ഒറ്റശേഖരമംഗലം മഹാദേവ ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന എസ്.ബി.ഐയുടെ എ.ടി.എം കുത്തിത്തുറന്ന് കവർച്ചാശ്രമം...

ഒറ്റശേഖരമംഗലം മഹാദേവ ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന എസ്.ബി.ഐയുടെ എ.ടി.എം കുത്തിത്തുറന്ന് കവർച്ചാശ്രമം. സി.ഡി.എം മെഷീൻ കുത്തിത്തുറന്നായിരുന്നു മോഷണ ശ്രമം നടത്തിയത്. മോഷ്ടാവ് എ.ടി.എം കുത്തിത്തുറക്കുന്നതായുള്ള സന്ദേശം ബാങ്ക് അധികൃതർക്ക് ലഭിച്ചു.
ഇതുടൻ ബാങ്ക് അധികൃതർ ആര്യങ്കോട് പൊലീസിനെ അറിയിക്കുകയും ചെയ്തു. എന്നാൽ പൊലീസ് എത്തുന്നതിനു മുമ്പുതന്നെ മോഷ്ടാവ് കടന്നിരുന്നു. സി.ഡി.എം മെഷീന്റെ മുൻഭാഗം തകർത്താണ് പണം കവരാൻ ശ്രമിച്ചത്.ഈ സമയത്ത് മെഷീനുള്ളിൽ 25 ലക്ഷത്തോളം രൂപയുണ്ടായിരുന്നതായി ബാങ്ക് അധികൃതർ പറഞ്ഞു. എന്നാൽ പണം നഷ്ടപ്പെട്ടിട്ടില്ല.
പുലർച്ചെയോടെ എസ്.ബി.ഐ ജീവനക്കാരും സ്ഥലത്തെത്തി. തുടർന്ന് നടത്തിയ സി.സി.ടിവി പരിശോധനയിൽ ഏകദേശം 45 വയസുള്ളയാളാണ് മോഷ്ടാവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
തലയും മുഖവും വെള്ളത്തുണികൊണ്ട് മറച്ചിരുന്നതായും പൊലീസ് . കൂടുതൽ അന്വേഷണത്തിനായി ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും സയന്റിഫിക് എക്സ്‌പേർട്ടുകളും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഇന്നലെ പുലർച്ചെ 12ഓടെ മോഷ്ടാവ് എ.ടി.എമ്മിനുള്ളിൽ കയറിയതായി സ്ഥീരികരിച്ചിട്ടുണ്ട്. ആര്യങ്കോട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
"
https://www.facebook.com/Malayalivartha























