നായാടംപൊയിലില്‍ എത്തിയ മാവോയിസ്റ്റ് സംഘത്തിനായി തെരച്ചില്‍ ഊര്‍ജിതമാക്കി തണ്ടര്‍ബോള്‍ട്ട്

നിലമ്പൂര്‍ കക്കാടംപൊയില്‍ ചെമ്പോത്തി മലയുടെ താഴ്‌വാരത്തിലുള്ള നായാടംപൊയില്‍ മുതുവാന്‍ കോളനിയില്‍ മൂന്നംഗ മാവോയിസ്റ്റ് സംഘമെത്തിയ വിവരത്തെത്തുടര്‍ന്നു തണ്ടര്‍ബോള്‍ട്ട് തെരച്ചില്‍ ഊര്‍ജിതമാക്കി. കഴിഞ്ഞദിവസം രാത്രി എട്ടുമണിയോടെയാണ് സംഘം കോളനിയിലെത്തിയത്.
കക്കാടംപൊയില്‍-നായാടംപൊയില്‍ മേഖലയില്‍ ആദ്യമായാണ് മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടാകുന്നത്. കോളനിയിലെ കേലന്റെ വീട്ടിലാണ് തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ മൂന്നംഗസംഘം എത്തിയത്. പിന്നീട് സമീപത്തെ ബിനുവിന്റേയും ബിനുവിന്റെ അമ്മാമന്‍ സുരേന്ദ്രന്റേയും വീട്ടിലെത്തി. മൂന്ന് പേരുടെ കയ്യിലും ആയുധമുണ്ടായിരുന്നു. എ.കെ.47 ഇനം തോക്കും നാടന്‍ തോക്കുമുണ്ടായിരുന്നതായി ഇവര്‍ പറഞ്ഞു.
കൂട്ടത്തില്‍ ഒരാള്‍ മലയാളവും രണ്ടുപേര്‍ തമിഴ് കലര്‍ന്ന മലയാളവുമാണ് സംസാരിച്ചിരുന്നത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ വനത്തിലുള്ളതായും ഭക്ഷണം തീര്‍ന്നതായും മാവോയിസ്റ്റുകള്‍ പറഞ്ഞു. തുടര്‍ന്നാണ് കോളനിക്കാര്‍ മൂന്ന് പേര്‍ക്ക് ആവശ്യത്തിന് ഭക്ഷണം വെച്ചു നല്‍കിയത്. അരി, വെളിച്ചെണ്ണ, മുളകുപൊടി, മല്ലിപ്പൊടി, പഞ്ചസാര, തക്കാളി, കിഴങ്ങ്, സബോള, സോപ്പ് തുടങ്ങി 25 കിലോയോളം വിവിധ സാധനങ്ങള്‍ കോളനിക്കാരില്‍ നിന്ന് ശേഖരിച്ചുകൊണ്ടുപോയി.
18 ആദിവാസി കുടുംബങ്ങളാണ് ഇവിടെയുള്ളത്. മാവോയിസ്റ്റുകള്‍ വന്നതില്‍ ഇവര്‍ക്ക് ആശങ്കയില്ലെന്നും മാന്യമായാണ് തങ്ങളോട് അവര്‍ സംസാരിച്ചതെന്നും കോളനിക്കാര്‍ പറഞ്ഞു.മാവോയിസ്റ്റ് മലയാളിയായ സോമന്‍, കര്‍ണാടക സ്വദേശി വിക്രംഗൗഡ, കോയമ്പത്തൂര്‍ സ്വദേശി സന്തോഷ് തുടങ്ങിയവരാണ് നായാടംപൊയിലിലെത്തിയതെന്ന് പോലീസിന് സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തിവരുന്നു.
https://www.facebook.com/Malayalivartha
























