സയ്യിദ് മുഷ്‌ത്താഖ് അലി ട്വന്റി 20 ; ജാര്‍ഖണ്ഡിനോട് തോറ്റ് കേരളം പുറത്ത്

സയ്യിദ് മുഷ്‌ത്താഖ് അലി ട്വന്റി 20 ക്രിക്കറ്റില്‍ നിര്‍ണായക മത്സരത്തില്‍ ജാര്‍ഖണ്ഡിനോട് തോറ്റ് കേരളം പുറത്ത്. കേരളം ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യം ജാര്‍ഖണ്ഡ് അഞ്ച് പന്തുകള്‍ ബാക്കിനില്‍ക്കേ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ മറികടന്നു. ആനന്ദ് സിങ് 72 (47), വിരാട് സിങ് 46 (29), സൗരഭ് തിവാരി 50 (24) എന്നിവരുടെ ബാറ്റിങാണ് ജാര്‍ഖണ്ഡിന്റെ വിജയത്തില്‍ നിര്‍ണായകമായത്. തോല്‍വിയോടെ കേരളത്തിന്റെ സൂപ്പര്‍ ലീഗ് സാധ്യതകള്‍ അവസാനിച്ചു.
കേരളത്തിനായി സന്ദീപ് വാര്യര്‍ രണ്ടു വിക്കറ്റെടുത്തു. ബേസിലും വിനൂപും അഭിഷേകും ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി. ജയത്തോടെ ജാര്‍ഖണ്ഡ് ഒന്നാമതെത്തിയപ്പോള്‍ നാഗാലാന്‍ഡിനെ തോല്‍പിച്ച ഡല്‍ഹിയും സൂപ്പര്‍ ലീഗ് റൗണ്ടിലെത്തി. ഇരു ടീമുകള്‍ക്കും 20 പോയിന്റ് വീതമാണുള്ളത്. കേരളത്തിനുള്ളത് 16 പോയിന്റും.
നേരത്തെ ടോസ് നേടി ബാറ്റിങ് ആരംഭിച്ച കേരളം നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 176 റണ്‍സെടുത്തു. 36 റണ്‍സെടുത്ത നായകന്‍ സച്ചിന്‍ ബേബിയാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. അവസാന ഓവറില്‍ തകര്‍ത്തടിച്ച സല്‍മാന്‍ നിസാറാണ് കേരളത്തെ മികച്ച സ്‌കോറിലെത്തിച്ചത്. ഓപ്പണര്‍മാരായ വിഷ്‌ണു വിനോദും രോഹന്‍ കുന്നുമ്മലും കേരളത്തിന് മികച്ച തുടക്കമാണ് നല്‍കിയത്. വിഷ്‌ണു 27 റണ്‍സും രോഹന്‍ 34 റണ്‍സുമെടുത്ത് പുറത്തായി. നായകന്‍ സച്ചിന്‍ ബേബി 23 പന്തില്‍ 36 റണ്‍സെടുത്തു. വിനോദ് മോഹനന്‍(31), മുഹമ്മദ് അസറുദീന്‍(8), അരുണ്‍ കാര്‍ത്തിക്(6) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്‌കോര്‍.
https://www.facebook.com/Malayalivartha

























