കറുകച്ചാലിലെ അപകടം: രാത്രി ഒന്‍പതിന് വീട്ടിലെത്തുമെന്ന് അറിയിച്ച മകനെ കണ്ടത് ആശുപത്രിയില്‍ ചേതനയറ്റ നിലയില്‍...കറുകച്ചാലിലെ അപകടം

സ്‌കൂട്ടറില്‍ യാത്രയ്ക്കുപോയ മക്കളെ കാത്തിരുന്ന മാതാപിതാക്കള്‍ കേട്ടത് അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചെന്ന വിവരം. ആശുപത്രിയില്‍ എത്തിയ പിതാവിന്റെ കരച്ചില്‍ അടുത്ത നിന്നവരുടെയും കണ്ണുകളെ ഈറനണിയിച്ചു. ആ അപകടത്തില്‍ മരിച്ച മറ്റൊരു യുവാവിന്റെ മാതാപിതാക്കള്‍കൂടി ആശുപത്രിയില്‍ എത്തിയതോടെ വികാരതീവ്രമായ രംഗങ്ങളാണ് ഉണ്ടായത്.
ഇന്നലെ അര്‍ധരാത്രിയില്‍ മെഡിക്കല്‍ കോളജ് ആശുപത്രി അത്യാഹിത വിഭാഗം റെഡ് സോണിലായിരുന്നു സംഭവം. കറുകച്ചാല്‍ ദൈവംപടിയില്‍ ബൈക്കും സ്‌കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ കറുകച്ചാല്‍ പൂവത്തുംമൂട്ടില്‍ താന്നിക്കല്‍ മധുവിന്റെ മൂത്തമകന്‍ നിഥിന്‍ (23) മരിക്കുകയും, ഇളയ മകന്‍ ജിതിന് (18) പരിക്കേല്‍ക്കുകയുംചെയ്തു. മക്കള്‍ രണ്ടു പേരും രാത്രി ഒന്‍പതിന് വീട്ടിലെത്തുമെന്ന് മാതാപിതാക്കളെ അറിയിച്ചിരുന്നതാണ്.
സമയം കഴിഞ്ഞിട്ടും മക്കളെ കാണാതിരുന്നതിനെ തുടര്‍ന്ന് മൊബൈല്‍ ഫോണിലേയ്ക്ക് വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. ഇതിനിടയില്‍ അപകട വിവരം ഇവരുടെ സുഹൃത്തുക്കള്‍ അറിഞ്ഞ് ആശുപത്രിയിലെത്തി. മരണം ഉറപ്പായ ശേഷം നിഥിന്റെ രക്ഷിതാക്കളെ ആശുപത്രിയില്‍ എത്തിക്കുകയായിരിന്നു.
അര്‍ധരാത്രിയോടെ അത്യാഹിത വിഭാഗത്തിലെ റെഡ് സോണിലെത്തി മരിച്ചു കിടക്കുന്ന നിഥിനെ കണ്ടപ്പോള്‍ നിയന്ത്രണം വിട്ട മാതാപിതാക്കള്‍ തളര്‍ന്നുവീണു. വളരെ പ്രയാസപ്പെട്ടാണ് ഇവരെ മുറിയുടെ പുറത്ത് എത്തിച്ചത്. രോഗികളുടെ കൂട്ടിരിപ്പുകാര്‍ വിശമിക്കുന്ന കസേരകളില്‍ ഇരുത്തുവാന്‍ നിഥിന്റെ സുഹൃത്തുക്കള്‍ ശ്രമിച്ചെങ്കിലും അവിടെയിരിക്കാന്‍ തയ്യാറാകാതെ നിയന്ത്രണാതീതമായി കരയുകയായിരുന്നു.
ഇതിനിടയിലാണ് ഈ അപകടത്തില്‍ മരിച്ച ബൈക്ക് യാത്രികനായ ദൈവത്തുംപടി വത്തിക്കക്കുന്നേല്‍ ധനരാജിന്റെ ( 35 ) ബന്ധുക്കളും കൂടി എത്തിയത്. അതോടെ ആശുപത്രി പരിസരം കൂട്ടക്കരച്ചിലില്‍ മുങ്ങി. എല്ലാവരേയും നിയന്ത്രിച്ച് മടക്കി കൊണ്ടുപോകാന്‍ നാട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും വളരെ പണിപ്പെടേണ്ടിവന്നു.
https://www.facebook.com/Malayalivartha
























