കെവിന്‍ കൊലക്കേസ് അന്വേഷിച്ച മുന്‍ എസ്.ഐ, എം.എസ്. ഷിബുവിന് പിരിച്ചുവിടല്‍ നോട്ടീസ്

കെവിന്‍ കൊലക്കേസ് അന്വേഷണത്തില്‍ ഗാന്ധിനഗര്‍ സ്‌റ്റേഷന്റെ ചുമതലയുണ്ടായിരുന്ന മുന്‍ എസ്.ഐ എം.എസ്. ഷിബു ഗുരുതര കൃത്യവിലോപം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സര്‍വിസില്‍നിന്ന് പിരിച്ചുവിടും. ഇതിന്റെ ഭാഗമായി കൊച്ചി റേഞ്ച് ഐ.ജി വിജയ് സാഖറെ നോട്ടീസ് നല്‍കി. പിരിച്ചുവിടാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ 15 ദിവസത്തിനകം നേരില്‍ കണ്ടോ രേഖാമൂലമോ ബോധിപ്പിക്കണമെന്നാണ് നോട്ടീസ്. ശേഷമാകും അന്തിമ തീരുമാനം. കോട്ടയം അഡ്മിനിസ്‌ട്രേഷന്‍ ഡിവൈ.എസ്.പിയായിരുന്ന വിനോദ് പിള്ളയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കേസിലെ മുഖ്യപ്രതി ഷാനു ചാക്കോയില്‍നിന്ന് 2000 രൂപ കൈക്കൂലി വാങ്ങിയ എ.എസ്.ഐ ടി.എം. ബിജുവിനെ നേരത്തേ പിരിച്ചുവിട്ടിരുന്നു. പൊലീസ് ഡ്രൈവര്‍ എം.എന്‍. അജയകുമാറിന്റെ മൂന്നുവര്‍ഷത്തെ ആനുകൂല്യങ്ങളും റദ്ദാക്കി. ഇരുവരും നല്‍കിയ വിശദീകരണം തള്ളിയായിരുന്നു കോട്ടയം ജില്ല പൊലീസ് മേധാവി ഹരിശങ്കറിന്റെ നടപടി. കെവിനെ തട്ടിക്കൊണ്ടുപോകുമ്പോള്‍ സ്‌റ്റേഷന്റെ ചുമതലയുണ്ടായിരുന്ന എസ്.ഐ ഗുരുതര അനാസ്ഥ കാട്ടിയെന്നാണ് കണ്ടെത്തല്‍.
ഷിബു ചുമതല കൃത്യമായി നിര്‍വഹിച്ചിരുന്നെങ്കില്‍ കെവിന്റെ ജീവന്‍ നഷ്ടമാവില്ലായിരുന്നു. ഇരയോട് മോശമായി പെരുമാറിയെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടില്‍ എഫ്.ഐ.ആര്‍ യഥാസമയം രജിസ്റ്റര്‍ ചെയ്തില്ലെന്നും പറയുന്നു. കെവിന്റെ ഭാര്യ നീനുവും നാട്ടുകാരും അടക്കം സ്‌റ്റേഷനില്‍ എത്തിയിട്ടും അന്വേഷിച്ചില്ല. പ്രതികളെ പിടികൂടാന്‍ അനാവശ്യ കാലതാമസം വരുത്തി. പ്രതികളെ കണ്ടെത്തി കസ്റ്റഡിയിലെടുക്കാന്‍ കഴിയുമായിരുന്നിട്ടും അതിനു തയാറായില്ല. ഇതേ തുടര്‍ന്ന് നഷ്ടമായത് ഒരു ജീവനാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, ജി.ഡി ചാര്‍ജുണ്ടായിരുന്ന സണ്ണിമോനെതിരെ നടപടി ആവശ്യമില്ലെന്നും ഐ.ജി ഉത്തരവായിട്ടുണ്ട്. സണ്ണിമോന്‍ പരാതിയുടെ വിവരങ്ങള്‍ സ്‌റ്റേഷന്‍ ചുമതലയുണ്ടായിരുന്ന എം.എസ്. ഷിബു, പട്രോളിങ് ചുമതലയുണ്ടായിരുന്ന എ.എസ്.ഐ ടി.എം. ബിജു എന്നിവരെ അറിയിച്ചിരുന്നതായും അതിനാല്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നും കണ്ടെത്തി. അടുത്തിടെ സണ്ണിമോന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചിരുന്നു. അജയ്കുമാറിനെയും സര്‍വിസില്‍ തിരിച്ചെടുത്തിട്ടുണ്ട്. തിടനാട് സ്‌റ്റേഷനിലാണ് പുതിയ നിയമനം. പിരിച്ചുവിട്ടവര്‍ക്ക് നടപടിക്കെതിരെ അപ്പീല്‍ നല്‍കാന്‍ അവസരമുണ്ട്.
പ്രണയ വിവാഹത്തിന്റെ പേരില്‍ ഭാര്യ നീനുവിന്റെ സഹോദരന്റെ നേതൃത്വത്തില്‍ കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. കഴിഞ്ഞ മേയ് 27-നായിരുന്നു സംഭവം. നീനുവിന്റെ പിതാവ് ചാക്കോ, സഹോദരന്‍ ഷാനു അടക്കം 14 പ്രതികളുള്ള കേസിന്റെ പ്രാഥമികവാദം നടക്കുകയാണ്.
https://www.facebook.com/Malayalivartha























