ഡാമിന്റെ റിമോട്ട് സ്വിച്ച് ഓണാക്കി വെള്ളം തുറന്നുവിട്ടു; ആരോടെങ്കിലും വെറുപ്പ് തോന്നിയാൽ അവരുടെ വസ്തുവകകൾ തീയിട്ട് നശിപ്പിക്കുന്ന ഇരുപത്തിനാലുകാരനെ പോലീസ് പൊക്കിയപ്പോൾ...

പെരുന്തേനരുവി ഡാമിന്റെ ഷട്ടര്‍ തുറന്നുവിട്ട സംഭവത്തിൽ പ്രതി വെച്ചൂച്ചിറ ഇടത്തിക്കാവ് പെരുങ്ങാവിൽ അജീഷ് ജോസഫ് വ്യക്തി വൈരാഗ്യത്തിന്റെ പേരിലാണ് ഡാമിന്റെ ഷട്ടര്‍ തുറന്നുവിട്ടതെന്ന് പോലീസിനോട് സമ്മതിച്ചിരുന്നു. കഴിഞ്ഞ മാസം പന്ത്രണ്ടാം തിയതിയാണ് ഡാമിന്റെ റിമോട്ട് സ്വിച്ച് ഓണാക്കി അജീഷ് വെള്ളം തുറന്നുവിട്ടത്. പെരുന്തേനരുവി പതാക്കൽ വീട്ടിൽ റോയിയുടെ വള്ളം തീവച്ച് നശിപ്പിക്കുകയും ചെയ്തു. വള്ളം കത്തിച്ചതിന് പെരുനാട് പൊലീസും ഷട്ടർ ഉയർത്തി വെള്ളം തുറന്നുവിട്ടതിന് വെച്ചൂച്ചിറ പൊലീസും കേസെടുത്തു.
പൊതുമുതല്‍ നശിപ്പിച്ചതിനും പദ്ധതി പ്രദേശത്ത് അതിക്രമിച്ച് കയറിയതിനും നാശം വരുത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്. ജില്ലാ പൊലീസ് മേധാവിയുടെ നിഴൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അജീഷിനെപ്പറ്റി സൂചന ലഭിക്കുന്നത്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ അജീഷ് കുറ്റം സമ്മതിച്ചു.
ആരോടെങ്കിലും വെറുപ്പ് തോന്നിയാൽ അവരുടെ വസ്തുവകകൾ തീയിട്ട് നശിപ്പിക്കുന്നതാണ് ഇയാളുടെ രീതി. ലഹരിക്കടിമയാണ് അജീഷെന്ന് പൊലീസ് പറഞ്ഞു. ഇടത്തിക്കാവ് പല്ലിപ്പുഴ മാത്യുവിന്റെ വീട് തീവെച്ചു നശിപ്പിച്ചതും ഇയാളാണെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു.
https://www.facebook.com/Malayalivartha
























