ഓച്ചിറയിൽ പതിമൂന്നുകാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ മൂന്ന് പ്രതികളെ റിമാൻഡ് ചെയ്തു

ഓച്ചിറയിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ മകളായ പതിമൂന്നുകാരിയായ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അറസ്റ്റിലായ മൂന്ന് പ്രതികളെ കുരുനാഗപ്പള്ളി ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. ഓച്ചിറ പായിക്കുഴി, മോഴൂർത്തറയിൽ പ്യാരി (19), ചങ്ങൻകുളങ്ങര തണ്ടാശേരിൽ തെക്കതിൽ വിപിൻ (20), പായിക്കുഴി, കുറ്റിത്തറയിൽ അനന്തു (20) എന്നിവരെയാണ് റിമാൻഡ് ചെയ്തത്.
നിരവധി കേസുകളിൽ പ്രതിയായ പ്യാരിക്കെതിരേ കാപ്പ നിയമം ചുമത്തുമെന്നും പോലീസ് പറഞ്ഞു. കേസിലെ ഒന്നാംപ്രതി ഓച്ചിറ മേമന തെക്ക് കന്നിട്ടയിൽ മുഹമ്മദ് റോഷനെ(20)യും പെൺകുട്ടിയെയും കണ്ടെത്താനായില്ല. ഇവർ ബെംഗളൂരുവിൽ ഉണ്ടെന്ന നിഗമനത്തിൽ പോലീസ് അവിടെ തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് .
മുഹമ്മദ് റോഷന്റെ ബന്ധുവിനെ അവിടെനിന്ന് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. മുഹമ്മദ് റോഷൻ ഇയാളുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നതായി സൈബർ സെൽ അറിയിച്ചതിനെ തുടർന്നാണ് ബന്ധുവിനെ കസ്റ്റഡിയിലെടുത്തത്. ബന്ധുവഴി പെൺകുട്ടിയെയും യുവാവിനെയും കണ്ടെത്താനാകുമെന്നാണ് പോലീസ് കരുതുന്നത്.
ഓച്ചിറയ്ക്കടുത്ത് പള്ളിമുക്കിൽ കരകൗശലവസ്തുക്കൾ നിർമിച്ച് വിൽക്കുന്ന രാജസ്ഥാൻ കുടുംബത്തിൽപ്പെട്ട പെൺകുട്ടിയെ തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് കാറിലെത്തിയ നാലംഗസംഘം തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷനും വനിതാ കമ്മിഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha
























