സി.പി.എം കാരണം കേരളത്തില്‍ സ്ത്രീകള്‍ക്ക് ജീവിക്കാന്‍ വയ്യെന്നും പാര്‍ട്ടി ഓഫീസുകള്‍ ബലാത്സംഗ കേന്ദ്രങ്ങളായി മാറിയിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു

സി.പി.എം കാരണം കേരളത്തില്‍ സ്ത്രീകള്‍ക്ക് ജീവിക്കാന്‍ വയ്യെന്നും പാര്‍ട്ടി ഓഫീസുകള്‍ ബലാത്സംഗ കേന്ദ്രങ്ങളായി മാറിയിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഇക്കാര്യം പറയുന്നതില്‍ ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവല്ലയിലും ഓച്ചിറയിലും ഇന്നലെ പാലക്കാട്ടും സംഭവിച്ച കാര്യങ്ങള്‍ വ്യക്തമാക്കുന്നത് ഇതാണ്. സര്‍ക്കാര്‍ സ്ത്രീ സുരക്ഷയെക്കുറിച്ച് പറയുമ്പോഴാണ് ഇതൊക്കെ നടക്കുന്നത്. അടുത്ത കാലത്ത് നടന്ന വനിതാ ആക്രമണത്തിന്റെ അവസാനത്തെ ഉദാഹരമാണ് പാലക്കാട് പാര്‍ട്ടിഓഫീസില്‍ നടന്നത്. സംഭവത്തില്‍ ശക്തമായ അന്വേഷണം നടത്തി പ്രതിക്കെതിരെ നിയമനടപടിയും ഇരിക്ക് നീതിയും ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു.
കേരളത്തില്‍ യുഡിഎഫിനെ നാല് മണ്ഡലങ്ങളില്‍ ബിജെപി സഹായിക്കുന്നെന്നും കൂട്ടുകെട്ടാണെന്നുമുള്ള കോടിയേരിയുടെ ആരോപണവും ചെന്നിത്തല നിരാകരിച്ചു. കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യമെടുക്കലാണിത്. ശത്രുവിന്റെ ശത്രു മിത്രമാണല്ലോ. സിപിഎമ്മും ബിജെപിയും ചേര്‍ന്ന് യുഡിഎഫിന്റെ സീറ്റ് കുറയ്ക്കാന്‍ ശ്രമിക്കുകയാണ്. ഇരുവരും തമ്മില്‍ നിരന്തരമായ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. കേരളത്തില്‍ ഇരുപതില്‍ 20 സീറ്റും യു.ഡി.എഫ് നേടുന്ന രീതിയിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നതെന്നും ചെന്നിത്തല ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. സ്ത്രീ സുരക്ഷയും വനിതാ ശാക്തീകരണവും മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിന്റെ പാര്‍ട്ടി ഓഫീസുകളില്‍ പോലും സ്ത്രീകള്‍ക്ക് സുരക്ഷയില്ലാതായി മാറിയിരിക്കുകയാണ്.
പാലക്കാട് ജില്ലയിലെ ഷൊര്‍ണൂര്‍ ഏര്യാകമ്മിറ്റി ഓഫീസില്‍ വെച്ച് ഡിവൈഎഫ്‌ഐ വനിതാ നേതാവിനെ പി.കെ ശശി എം.എല്‍.എ ലൈംഗികമായി അതിക്രമിച്ചത് വലിയ വിവാദമായിരുന്നു. പെണ്‍കുട്ടി പാര്‍ട്ടിക്ക് പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ല. തുടര്‍ന്ന് കേന്ദ്രകമ്മിറ്റിയെ സമീപിച്ചതോടെ സംസ്ഥാന കമ്മിറ്റി മന്ത്രി എ.കെ ബാലനെയും പി.കെ ശ്രീമതിയെയും കമ്മീഷന്‍ അംഗങ്ങളായി നിയമിച്ചു. പരാതി പൊലീസിന് കൈമാറണമെന്ന് പൊതുസമൂഹത്തിന്റെ ആവശ്യം സി.പി.എം അംഗീകരിച്ചില്ല. സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസ് എടുത്തില്ല. ശബരിമല വിഷയത്തില്‍ ഭരണഘടന സംരക്ഷിക്കാന്‍ ഇറങ്ങിത്തിരിച്ച സര്‍ക്കാരും പാര്‍ട്ടിയും അവസാനം പാര്‍ട്ടി ഭരണഘടന അനുസരിച്ച് പി.കെ ശശിയെ പുറത്താക്കുകയായിരുന്നു.
അതിന് പിന്നാലെയാണ് പാലക്കാട് പാര്‍ട്ടി ഓഫീസില്‍ വെച്ച് താന്‍ പീഡനത്തിനിരയായെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയത്. ഓച്ചിറയില്‍ നാടോടി കച്ചവടക്കാരുടെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയത് സി.പി.ഐ നേതാവിന്റെ മകന്റെ നേതൃത്വത്തിലാണെന്ന് വ്യക്തമായി. ഇക്കാര്യങ്ങളെല്ലാം തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് വലിയ തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസും യു.ഡി.എഫും. അതേസമയം പികെ കുഞ്ഞാലിക്കുട്ടിക്കെതിരായ ഐസ്‌ക്രീംപാര്‍ലര്‍ കേസ് സര്‍ക്കാര്‍ ഒതുക്കി തീര്‍ക്കുകയും ചെയ്തു. മലപ്പുറം ഡി.സി.സി ഓഫീസില്‍ ജീവനക്കാരി കൊല്ലപ്പെട്ട സംഭവം വീണ്ടും കുത്തിപ്പൊക്കാനുള്ള നീക്കത്തിലാണ് സി.പി.എം.
https://www.facebook.com/Malayalivartha
























