ജസ്റ്റിസ് തോമസിന്റെ ശുപാർശ തളളിപ്പറഞ്ഞ് സി പി എം; നിയമ പരിഷ്ക്കരണ കമ്മീഷൻ ചെയർമാൻ സ്ഥാനത്ത് നിന്ന് ജസ്റ്റിസ് കെ.റ്റി. തോമസ് രാജിക്ക് തയ്യാറാറെന്ന് സൂചന

നിയമ പരിഷ്ക്കരണ കമ്മീഷൻ ചെയർമാൻ സ്ഥാനത്ത് നിന്ന് ജസ്റ്റിസ് കെ.റ്റി. തോമസ് രാജിക്ക് തയ്യാറായെന്ന് സൂചന. ജസ്റ്റിസ് തോമസിന്റെ ശുപാർശ സി പി എം തളളി പറഞ്ഞ സാഹചര്യത്തിലാണ് അദ്ദേഹം രാജിക്ക് സന്നദ്ധനായത് എന്നാണ് സൂചന.
അതിനിടെ ജസ്റ്റിസ് കെ റ്റി. തോമസ് അധ്യക്ഷനായ നിയമ പരിഷ്ക്കരണ കമ്മീഷന്റെ കാലാവധി എത്രയും വേഗം അവസാനിപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നു. കെ.റ്റി. തോമസിന്റെ കാലാവധി 3 വർഷമാണ്. അദ്ദേഹത്തെ എത്രയും വേഗം കെട്ടുകെട്ടിക്കാനാണ് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് ആലോചിക്കുന്നത്. രാജിവച്ചാൽ അത് ഉടൻ സ്വീകരിക്കും.
കമ്മീഷൻ സമർപ്പിക്കുന്ന ചർച്ച് ആക്റ്റ് ഒരു കാരണവശാലും നടപ്പാക്കുകയില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇതിനിടെ അറിയിച്ചു. കമ്മീഷനോടുള്ള അത്യപ്തി അദ്ദേഹം വ്യക്തമാക്കി.
ചർച്ച് പ്രോപ്പർട്ടി ബിൽ സർക്കാരിന് സമർപ്പിച്ചിട്ടില്ലെന്ന നിയമ പരിഷ്ക്കരണ കമ്മീഷന്റെ പത്ര പ്രസ്താവന സർക്കാർ നിർദ്ദേശാനുസരണമാണ്. ഇതിന് ജ.തോമസിന്റെ അംഗീകാരം ഉണ്ടായിരുന്നില്ല. കേരള നിയമ പരിഷ്‌കരണ കമ്മീഷൻ ചർച്ച് പ്രോപ്പർട്ടി ബിൽ സർക്കാരിന് സമർപ്പിച്ചിട്ടില്ലെന്നാണ് കമ്മീഷൻ വൈസ് ചെയർമാൻ കെ. ശശിധരൻ നായർ അറിയിച്ചത് . കൂടാതെ മാർച്ച് ഏഴിനും എട്ടിനും ഇതു സംബന്ധിച്ച് പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം സ്വീകരിക്കുമെന്ന മാധ്യമവാർത്തകളും തെറ്റാണത്രേ.
കരട് ബിൽ കമ്മീഷന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച് ഓൺലൈനായി പൊതുജനാഭിപ്രായം സ്വീകരിക്കാൻ മാത്രമാണ് കമ്മീഷൻ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. മുൻ നിയമ സെക്രട്ടറിയായ ശശിധരൻ നായർ സി പി എം സഹയാത്രികനാണ്. ജില്ലാ ജഡ്ജിയെന്ന നിലയിൽ ശ്രദ്ധേയ സംഭാവനകൾ നൽകിയ നിയമജ്ഞനാണ് ശശിധരൻ നായർ. അദ്ദേഹത്തെ വി എസ് അച്ചുതാനന്ദൻ സർക്കാർ സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണറാക്കി. പിണറായി സർക്കാർ അദ്ദേഹത്തെ നിയമ പരിഷ്ക്കരണ കമ്മീഷൻ അംഗമാക്കി.
ചർച്ച് പോപ്പർട്ടി ആക്റ്റിനുള്ള ശുപാർശ ദൂര വ്യാപക പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും. കേരളത്തിൽ ഹൈന്ദവർ സംസ്ഥാന സർക്കാരിന് പുർണമായും എതിരായി കഴിഞ്ഞു. ശബരിമല വിഷയത്തിൽ സംഭവിച്ച അപകടം കൈകാര്യം ചെയ്യാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞിട്ടില്ല. അതിനിടയിലാണ് ക്രൈസ്തവരെ പിണക്കാനുള്ള ഒരു പണി കെ.റ്റി. തോമസ് പറ്റിച്ചത്.
കെ.റ്റി.തോമസ് മദ്ബഹയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് വാദിക്കുന്നയാളാണ് . ശബരിമല വിഷയത്തിലുണ്ടായ സുപ്രീം കോടതി വിധിയെ അദ്ദേഹം സ്വാഗതം ചെയ്തിരുന്നു. പണ്ടും കെ റ്റി തോമസ് പള്ളിക്കെതിരെ സംസാരിക്കുന്ന ന്യായാധിപനാണ്. ആചാരങ്ങളിലെ അസമത്വത്തിനെതിരെ നിരന്തരം സംസാരിക്കുന്ന കെ.റ്റി. തോമസാണ് ശബരിമലയിലെ തന്ത്രിയും ദേവസ്വം ബോർഡും തമ്മിലുള്ള തർക്കം പരിഹരിച്ചത്. സുപ്രീം കോടതി ന്യായാധിപൻ എന്ന നിലയിൽ കെ.റ്റി. തോമസിന്റെ പ്രവർത്തനങ്ങൾ ഇന്നും ഓർമ്മിക്കപ്പെടുന്നു.
ജസ്റ്റിസ് ജെ.ബി. കോശിയെയാണ് ആദ്യം നിയമ കമ്മീഷൻ ചെയർമാനാക്കാൻ സർക്കാർ ആലോചിച്ചത്. എന്നാൽ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി വിരമിക്കുമ്പോൾ അദ്ദേഹം ഹർത്താലുമായി ബന്ധപ്പെട്ട വിഷയത്തിൽ സി പി എമ്മിനെതിരെ നിലപാടെടുത്തു. അങ്ങനെയാണ് അദ്ദേഹത്തെ ചെയർമാൻ സ്ഥാനത്ത് നിയമിക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിൻമാറിയത് .എന്നാൽ കെ.റ്റി. തോമസിനെ നിയമിച്ചത് ഇത്രയും വലിയ തലവേദനയാകുമെന്ന് സർക്കാർ കരുതിയില്ല.
ജസ്റ്റിസ് കോശിയെ ഒഴിവാക്കി ജസ്റ്റിസ് സിറിയക് ജോസഫിനെ ലോകായുക്തയാക്കിയതും പള്ളിക്കാരോടുള്ള പിണറായിയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ്. പള്ളിവക സ്വത്ത് കൈകാര്യം ചെയ്യാൻ ദേവസ്വം ബോർഡിന്റെയും വഖഫ് ബോർഡിന്റയും മാതൃകയിൽ ഒരു സർക്കാർ സംവിധാനത്തിന് രൂപം നൽകാനാണ് കമ്മീഷൻ ശുപാർശ ചെയ്യുന്നത്. അച്ചുതാനന്ദൻ സർക്കാരിന്റെ കാലത്ത് 2009 ൽ ഇത്തരമൊരു നീക്കം നടത്തിയിരുന്നു.അന്ന് കോടിയേരിയായിരുന്നു ആദ്യന്തര മന്ത്രി. അന്നും അദ്ദേഹം നീക്കത്തെ എതിർത്തിരുന്നു. ഇപ്പോൾ കമ്മീഷനെതിരെ പിണറായിക്ക് മുമ്പേ കോടിയേരി രംഗത്തെത്താനുള്ള കാരണവും ഇതാണ്.
മുമ്പ് എ കെ ആന്റണി സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനാകാൻ ജ. തോമസിനോട് ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം നിരാകരിച്ചിരുന്നു. ഒരു സ്ഥാനത്തിനും പിറകെ പോകുന്നയാളല്ല തോമസ്. ഒരു രാഷ്ട്രീയ കക്ഷിക്കും മുന്നിൽ വഴങ്ങുകയുമില്ല. ചർച്ച് ആക്റ്റിനെതിരെ പള്ളികളിൽ ഇടയലേഖന വായനയും ഉപവാസവും നടക്കാനിരിക്കുകയാണ്.
https://www.facebook.com/Malayalivartha























