'അണിഞ്ഞൊരുങ്ങി ' എത്തിയ മാവേലിയെ കണ്ട് യാത്രക്കാര്‍ക്ക് അമ്പരപ്പ്!

മാവേലി എക്‌സ്പ്രസ് വരുന്നതും കാത്ത് മംഗളൂരു റെയില്‍വേ സ്‌റ്റേഷനില്‍ ഇരുന്നവര്‍ ചൊവ്വാഴ്ച ഞെട്ടി. മാവേലിയുടെ സമയത്ത് സ്വര്‍ണനിറത്തില്‍ വര്‍ണക്കടലാസില്‍ പൊതിഞ്ഞ് ഒരു ട്രെയിന്‍ എത്തുന്നത് കണ്ട് കാത്തിരുന്നവര്‍ കരുതിയത് രാജധാനിയോ മറ്റോ സമയംതെറ്റി വരുന്നതായിരിക്കുമെന്നാണ്. യാത്രക്കാരുടെ ആശയക്കുഴപ്പം കണ്ട് സ്‌റ്റേഷന്‍ മാസ്റ്റര്‍ പ്ലാറ്റ്‌ഫോമിലിറങ്ങി പ്രത്യേകം പറഞ്ഞു, 'വരുന്നത് മവേലിയാണ്'. അപ്പോഴാണ് യാത്രക്കാര്‍ക്ക് കയറാന്‍ ധൈര്യം വന്നത്.
രാജ്യത്ത് 'ഉത്കൃഷ്ട കോച്ചുകള്‍' അനുവദിച്ചതില്‍ ഒന്നാണ് മംഗളൂരു-തിരുവനന്തപുരം മാവേലി എക്‌സ്പ്രസ്. പാലക്കാട് ഡിവിഷന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു പദവിയില്‍ ഒരു വണ്ടിയോടുന്നത്. തിരുവനന്തപുരം ഡിവിഷനില്‍ നിസാമുദ്ദീന്‍ എക്‌സ്പ്രസിനും ഈ പദവി ലഭിച്ചിട്ടുണ്ട്. രാജ്യത്ത് 140 ട്രെയിനുകളാണ് നവീകരിച്ചത്.
2020 ആകുമ്പാഴേക്കും 640 റെയ്ക്കുകള്‍ (കോച്ചുകളുടെ ശൃംഖല) ഇങ്ങനെ ഉത്കൃഷ്ടപദവിയിലെത്തും. പായലും പൂപ്പലും പിടിക്കാത്ത യുറിതോണ്‍ പെയിന്റിങ് ആണ് കോച്ചിന്റെ പ്രത്യേകത. എ.സി കോച്ചില്‍ അകത്തേക്കുമാത്രം തുറക്കാവുന്ന വാതില്‍ ഇനിമുതല്‍ പുറത്തേക്കും തുറക്കാം. വാഷ് ബേസിന്‍ ഉപയോഗിച്ചാലും നനവുണ്ടാവില്ല. ഹൈഡ്രോളിക് പെയിന്റാണ് ഉപയോഗിച്ചിരിക്കുന്നത്. കോച്ചുകളില്‍ എല്‍.ഇ.ഡി ബള്‍ബുകള്‍. ബാത്‌റൂമില്‍നിന്ന് പുറത്തേക്ക് ദുര്‍ഗന്ധമുണ്ടാകില്ല. സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍മാരായ പി.എസ്. വിനോദ്, പ്രവീണ്‍കുമാര്‍ എന്നിവരാണ് നവീകരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
https://www.facebook.com/Malayalivartha

























