ്പിക്കാനും ശ്രമം നടക്കുന്നു. ബിജെപി ചിഹ്നത്തില്‍ മത്സരിച്ചില്ലെങ്കിലും സ്വതന്ത്രനായെങ്കിലും മത്സരിക്കണമെന്ന ഫോര്‍മുലയും മുന്നോട്ട് വയ്ക്കുന്നുണ്ട്.
ബിജെപിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം പുരോഗമിക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അഞ്ച് മണ്ഡലങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ബി.ജെ.പി. ഒരുക്കം തുടങ്ങിയത്. തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, തൃശൂര്‍, കാസര്‍കോട് മണ്ഡലങ്ങളിലാണു ബി.ജെ.പി. പ്രതീക്ഷ പുലര്‍ത്തുന്നത്.
തിരുവനന്തപുരത്തു മത്സരിക്കാന്‍ മോഹന്‍ലാലിനു പുറമെ മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരനും ഇവിടെ സാധ്യതാപട്ടികയിലുണ്ട്. ആറ്റിങ്ങല്‍ മണ്ഡലം ബി.ഡി.ജെ.എസ്. നേതാവ് തുഷാര്‍ വെള്ളാപ്പള്ളി ഏതാണ്ടുറപ്പിച്ചു. സി. ശിവന്‍കുട്ടിയും ഇവിടെ പരിഗണനയിലാണ്. കൊല്ലത്ത് സുരേഷ് ഗോപിയും ഹരി എസ്. കര്‍ത്തായും സജീവ പരീഗണനയില്‍. മാവേലിക്കരയില്‍ കെ.പി.എം.എസിലെ എന്‍.കെ. നീലകണ്ഠനെയും ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. വേലായുധനെയും പരിഗണിക്കുന്നു. പത്തനതിട്ടയില്‍ കെ. സുരേന്ദ്രന്‍, ടി.പി. സെന്‍കുമാര്‍ എന്നിവരുടെ പേരിനാണു മുന്‍തൂക്കം.
സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി. രമേശിനെ ആലപ്പുഴയിലും എ.എന്‍. രാധാകൃഷ്ണനെ ചാലക്കുടിയിലും കെ. സുരേന്ദ്രനെ തൃശൂരിലേക്കും പരിഗണിക്കുന്നു. മഞ്ചേരിയില്‍ അഡ്വ. സി. പ്രകാശും പൊന്നാനിയില്‍ ബി.ജെ.പി. ജില്ലാ പ്രസിഡന്റും സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്റെ ഭര്‍ത്താവുമായ എന്‍. സുരേന്ദ്രനും പരിഗണനയില്‍. കണ്ണൂരില്‍ വത്സന്‍ തില്ലങ്കേരിക്കാണു സാധ്യത. കാസര്‍കോട്ട് ജില്ലാ പ്രസിഡന്റ് ശ്രീകാന്ത് സ്ഥാനാര്‍ഥിയായേക്കും.
അതേസമയം മോഹന്‍ലാലിന്റെ രാഷ്ട്രീയപ്രവേശനത്തെ എതിര്‍ത്ത് മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ രംഗത്തെത്തിയിട്ടുണ്ട്. നടന്‍ മോഹന്‍ലാല്‍ പൊതുസ്വത്താണ്. പ്രമുഖചാനലിന്റെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് എത്തിയപ്പോള്‍ താരത്തിന്റെ പോസ്റ്ററില്‍ കരി ഓയിലൊഴിച്ച് പ്രതിഷേധിച്ചവരാണ് ആര്‍എസ്എസ്സുകാര്‍ എന്ന് വിമര്‍ശനവുമായി ലാല്‍ ഫാന്‍സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വിമല്‍ കുമാര്‍ പറഞ്ഞു. ഒരു നടനെ മുന്നില്‍ നിര്‍ത്തിയല്ല ഒരു രാഷ്ട്രീയപാര്‍ട്ടിയും തെരഞ്ഞെടുപ്പിനെ നേരിടാന്‍. സ്വന്തമായ നയം പാര്‍ട്ടികള്‍ക്ക് വേണം. ബിജെപിയുടെ അജണ്ടയാകും മോഹന്‍ലാലിനെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരികയെന്നത്. അതിലൂടെ അദ്ദേഹം ഇതുവരെ കേള്‍ക്കാത്ത ആരോപണങ്ങള്‍ കേള്‍ക്കാന്‍ ഇടയാകും. ഇത് അദ്ദേഹത്തോട് സ്‌നേഹമുള്ളവര്‍ ചെയ്യുമോയെന്നും വിമല്‍ കുമാര്‍ ചോദിച്ചു.
തര്‍ക്കം മുറുകുമ്പോഴും ലോകസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ അക്കൗണ്ട് തുറക്കാനുള്ള തത്രപ്പാടില്‍ ബിജെപി വന്‍ നീക്കങ്ങളാണ് നടത്തുന്നത്. നടന്‍ മോഹന്‍ലാലിനെ തിരുവനന്തപുരത്ത് ഇറക്കി കളിക്കാനുള്ള നീക്കം ബിജെപി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ലാല്‍ ഇക്കാര്യത്തില്‍ നിന്ന് ഒഴിഞ്ഞ് നിന്നതോടെ പാര്‍ട്ടിയില്‍ ആരെന്നുള്ള ചോദ്യം ഉയരുകയും ദേശീയ നേതൃത്വത്തിനോട് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
എന്നാല്‍, മോഹന്‍ലാലിനെ തന്നെ മത്സരിപ്പിക്കാനുള്ള നീക്കമാണ് അണിയറയില്‍ നടക്കുന്നത്. മോഹന്‍ലാലിന് പാര്‍ട്ടിയോടുള്ള നിലപാടും മോഡിയോടുള്ള അടുപ്പവും വോട്ടാക്കി മാറ്റി ലോകസഭയില്‍ അക്കൗണ്ട് തുടങ്ങാമെന്നാണ് കേരളത്തിലെ ബിജെപി നേതാക്കള്‍ കണക്കു കൂട്ടുന്നത്.
ഇതിന്റെ ഭാഗമായി മോഹന്‍ലാലിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളും നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഞങ്ങള്‍ ഇക്കാര്യത്തില്‍ മോഹന്‍ലാലിനെ നിര്‍ബന്ധിക്കുന്നുണ്ട്. അദ്ദേഹം ഇതുവരെ അതില്‍ മറുപടി തന്നിട്ടില്ല. പൊതുകാര്യങ്ങളില്‍ മോഹന്‍ലാലിന് താത്പര്യമുണ്ട്, മാത്രമല്ല അദ്ദേഹം തിരുവനന്തപുരത്തുകാരനുമാണ്. ബിജെപിയോട് അദ്ദേഹം അനുഭാവം കാണിക്കുന്നുമുണ്ടെന്ന് ബിജെപി എംഎല്‍എ ഒ രാജഗോപാല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha






















