ഓച്ചിറയില്‍ നിന്നും രാജസ്ഥാൻ സ്വദേശികളുടെ മകളായ പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ ഗുണ്ടാസംഘം; തട്ടിക്കൊണ്ടുപോകാൻ നേതൃത്വം നൽകിയ ക്രിമിനൽ കേസ് പ്രതി പ്യാരിക്കെതിരെ കാപ്പ ചുമത്തും

ഓച്ചിറയില്‍ നിന്നും രാജസ്ഥാൻ സ്വദേശികളുടെ മകളായ പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ ഗുണ്ടാസംഘമെന്ന് പോലീസ്. തട്ടിക്കൊണ്ടുപോകാൻ നേതൃത്വം നൽകിയ ക്രിമിനൽ കേസ് പ്രതി പ്യാരിക്കെതിരെ കാപ്പ ചുമത്തും. പെണ്‍കുട്ടിയെ കണ്ടെത്താൻ ബംഗളൂരു കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. രാജസ്ഥാനി കുടുംബത്തിലെ പെണ്‍കുട്ടിയെ കഴിഞ്ഞ തിങ്കളാഴ്ച വീട്ടിൽ അതിക്രമിച്ച് കയറിയ നാലംഗ സംഘം തട്ടിക്കൊണ്ടു പോയെന്നാണ് പരാതി.
വലിയകുളങ്ങരയിൽ ഇവർ താമസിച്ചിരുന്ന ഷെഡിന് മുന്നിലെത്തിയ നാലംഗ സംഘം പിതാവിനെ മർദ്ദിച്ച ശേഷം പതിമൂന്നുകാരിയായ കുട്ടിയെ കടത്തിക്കൊണ്ടു പോവുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന അനന്തു, വിപിൻ എന്നിവരെ ഇന്നലെ രാത്രി പോലീസ് പിടികൂടി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായവരാണ് പെണ്‍കുട്ടിയെ കടത്തിക്കൊണ്ടു പോയതിന് പിന്നിലെന്ന് പൊലീസ് പറയുന്നു. സംഘത്തിലെ പ്രധാനി ഓച്ചിറ സ്വദേശി പ്യാരിക്കെതിരെ പോലീസ് കേരള ആന്റി സോഷ്യൽ ആക്ടിവിറ്റിസ് പ്രിവൻഷൻ ആക്ട് ചുമത്തും. നിരവധി ഗുണ്ടാ ആക്രമണ കേസുകളിൽ പ്രതിയാണ് ഇയാൾ.
സംഘത്തിലുൾപ്പെട്ട മുഹമ്മദ് റോഷനുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നുവെന്നും പൊലീസ് പറയുന്നു. ഇയാൾ പെണ്‍കുട്ടിയുമായി ബംഗളൂരുവിലേക്ക് കടന്നുവെന്നാണ് കസ്റ്റഡിയിൽ ഉള്ളവരിൽ നിന്നും പൊലീസിന് ലഭിച്ചിരിക്കുന്ന സൂചന. പ്രത്യേക അന്വേഷണ സംഘം ബംഗളൂരുവിലെത്തി അന്വേഷണം ആരംഭിച്ചു. അന്വേഷണം ഊർജ്ജിതമാക്കാൻ ഡി.ജി.പിയും നിർദ്ദേശം നൽകിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























