സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്

മേയ് 10ന് തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ സി.ജോസഫ് വിജയ് സുതാര്യതയായിരിക്കും തന്റെ സര്‍ക്കാരിന്റെ ആണിക്കല്ലെന്ന് പ്രഖ്യാപിച്ചിരുന്നു. തീരുമാനങ്ങളെടുക്കുന്നതു വേഗത്തിലാക്കുമെന്നും വിജയ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ടിവികെ സര്‍ക്കാര്‍ അധികാരത്തിലേറി ഒരു മാസം കഴിയുമ്പോഴേക്കും ഈ പ്രഖ്യാപനം നടപ്പിലായതുപൊലെയാണ് പൊതുമരാമത്ത് വകുപ്പില്‍ പ്രതിഫലിക്കുന്നത്.
നിര്‍മാണ ജോലികള്‍ക്കുള്ള ടെന്‍ഡറുകള്‍ നേരത്തെതന്നെ തീരുമാനിച്ച് ചിലര്‍ക്കു മാത്രമായി ലഭിക്കുന്ന രീതി അവസാനിപ്പിച്ച് എല്ലാ പ്രവൃത്തികളും സുതാര്യമാക്കുന്നതായിരുന്നു വിജയിന്റെ ആദ്യ ഉത്തരവുകളിലൊന്ന്. ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങി ടെന്‍ഡറുകള്‍ മറിച്ചുവില്‍ക്കുന്നതും ടെന്‍ഡറുകളില്‍ കൃത്രിമം കാണിക്കുന്നതും ഒഴിവാക്കാനായിരുന്നു ഇത്.
ഒരു മാധ്യമം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം, റോഡുകളുടെ പുനരുദ്ധാരണത്തിന് ഗ്രേറ്റര്‍ ചെന്നൈ കോര്‍പറേഷന്‍ (ജിസിസി) വിളിച്ച ടെന്‍ഡറുകളില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും ഔദ്യോഗിക എസ്റ്റിമേറ്റിനേക്കാള്‍ 25 മുതല്‍ 30 ശതമാനം വരെ കുറവ് നിരക്കാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എസ്റ്റിമേറ്റ് തുകയേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ കരാറുകള്‍ നല്‍കിയിരുന്ന മുന്‍കാല രീതിയില്‍നിന്നുള്ള വലിയ മാറ്റമാണിത്.
അമ്പട്ടൂര്‍ സോണിലെ റോഡ് പുനരുദ്ധാരണത്തിന് 25 ലക്ഷം രൂപയായിരുന്നു എസ്റ്റിമേറ്റ് തുകയായി കണക്കാക്കിയിരുന്നത്. ലേലത്തില്‍ 9 കരാറുകാര്‍ പങ്കെടുത്തു. ഏറ്റവും കുറഞ്ഞ തുകയ്ക്ക് പ്രവൃത്തിയേറ്റെടുക്കാമെന്നു പറഞ്ഞയാള്‍ക്ക് കരാര്‍ നല്‍കി. എസ്റ്റിമേറ്റ് തുകയേക്കാള്‍ 25.9 ശതമാനം കുറഞ്ഞ തുകയായിരുന്നു ക്വോട്ട് ചെയ്തത്. ഇതോടെ പദ്ധതിച്ചെലവ് 17 ലക്ഷം രൂപയായി ചുരുങ്ങി. കോര്‍പറേഷന് ലാഭം 9 ലക്ഷം രൂപ.
ടോണ്ടിയാര്‍പേട്ടിലും സമാന സാഹചര്യം തന്നെ. 30 ലക്ഷം എസ്റ്റിമേറ്റ് തുകയുള്ള പദ്ധതിക്ക് 25 ശതമാനം കുറവില്‍ പദ്ധതിയേറ്റെടുക്കാന്‍ ആളെക്കിട്ടി. ഷോലിങ്കനല്ലൂരില്‍ 36 ശതമാനം കുറഞ്ഞ എസ്റ്റിമേറ്റ് തുകയ്ക്കാണ് കരാറുകാര്‍ പദ്ധതിയേറ്റെടുത്തത്. എന്നാല്‍, പദ്ധതിച്ചെലവ് കുറവാകുമ്പോഴും പ്രവൃത്തികളുടെ ഗുണനിലവാരത്തില്‍ കുറവു വരില്ലെന്നും സര്‍ക്കാര്‍ ഉറപ്പു നല്‍കുന്നു. ഇതേ ടെന്‍ഡറുകള്‍ നേരത്തെ എസ്റ്റിമേറ്റ് തുകയേക്കാള്‍ 10 ശതമാനം അധികം കൊടുത്താണ് കരാര്‍ നല്‍കിയിരുന്നതെന്ന് ഗ്രേറ്റര്‍ ചെന്നൈ കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് രാമ റാവു പറഞ്ഞു.
https://www.facebook.com/Malayalivartha





















