ലഹരിമരുന്ന് കേസുകളിലെ വർദ്ധനവിനെ തുടർന്ന് സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

സംസ്ഥാനത്ത് ലഹരി മരുന്ന് കേസുകളിലെ വർദ്ധനവിനെ തുടർന്ന് ഹൈകോടതി സ്വമേധയാ കേസെടുത്തു.. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് കേസെടുത്തത്. ഒരു പ്രമുഖ മാധ്യമത്തിൽ വന്ന മുഖപ്രസംഗം ഉൾപ്പെടെ പരിഗണിച്ചാണ് ഡിവിഷൻ ബെഞ്ച് കേസെടുത്തിരിക്കുന്നത്.
എൻ. രാമചന്ദ്രൻ ജസ്റ്റിസ് പി.ആർ. രാമചന്ദ്രമേനോന് എഴുതിയ കത്താണ് സ്വമേധയാ ഹർജിയായി പരിഗണിക്കാൻ തീരുമാനിച്ചത്. ഇക്കാര്യത്തിൽ വേഗത്തിൽ നടപടി അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖപ്രസംഗവും പരിഗണിച്ചത്.
' ഹർജിയിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളെയും ഡി.ജി.പി, എക്സൈസ് കമ്മിഷണർ, ഹെൽത്ത് സർവീസ് ഡയറക്ടർ, ഡ്രഗ്സ് കൺട്രോളർ, നർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഡയറക്ടർ ജനറൽ എന്നിവരെയും കക്ഷി ചേർക്കാൻ കോടതി നിർദേശിച്ചു. പൊതുതാത്പര്യ സ്വഭാവമുള്ള ഹർജിയെന്ന നിലയിൽ ഉചിതമായ ബെഞ്ചിന് വിടാൻ ഹൈക്കോടതി രജിസ്ട്രിക്ക് ഡിവിഷൻ ബെഞ്ച് നിർദേശം നൽകി.
മയക്കുമരുന്നിന്റെ ലഹരിയിൽ സംസ്ഥാനത്ത് അടുത്തിടെ അരങ്ങേറിയ കുറ്റകൃത്യങ്ങളെക്കുറിച്ച് കത്തിൽ പറയുന്നുണ്ട്. ലഹരി മരുന്നിന്റെ ഉപഭോഗം കണ്ടെത്താനുള്ള ഉപകരണങ്ങൾ കേരളത്തിലില്ല.
ഗുജറാത്തിലെ വഡോദരയിൽ ഇതു കണ്ടെത്താൻ പരിശോധനാ കിറ്റ് പൊലീസിന് ലഭ്യമാക്കിയിട്ടുണ്ടെന്നും ഇത്തരം കിറ്റുകൾ കേരളത്തിൽ ലഭ്യമാക്കണമെന്നും കത്തിൽ പറയുന്നുണ്ട്.
ഇത്തരം കിറ്റുകൾ ലഭ്യമാക്കുന്നതിനു പുറമേ ലഹരി മരുന്നു വിപത്തിനെ നേരിടാനുള്ള കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഫണ്ടിന്റെ വിനിയോഗം, ഇതിനെ നേരിടാനുള്ള ഭാവി കർമ്മപരിപാടി തുടങ്ങിയവയൊക്കെ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും. ലഹരി മരുന്നു വിപത്തിനെ നേരിടാൻ നിലവിലെ സംവിധാനം ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ നവീകരിക്കേണ്ടി വന്നേക്കാമെന്നും കോടതി അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha
























