സൗദിയില്‍ ഹൃദയാഘാതം മൂലം മരിച്ച യുവാവിന്റെ മൃതദേഹം സംസ്‌കരിക്കാന്‍ നാട്ടിലെത്തിച്ച് പെട്ടി തുറന്നപ്പോള്‍ കണ്ടത് ശ്രീലങ്കന്‍ യുവതിയുടെ മൃതദേഹം; നാട്ടുകാരും വീട്ടുകാരും ഞെട്ടലില്‍- അന്യരാജ്യക്കാരിയുടെ മൃതദേഹം മടക്കികൊണ്ടുപോകാന്‍ കടമ്പകള്‍ ഏറെ...

വിദേശത്ത് മരിച്ച യുവാവിന്റെ മൃതദേഹം മാറി എത്തിച്ചു. യുവാവിന്റെ മൃതദേഹത്തിന് പകരം യുവതിയുടെ മൃതദേഹമാണ് എത്തിച്ചത്. സൗദിയില്‍ വെച്ച് മരിച്ച കോന്നി കുമ്മണ്ണൂര്‍ സ്വദേശി റഫീഖിന്റെ മൃതദേഹത്തിന് പകരമാണ് യുവതിയുടെ മൃതദേഹം കൊണ്ടു വന്നത്. വീട്ടില്‍ കൊണ്ടുവന്ന് പെട്ടി തുറന്നപ്പോഴാണ് മൃതദേഹം മാറിയ വിവരം അറിയുന്നത്. അന്വേഷണത്തില്‍ എത്തിയിരിക്കുന്നത് ശ്രീലങ്കന്‍ യുവതിയുടെ മൃതദേഹമാണെന്ന് വ്യക്തമായി.
ഫെബ്രുവരി 27 സൗദിയില്‍ ഹൃദയാഘാതം മൂലം നിര്യാതനായ കോന്നി കുമ്മണ്ണൂര്‍ ഈട്ടിമൂട്ടില്‍ റഫീഖിന്റെ(28) മൃതദേഹമാണ് മാറിയത്. ബുധനാഴ്ച രാത്രി 10 മണിക്കാണ് മൃതദേഹം കുമ്മണ്ണൂരിലെ വസതിയില്‍ കൊണ്ടുവന്നത്. പെട്ടിയുടെ പുറത്ത് രേഖപ്പെടുത്തിയിരുന്ന മേല്‍വിലാസവും പാസ്‌പോര്‍ട്ട് നമ്പരുമെല്ലാം റഫീഖിന്‍േറതായിരുന്നു. പെട്ടി തുറന്നപ്പോളാണ് യുവതിയുടേതാണെന്ന് മനസിലായത്.
സൗദി എയര്‍ലൈന്‍ വിമാനത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി വീട്ടിലെത്തിക്കുകയായിരുന്നു. മൃതദേഹം ശുചിയാക്കി എംബാം ചെയ്യുന്നതിനായി കൊണ്ടുപോകുമ്പോഴും കുഴപ്പമില്ലായിരുന്നുവെന്ന് ഗള്‍ഫില്‍ ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നു. എംബാം ചെയ്ത് പെട്ടിയിലാക്കിയിടത്താണ് മാറ്റം സംഭവിച്ചതെന്നാണ് നിഗമനം.
കുമ്മണ്ണൂരിലെ വസതിയിലെത്തിയ പൊലീസ് മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അന്യരാജ്യക്കാരിയുടെ മൃതദേഹമായതിനാല്‍ അത് മടക്കികൊണ്ടുപോകുന്നതിന് നിയമതടസം ഏറെയാണെന്ന് പൊലീസ് പറയുന്നു.
https://www.facebook.com/Malayalivartha
























